രാജ്യസഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ പത്തു സീറ്റുകളിൽ ഒൻപതു സീറ്റിലും ബിജെപി വിജയിച്ചു . ഒരു സീറ്റിൽ സമാജ്‌വാജി പാർട്ടി(എസ്പി)ക്കും വിജയം . ചലച്ചിത്ര താരം ജയ ബച്ചനാണ് എസ്പി സീറ്റിൽ വിജയിച്ചത്. ജയ ബച്ചന് 38 ഉം ബിജെപി സ്ഥാനാർഥികൾ 39 ഉം വോട്ടുകൾ വീതം നേടി. എസ്പി – ബിഎസ്പി സഖ്യത്തിന്റെ ബലത്തിൽ വിജയം കാത്തിരുന്നവർക്ക് തിരിച്ചടി. നേരത്തെ ബിഎസ്പിയുടെയും എസ്പിയുടെയും ഒരോ എംഎൽഎമാർ കൂറുമാറി വോട്ടുചെയ്തിരുന്നു. അരുൺ ജയ്റ്റ്ലി, അശോക് ബാജ്പേയ്, വിജയ പാൽ സിങ് തോമർ, സകൽ ദീപ് രാജ്ഭർ, കന്ത കർഡം, അനിൽ ജയിൽ, ഹർനാഥ് സിങ് യാദവ്, ജി.വി.എൽ.നരസിംഹ റാവു, അനിൽ അഗർവാൾ എന്നിവരാണ് യുപിയിൽനിന്ന് ജയിച്ച ബിജെപി സ്ഥാനാർഥികൾ. ഈ തിരഞ്ഞെടുപ്പോടെ രാജ്യസഭയിൽ അംഗബലം കൂട്ടാനാകുമെന്ന ബിജെപിയുടെ പ്രതീക്ഷകൾ പൂവണിഞ്ഞു. നിലവിൽ സഭയിൽ 58 സീറ്റുള്ള ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. തിരഞ്ഞെടുപ്പു കഴിയുന്നതോടെ അംഗബലം എഴുപതിനും മുകളിലെത്തിയിട്ടുണ്ട്. അതേസമയം, 54 അംഗങ്ങളുള്ള കോൺഗ്രസിന്റെ കരുത്തു ചോരുന്ന സ്ഥിതിഗതിയാണ് നിലവിലുള്ളത്. എന്നാൽ, 245 അംഗ സഭയിൽ ഭൂരിപക്ഷം ഉറപ്പിക്കണമെങ്കിൽ സഖ്യകക്ഷികളും രാഷ്ട്രീയ സുഹൃത്തുക്കളും ബിജെപിയുടെ കൂടെ നിൽക്കേണ്ടത് ആവശ്യമാണ്. ലോക്സഭയിൽ വൻ ഭൂരിപക്ഷമുള്ളപ്പോഴും രാജ്യസഭയുടെ കടമ്പയിൽ തട്ടി പല നിയമനിർമാണങ്ങളും തടസ്സപ്പെടുന്നതു ബിജെപിയെ ശല്യപ്പെടുത്തുന്നുണ്ട്. അതിനിടെ, കർണാടകയിൽ 4 സീറ്റിൽ മൂന്നും കോൺഗ്രസ് കരസ്ഥമാക്കി. ഒരു സീറ്റിൽ ബിജെപിയും വിജയിച്ചു. റിട്ടേണിങ് ഓഫിസർ കോൺഗ്രസിന് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന ആരോപണവുമായി ജെഡിഎസ് വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു. തെലങ്കാനയിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) മൂന്നു സീറ്റുകളും കരസ്ഥമാക്കി. 108 അംഗ നിയമസഭയിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് 10 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളു. കോൺഗ്രസ് പോളിങ് ഏജന്റിനെ ബാലറ്റ് പേപ്പർ കാട്ടിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡി.പ്രകാശ് റെഡ്ഡിയുടെ വോട്ട് അസാധുവാക്കുകയും ചെയ്തു. അതേസമയം, ഒരേയൊരു സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പു നടന്ന കേരളത്തിൽ ജെഡിയു നേതാവ് എം.പി. വീരേന്ദ്രകുമാർ വിജയിച്ചു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പരാതിയുമായി പ്രതിപക്ഷം തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചെങ്കിലും ഫലമില്ലാതെ വന്നതോടെയാണ് വീരേന്ദ്രകുമാറിന്റെ വിജയം ഉറപ്പിച്ചത്. കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടന്നത്. 33 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തതിനാൽ 25 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നാലു മണിയോടെ അവസാനിച്ചത്. ധനമന്ത്രി അരുൺ ജയ്റ്റ്‍ലി ഉൾപ്പെടെ ഏഴു കേന്ദ്രമന്ത്രിമാരും ബിജെപി കേരളഘടകം മുൻ അധ്യക്ഷൻ വി.മുരളീധരനും (മഹാരാഷ്ട്ര) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരിലുണ്ട്.
