ഇന്ത്യ– ഓസിസ് ടെസ്റ്റ‌് പരമ്പരയ്ക്ക് തുടക്കം
ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് പൂനെയിൽ തുടക്കമാകും. തുടർച്ചയായ ഏഴാം പരമ്പര ജയം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ കങ്കാരുക്കളെ നേരിടുന്നത്. ബംഗ്ലാദേശിനെതിരെ കളിച്ച അതേ ടീമിനെ തന്നെയാകും പൂനെയിലും അണിനിരത്തുക.
ബാറ്റിംഗിലും ബോളിംഗിലും മിന്നുന്ന ഫോം തുടരുന്ന ഇന്ത്യയെ കീഴടക്കുക ഓസ്‍ട്രേലിയയ്ക്ക് ദുഷ്‍കരമാകും. നാല് വർഷം മുമ്പ് ഉപഭൂഖണ്ഡത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു.
ഓസ്ട്രേലിയയുടെ സഹോദരജോഡികളായ ഷോൺ മാർഷും മിച്ചൽ മാർഷും ഇന്ത്യയിൽ കളിക്കുന്നതു മാധ്യമ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. മൂന്നു പതിറ്റാണ്ടു മുൻപ് ഇവരുടെ പിതാവ് ജെഫ് മാർഷ് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര കളിച്ചതിന്റെ ഓർമ്മകളാണ് ഓടിയെത്തുന്നത്. 1986ലാണ് ജെഷ് മാർഷ് ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിനുപുറത്ത് ആദ്യമായി ടെസ്റ്റ് കളിക്കാൻ ഇന്ത്യയിൽ എത്തുന്നത്. അന്ന് മൂന്നു ടെസ്റ്റുകളും (ചെന്നൈ, ഡൽഹി, മുംബൈ) ആറ് ഏകദിനമൽസരങ്ങളും അടങ്ങിയ പരമ്പരയായിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റ് മുംബൈയിൽ നടന്നപ്പോൾ അദ്ദേഹം നേടിയ 101 റൺസിന്റെ ബലത്തിലാണ് ഓസിസ് പരാജയത്തിൽ കരകയറിയത്. ഇന്ത്യയ്ക്കെതിരെയും ന്യൂസീലൻഡിനെതിരെയും ഇന്ത്യൻ മണ്ണിൽ സെഞ്ചുറി നേടിയാണ് നാലാം ലോകകപ്പ് മായാത്ത ഓർമ്മയാക്കിയത്.