സ്കൂളിലെ മൂന്നാം നിലയിൽനിന്ന് ചാടിയ പത്താംക്ലാസ് വിദ്യാർഥിനി മരിച്ചു. ആലാട്ടുകാവ് കെപിഹൗസിൽ പ്രസന്നകുമാറിന്‍റെ മകൾ ഗൗരിമേഘയാണ് മരിച്ചത്. തലയ്ക്കും നട്ടെല്ലിനും ക്ഷതമേറ്റ നിലയിൽ രണ്ട് ദിവസം മുന്പാണ് കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പെണ്‍കുട്ടിയുടെ പിതാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്കൂളിലെ രണ്ട് അധ്യാപികമാർക്കെതിരേ ആത്മഹത്യാപ്രേരണ കുറ്റത്തിന് പോലീസ് കേസെടുത്തിരുന്നു. ഇവർ രണ്ടുപേരും ഒളിവിലാണ്. ഇതേ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ സഹോദരിയെ ക്ലാസിൽ സംസാരിച്ചതിന് ഒരധ്യാപിക ആണ്‍കുട്ടികൾക്കിടയിൽ ഇരുത്തിയിരുന്നു. ഇത് വീട്ടിൽ അറിയിച്ചതിനെതുടർന്ന് വീട്ടുകാർ സ്കൂളിലെത്തി പ്രശ്നം പരിഹരിച്ചു.
വീണ്ടും സമാന സംഭവം ഉണ്ടായതോടെ അനുജത്തി ചേച്ചിയെ വിവരമറിയിച്ചു. കുട്ടികൾ കളിയാക്കിയതിനെ സംബന്ധിച്ച് പെണ്‍കുട്ടി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് അധ്യാപികമാർ ശകാരിച്ചതിലുള്ള മനോവിഷമമാണ് കുട്ടി താഴേക്ക് ചാടാൻ ഇടയാക്കിയതെന്നാണ് പിതാവ് പോലീസിന് മൊഴിനൽകിയത്.
സംഭവത്തെതുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സ്കൂളിന് ഇന്ന് അവധി നൽകിയിരിക്കുകയാണ്. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ, കെഎസ്‌യു, എബിവിപി തുടങ്ങിയ സംഘടനകൾ സ്കൂളിലേക്ക് മാർച്ച് നടത്തി.