അത്യാസന്നയായ സ്ത്രീയുടെ ശസ്ത്രക്രിയ എം എല്‍ എ നടത്തി
മിസോറാമിലെ സൈഹാ ജില്ലയില്‍ അത്യാസന്നയായ സ്ത്രീയുടെ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടറില്ലാത്തതിനാല്‍ സ്ഥലം എം എല്‍ എ ഡോക്ടറുടെ ജോലി ഏറ്റെടുത്ത് സ്ത്രീയുടെ ജീവന്‍ രക്ഷിച്ചു. എം എല്‍ എ കൂടിയായ ഡോക്ടര്‍ കെ ബീച്ചുവ (52) ആണ് സമയോചിത ഇടപെടല്‍ കാരണം ഒരു സ്ത്രീയുടെ ജീവന്‍ രക്ഷിച്ചത്. സൈഹാ ജില്ലാ ആശുപത്രിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം.
വയറ് വേദനയുമായി വന്ന 35 കാരി ഡോക്ടറെ കാണാന്‍ ഏറെ നേരം കാത്തിരുന്നെങ്കിലും ആശുപത്രിയില്‍ ഡോക്ടര്‍മാരാരും ഉണ്ടായിരുന്നില്ല. സ്ത്രീയുടെ അസഹനീയമായ വേദന കണ്ട് അത് വഴി വന്ന എം എല്‍ എ ഇവരെ ചികിത്സിക്കാനും ശസ്ത്രക്രിയ ചെയ്യാനും സ്വയം മുന്നോട്ട് വരികയായിരുന്നു.
സ്ത്രീയുടെ ആമാശയത്തിന് സുഷിരമായിരുന്നുവെന്നും ഡ്യൂട്ടി ഡോക്ടര്‍ ഇംഫാലില്‍ യോഗത്തിന് പോയത് കൊണ്ടാണ് സര്‍ജറി ചെയ്തതെന്നും ബീച്ചുവ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ബീച്ചുവയുടെ ഇടപെടല്‍ തക്ക സമയത്തായിരുന്നു. ഗുരുതരമായിരുന്ന സ്ത്രീയെ അപ്പോള്‍ തന്നെ ഓപ്പറേഷന്‍ നടത്തിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേനെയെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
1991 ല്‍ ഇംഫാലിലെ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി എസ് പൂര്‍ത്തിയാക്കിയ ബീച്ചുവ 20 വര്‍ഷത്തോളം ഡോക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. നൂറ് കണക്കിന് ശസ്ത്രക്രിയകള്‍ ചെയ്തിട്ടുള്ള ഇദ്ദേഹം 2013 ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പാണ് അവസാനമായി സര്‍ജറി ചെയ്തത്.