ഒരു മാസം കാലാവധിയുള്ള പ്രീപെയ്ഡ് കാർഡുകൾ കെ. എസ്. ആർ. ടി. സി. എന്ന് പുറത്തിറക്കും. സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ടാണ് 1000 മുതൽ 5000 രൂപാ വരെയുള്ള അൺലിമിറ്റഡ് യാത്ര കാർഡ് ഇറക്കുന്നത്. ഇതിന്റെ ഉദ്ഘാടനം വൈകിട്ട് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിൽ നിന്നും അടുത്തദിവസം മുതൽ കാർഡ് വാങ്ങാം.
കെ എസ്ആർ ടി സി നേരിടുന്ന പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കുവാനും ഇതിലൂടെ കഴിയും. ബ്രോൺസ്. സിൽവർ, ഗോൾഡ് പ്രീമിയം കാർഡുകളാണ് പുറത്തിറക്കുന്നത്.
1000 രൂപയുടെ ബ്രോൺസ് കാർഡുപയോഗിച്ച് ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ബസ്സുകളിൽ ജില്ലയ്ക്കുള്ളിലെവിടെയും സഞ്ചരിക്കാം. എന്നാൽ ജില്ലയ്ക്ക് പുറത്തേയ്ക്കുള്ള യാത്രയ്ക്കായി ഈ കാർഡ് ഉപയോഗിക്കാനാവില്ല. എന്നാൽ ഒരു ജില്ലയിൽനിന്നും മറ്റൊരു ജില്ലയിലെത്തിയാൽ ആ ജില്ലയ്ക്കുള്ളിൽ ബ്രോൺസ് കാർഡുപയോഗിച്ച് സഞ്ചരിക്കുകയുമാകാം. 1500 രൂപയുടെ സിൽവർ കാർഡ് ഉപയോഗിച്ച് ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ബസ്സുകളിലും യാത്രയാവാം.
3000 രൂപയുടെ ഗോൾഡ് കാർഡ് പ്രയോജനപ്പെടുത്തുന്നവർക്ക് സംസ്ഥാനത്തെവിടെയും ഫാസ്റ്റ് സൂപ്പർഫാസ്റ്റ് ബസ്സുകളിൽ യാത്ര ചെയ്യാം.
5000 രൂപയുടെ പ്രീമിയം കാർഡ് പ്രയോജനപ്പെടുത്തിയാൽ കെയുആർടിസിയുടെ എസി ബസ്സുകളിലും മറ്റെല്ലാ ബസ്സുകളിലും യാത്ര ചെയ്യാം. എന്നാൽ പ്രീമിയം കാർഡ് ഉപയോഗിക്കുന്നവർക്ക് സ്കാനിയ, വോൾവോ ബസ്സുകളിൽ യാത്ര ചെയ്യാനാവില്ല. എല്ലാ കാർഡുകൾക്കും ഒരുമാസം മാത്രമാണ് കാലാവധി. തുടര്‍ന്ന് ഇവ പുതുക്കാനുള്ള അവസരമുണ്ട്.