നിലവിൽ പുറത്തുവന്ന ഫലങ്ങൾ :
∙ ഉത്തർപ്രദേശ്
അരുൺ ജയ്റ്റ്ലി, അശോക് ബാജ്പേയ്, വിജയ പാൽ സിങ് തോമർ, സകൽ ദീപ് രാജ്ഭർ, കന്ത കർഡം, അനിൽ ജയിൽ, ഹർനാഥ് സിങ് യാദവ്, ജി.വി.എൽ.നരസിംഹ റാവു, അനിൽ അഗർവാൾ (ബിജെപി), ജയ ബച്ചൻ (എസ്പി)
∙ കർണാടക
എൽ. ഹനുനന്തയ്യ, നാസർ ഹുസൈൻ, ജി.സി. ചന്ദ്രശേഖർ (കോൺഗ്രസ്), രാജിവ് ചന്ദ്രശേഖർ (ബിജെപി)
∙ തെലങ്കാന
ബി.പ്രകാശ്, ജെ.സന്തോഷ് കുമാർ, എ.ബി. ലിങ്കയ്യ യാദവ് (ടിആർഎസ്)
∙ ബംഗാൾ
ആബിർ രഞ്ജൻ ബിശ്വാസ്, സുഭാശിഷ് ചക്രബർത്തി, നദീമുൽ ഹഖ്, ശാന്തനു സെൻ (എല്ലാവരും തൃണമൂൽ കോൺഗ്രസ്), മനു അഭിഷേക് സിങ്‌വി (കോൺഗ്രസ്)
∙ ആന്ധ്രാപ്രദേശ്
സി.എം. രമേഷ് (തെലുങ്കുദേശം പാർട്ടി)
∙ ഛത്തീസ്ഗഡ്
സരോജ് പാണ്ഡെ (ബിജെപി)
∙ കേരളം
എം.പി. വീരേന്ദ്രകുമാർ (ജെഡിയു)
പത്തു സീറ്റുകളിലേക്കു തിരഞ്ഞെടുപ്പു നടക്കുന്ന ഉത്തർപ്രദേശിൽ പോരാട്ടത്തിന് വാശിയേറ്റി ഒരു ബിഎസ്പി എംഎൽഎയുടെയും ഒരു ബിജെപി എംഎൽഎയുടെയും വോട്ട് അസാധുവായി പ്രഖ്യാപിച്ചു. ബിജെപിക്കു ക്രോസ് വോട്ടു ചെയ്തതായി ബിഎസ്പി എംഎൽഎ അനിൽ കുമാർ സിങ്ങും വെളിപ്പെടുത്തിയതോടെ ബിഎസ്പി സ്ഥാനാർഥിയുടെ വിജയം അനിശ്ചിതത്വത്തിലായി. കോൺഗ്രസ് എംഎൽഎ നരേഷ് സയ്നിയും ബിജെപിക്കു ക്രോസ് വോട്ടു ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും താൻ ബിഎസ്പി സ്ഥാനാർഥിക്കാണ് വോട്ടു ചെയ്തതെന്ന് സെയ്നി പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കി. യുപിയിലെ സ്വതന്ത്ര എംഎല്‍മാരായ രാജാ ഭയ്യ, അമാൻ മണി ത്രിപാഠി എന്നിവരുടെ വോട്ടുകളിൽ ബിഎസ്പി കണ്ണുവച്ചിട്ടുണ്ടെങ്കിലും ഇരുവരും ബിജെപിക്കാണ് വോട്ടു ചെയ്തതെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.