ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ കാണാൻ തടിച്ചു കൂടിയ ജനക്കൂട്ടം സൃഷ്ടിച്ച തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. പ്രാദേശിക രാഷ്ട്രീയ പ്രവർത്തകനായ ഫർഹീദ് ഖാൻ ഷേറാണി എന്നയാളാണ് മരിച്ചത്. വഡോദര റെയിൽവെ സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. പുതിയ ചിത്രമായ ‘റയീസി’ന്റെ പ്രചരണത്തിനു വേണ്ടി ആഗസ്റ്റ് ക്രാന്തി രാജധാനി എക്സ്പ്രസിൽ മുംബൈയിൽനിന്ന് ന്യൂഡൽഹിയിലേക്കു പോകുമ്പോൾ വഡോദര സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോഴാണ് ആരാധകർ ഷാരൂഖിനെ കാണാൻ തിക്കിത്തിരക്കിയത്. യാത്രയുടെ വിശദാംശങ്ങൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും സൂപ്പർ താരവും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇതേത്തുടർന്ന് വലിയ ജനക്കൂട്ടം താരത്തെ കാണാൻ സ്റ്റേഷനിൽ തടിച്ചുകൂടിയത്.