പള്‍സര്‍ സുനിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ക്വട്ടേഷനല്ല, ബ്ലാക്ക് മെയിലിങ്ങ് ; പൾസർ സുനി

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജീഷിനേയും മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഉച്ചക്ക് രണ്ടരയോടെ ആലുവയില്‍ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് ഹാജരാക്കിയത് . ഇരുവരേയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ഇരുവരേയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡിയപേക്ഷ നാളെ പരിഗണിക്കും.

പ്രതികള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നതിനാല്‍ വന്‍ സുരക്ഷയാണ് ഇരുവർക്കും ഒരുക്കിയിരുന്നത്. ശിവരാത്രിക്ക് കോടതി അവധിയായതിനാല്‍ ആണ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്. തന്നെ കേസില്‍ കുടുക്കിയതല്ല എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു സുനിയുടെ മറുപടി .

രാവിലെ പള്‍സര്‍ സുനിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നടിയെ തട്ടിക്കൊണ്ടുപോയ വഴികളിലൂടെ പൊലീസ് സുനിയുമായി സഞ്ചരിച്ചു. മൊബൈല്‍ ഫോണ്‍ കാനയില്‍ ഉപേക്ഷിച്ചെന്ന് പറഞ്ഞസ്ഥലത്തും പൊലീസ് പരിശോധന നടത്തി. എന്നാല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം, സംഭവം ക്വട്ടേഷനല്ലെന്നും താന്‍ തന്നെ ആസൂത്രണം ചെയ്തതാണെന്നുമാണ് ചോദ്യംചെയ്യലില്‍ സുനി പറയുന്നത്. നടിയെ ഭീഷണിപ്പെടുത്താന്‍ വേണ്ടിയാണ് ക്വട്ടേഷനെന്ന് പറഞ്ഞതെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ളാക്ക്മെയില്‍ ചെയ്യാനാണ് തട്ടിക്കൊണ്ടുപോയതെന്നും സുനി മൊഴി നല്‍കി. ഒരു മാസമായി ആസൂത്രണം ചെയ്താണ് ആക്രമിച്ചതെന്നും പറഞ്ഞു. മുന്‍പ് അഞ്ചു നടിമാരെ ഇത്തരത്തില്‍ ബ്ളാക്ക്മെയില്‍ ചെയ്ത് പണം തട്ടിയെടുത്തിട്ടുണ്ടെന്നും സുനി വെളിപ്പെടുത്തി. കേസില്‍ ഇതുവരെ പിടിയിലായ മാര്‍ട്ടിന്‍, വടിവാള്‍ സലീം, പ്രദീപ്, വിജീഷ് തുടങ്ങിയവരെ ഒറ്റക്കും കൂട്ടായുമാണ് ചോദ്യം ചെയ്യുന്നത്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് പൊലീസ് ഭാഷ്യം.