കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ജനുവരിയോടെ വിപണിയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്‍വിളയിലെ കെല്‍ട്രോണിന്റെ പഴയ പ്രിന്റെഡ് സെര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണ ശാലയിലാണ് കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ബ്രാന്റ് കൊക്കോണിക്‌സ് വിപണനത്തിന് സജ്ജമായിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.
ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, സ്റ്റാര്‍ട്ട് അപ്പ് ആയ അക്‌സിലറോണ്‍, കെ.എസ്.ഐ.ഡി.സി. തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്നുചേര്‍ന്നാണ് കൊക്കോണിക്‌സ് നിര്‍മ്മിക്കുന്നത്. ആഭ്യന്തര വിപണി ലക്ഷ്യമാക്കിയാണ് ലാപ്‌ടോപ്പ് നിര്‍മിക്കുന്നത്. ഇത് മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ മികച്ച മാതൃകയായി മാറുമൊന്നാണ് ഇന്റല്‍ ഇന്ത്യ മേധാവി നിര്‍വൃതി റായ് വിശേഷിപ്പിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം :
മണ്‍വിളയില്‍ ഉള്ള കെല്‍ട്രോണിന്റെ പഴയ പ്രിന്റെഡ് സെര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണ ശാല ഇന്ന് ആധുനിക ഇലക്‌ട്രോണിക് സാമഗ്രികളുടെ നിര്‍മാണശാലയായി മാറിക്കഴിഞ്ഞു. കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് ബ്രാന്‍ഡ് ആയ കൊക്കോണിക്‌സ് ആണ് ഇവിടെ നിന്നും വിപണനത്തിന് സജ്ജമായിയിക്കൊണ്ടിരിക്കുന്നത്. ‘ആഭ്യന്തര വിപണിലക്ഷ്യമാക്കി ഉത്പാദിപ്പിക്കുന്ന കൊക്കോണിക്‌സ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ മികച്ച മാതൃക’, എന്നാണ് കേരളത്തിന്റെ ഈ പരീക്ഷണത്തെ ഇന്റെലിന്റെ ഇന്ത്യാ ഹെഡ് നിര്‍വൃതി റായ് ഈ അടുത്ത് വിശേഷിപ്പിച്ചത്.
ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്‌സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്‌ഐഡിസി തുടങ്ങയി സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്‌സ് നിര്‍മ്മിക്കുന്നത്. ഉത്പാദനത്തിലും വിലപനയിലും സര്‍വീസിലും മാത്രമല്ല കൊക്കോണിക്‌സ് കേന്ദ്രികരിക്കുന്നത്, പഴയ ലാപ്‌ടോപുകള്‍ തിരിച്ചു വാങ്ങി സംസ്‌കരിക്കുന്ന ഈവേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട്.
മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായി വരുന്ന കേരളത്തിന്റെ സ്വന്തം ലാപ് ടോപ് അടുത്ത ജനുവരിയോടെ വിപണിയില്‍ എത്തും.