ഏഴു വയസ്സുകാരനെ ദുർമന്ത്രവാദത്തിനായി കൊലപ്പെടുത്തിയ പതിനാലു വയസ്സുകാരന്റെ ക്രൂരത കേട്ട് നാട് നടുങ്ങി. ബംഗാളിലെ മിഡ്നാപുർ ജില്ലയിലാണു നാടിനെ നടുക്കിയ സംഭവം. അമാനുഷിക ശക്തിയുള്ള മന്ത്രവാദിയാകുന്നതിനു വേണ്ടിയാണു പതിനാലുകാരൻ അയൽവാസിയായ ഏഴുവയസ്സുകാരൻ രുദ്ര നായകിനെ ബലി നൽകി കൊലപ്പെടുത്തിയതെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
ശനിയാഴ്ചയായിരുന്നു സംഭവം. വീടിനു സമീപം കളിക്കാൻ പോയ കുട്ടിയെ തൊട്ടടുത്ത കുളത്തിൽ നിന്നു കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രുദ്ര നായക് മരിച്ചിരുന്നതായി ഖരഗ്പൂർ ആശുപത്രി അധികൃതർ അറിയിച്ചു. അയൽവാസിയുടെ വീടിനകത്തു രക്തപ്പാടുകൾ കണ്ടതിനെ തുടർന്നാണ് പ്രതിയെ സംശയിക്കാനിടയായത്.കൊൽക്കത്തയിൽ നിന്ന് 120 കിലോമീറ്റർ അകലെ നിരഞ്ജൻബർ ഗ്രാമത്തിലാണു സംഭവം.
പ്രതിയെയും മാതാപിതാക്കളെയും വിട്ടുനൽകണമെന്ന ആവശ്യവുമായി സദത്പുർ പൊലീസ് സ്റ്റേഷനു മുന്നിൽ ഗ്രാമവാസികൾ പ്രതിഷേധം നടത്തിയതോടെയാണു കൊലപാതകം പുറംലോകമറിഞ്ഞത്. ‘പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദുർമന്ത്രവാദം പരിശീലിപ്പിച്ചതിന്റെ പേരില്‍ പതിനാലുകാരന്റെ മാതാപിതാക്കളെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ഏഴുപേർ ഇതിനോടകം പിടിയിലായി. അവരെ ചോദ്യം ചെയ്തു വരികയാണ്.’– പൊലീസ് സൂപ്രണ്ട് ദിനേഷ് കുമാർ പറഞ്ഞു.സംഭവത്തെ കുറിച്ച് മരിച്ച കുട്ടിയുടെ പിതാവ് രത്തൻ നായക് പറയുന്നത് ഇങ്ങനെ: ‘മകൻ കളിക്കാൻ പോയി വളരെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. അന്വേഷിച്ചപ്പോൾ ഗ്രാമവാസിയായ ഒരാള്‍ രുദ്ര അയലത്തെ വീട്ടിലേക്കു പോയതു കണ്ടതായി പറഞ്ഞു. അവരുടെ വീട്ടിൽ പോയി അന്വേഷിച്ചപ്പോൾ രുദ്രയെ കണ്ടില്ലെന്നും പ്രതി അവിടെയില്ലെന്നുമായിരുന്നു മാതാപിതാക്കളുടെ മറുപടി. എന്നാൽ പ്രതിയായ 14കാരനെ വീട്ടിലെ മുറിയിൽ നിന്നു ഞങ്ങൾ കണ്ടെത്തി.
രുദ്ര എവിടെ എന്ന് അവനോടു ചോദിച്ചപ്പോൾ ദൈവദൂതർ വന്നു നിങ്ങളുടെ മകനെ കൂട്ടിക്കൊണ്ടുപോയെന്നായിരുന്നു മറുപടി. തുടർന്നുള്ള അന്വേഷണത്തിലാണ് അവനെ കുളത്തിൽ നിന്നു കണ്ടെത്തിയത്.’ അതേസമയം, ഏറെക്കാലമായി ദുർമന്ത്രവാദം പരിശീലിപ്പിക്കുന്നുണ്ടെന്നും അതുകണ്ടാണ് അമാനുഷിക ശക്തി നേടാനായി രുദ്ര നായകിനെ ബലി നൽകിയതെന്നും പ്രതി സമ്മതിച്ചു.കയ്യും കാലും കെട്ടിയിട്ട നിലയിലാണു കുട്ടിയെ കണ്ടെത്തിയത്.
രുദ്രനായക് മരിച്ചെന്ന് അറിഞ്ഞതോടെ രോഷാകുലരായ ഗ്രാമവാസികൾ പ്രതിയുടെ വീട്ടിലേക്കു അതിക്രമിച്ചു കയറിയിരുന്നു. ഏറെ പാടുപെട്ടാണ് പ്രതിയെയും മാതാപിതാക്കളെയും പുറത്തെത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി.