പള്‍സര്‍ സുനി തമിഴ്‌നാട്ടിൽ

പള്‍സര്‍ സുനി തമിഴ്‌നാട്ടിൽ

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനി തമിഴ്‌നാട്ടിലുണ്ടെന്ന് പോലീസ്. കൂട്ടാളിയായ വിജീഷും സുനിക്കൊപ്പമുണ്ടെന്നാണ് പൊലീസ് നിഗമനം. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഹണി ബീ ടു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരേയും പൊലീസ് ചോദ്യം ചെയ്യും.

കൊച്ചിയില്‍ നിന്ന് പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യസൂത്രധാരനായ പള്‍സര്‍ സുനി തമിഴ്‌നാട്ടിലാണെന്നാണ് പൊലീസിന്റെ നിലപാട്. പള്‍സര്‍ സുനിയുടെ കൂടെ കേസിലെ കൂട്ടാളിയായ വിജീഷും ഉണ്ടെന്ന് പോലീസ് കണക്ക് കൂട്ടുന്നു. പള്‍സര്‍ സുനി കോടതിയില്‍ ഹാജരായേക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ കോടതി പരിസരങ്ങളില്‍ പൊലീസ് നിരീക്ഷണം ഇന്നും ഏര്‍പ്പെടുത്തിയിരുന്നു.

അതേ സമയം നിലവിലെ സാഹചര്യത്തില്‍ പള്‍സര്‍ സുനി കീഴടങ്ങുന്നതാണ് നല്ലതെന്ന് സുനിയുടെ അഭിഭാഷകനായ ഇസി പൗലോസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഹണീബീ ടു സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

സിനിമാ മേഖലയില്‍ ക്രിമിനല്‍ പശ്ചാത്തലുള്ളവര്‍ കടന്നുവരാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ഫിലിം ചേമ്പറും വ്യക്തമാക്കിയിട്ടുണ്ട്.

സുനിയുടെ മൊബൈൽ നമ്പറുകളിൽ ഒന്ന് കോയമ്പത്തൂരിനടുത്തു പീളമേട്ടിലെ ടവർ ലൊക്കേഷനിൽ പ്രവർത്തിച്ചെന്ന സൂചനയെ തുടർന്ന് കോയമ്പത്തൂരും പാലക്കാടും കൂടുതൽ ടീമിനെ നിയോഗിച്ചു. ഇന്നലെ അർധരാത്രി കൊച്ചിയിലെ ഐ. പി, എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷനിൽ വീണ്ടും പോലീസിനെ വെട്ടിച്ചു പൾസർ സുനി കടന്നു കളഞ്ഞു എന്നാണ് അവസാനം കിട്ടിയ വാർത്ത.