ക്രിക്കറ്റിനോട് വിടപറയാൻ യുവരാജ് സിംഗ് ; 2019ൽ പ്രഖാപനം നടത്തിയേക്കും

yuvaraj singh

ഇന്ത്യന്‍ മധ്യനിരയിലെ അത്ഭുത താരമെന്നായിരുന്നു യുവരാജ് സിംഗ് അറിയപ്പെട്ടിരുന്നത്. സൗരവ് ഗാംഗുലിയെന്ന ദാദയുടെ ടീം ഇന്ത്യയുടെ ബ്രഹ്മാസ്ത്രമായിരുന്നു യുവി. പരാജയപ്പെടുമെന്ന് ഉറപ്പിച്ച മത്സരങ്ങള്‍ അത്ഭുതപ്രകടനത്തിലൂടെ ഇന്ത്യന്‍ വരുതിയിലാക്കുന്നതായിരുന്നു യുവിയുടെ സവിശേഷത.2011 ലോകകപ്പില്‍ ടീം ഇന്ത്യ മുത്തമിട്ടപ്പോ‍ള്‍ അതിന് പിന്നില്‍ ഏറെ വിയര്‍പ്പൊ‍ഴുക്കിയതും മറ്റാരുമായിരുന്നില്ല. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇന്ദ്രജാലം കാട്ടിയ യുവി മാന്‍ഓഫ്ദി സീരിസ് പുരസ്കാരവും സ്വന്തമാക്കിയിരുന്നു.എന്നാല്‍ ക‍ഴിഞ്ഞ കുറെ നാളായി യുവി ഫോമൗട്ടിലാണ്. ഇടയ്ക്കിടിയ്ക്ക് ടീമില്‍ തിരിച്ചെത്തുന്നുണ്ടെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനങ്ങളില്ലാത്തത് തിരിച്ചടിയായി. ഐപിഎല്‍ നടപ്പ് സീസണില്‍ പഞ്ചാബിനായി കളിക്കുന്നുണ്ടെങ്കിലും ഫോം കണ്ടെത്താനാകാതെ വലയുകയാണ് ആരാധകരുടെ സ്വന്തം യുവി.അതിനിടയിലാണ് വിരമിക്കലിനെക്കുറിച്ച്‌ മനസ് തുറന്ന് താരം രംഗത്തെത്തിയത്. അടുത്ത ഏകദിന ലോകകപ്പോടെ ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നാണ് യുവി പറഞ്ഞുവെച്ചത്.ക‍ഴിഞ്ഞ 18 വര്‍ഷമായി കളത്തിലുള്ള താന്‍ 2019 ല്‍ ഒരു പ്രഖ്യാപനം നടത്തുമെന്നാണ് യുവി വ്യക്തമാക്കിയത്. ദേശീയ വാര്‍ത്താ വിതരണ ഏജന്‍സി യുവിയുടെ വാക്കുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.36 കാരനായ യുവി വിരമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ടെങ്കിലും താരം ആദ്യമായാണ് ഇതെക്കുറിച്ച്‌ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2019 ല്‍ പ്രഖ്യാപനം നടത്തുമെന്ന് പറയുന്നതിലൂടെ ലോകകപ്പ് ടീമില്‍ ഇടം നേടാനും അതിന് ശേഷം വിരമിക്കാനുമാണ് പദ്ധതിയെന്നാണ് വ്യക്തമാകുന്നത്.ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രകടനം പുറത്തെടുക്കുമെന്നുകൂടിയാണ് പ്രതിസന്ധിഘട്ടങ്ങള്‍ അത്ഭുത പോരാട്ടങ്ങള്‍ പുറത്തെടുക്കാറുള്ള യുവി പറഞ്ഞുവയ്ക്കുന്നത്.