ഗര്‍ഭപരിശോധനക്കെത്തിയ യുവതിക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക;ഡോക്ടർക്കെതിരെ യുവതി

medication

ഗര്‍ഭപരിശോധനയ്ക്കും തുടര്‍ ചികില്‍സയ്ക്കുമായി ആശുപത്രിയിലെത്തിയ യുവതിക്ക് ഡോക്ടര്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക നല്‍കിയതായി യുവതിയുടെ പരാതി.

കായംകുളം കൃഷ്ണപുരത്തുള്ള ജെ ജെ ആശുപത്രിക്കെതിരെയാണ് കായംകുളം സ്വദേശി ഫാത്തിമ പരാതി നല്‍കിയത്.

വീഴ്ച പറ്റിയെന്ന് ഡോക്ടര്‍ സമ്മതിക്കുന്ന മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളടക്കം പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേയ് പതിനൊന്നിനാണ് ഭര്‍ത്താവുമൊത്ത് ആശുപത്രിയിലെത്തിയത്.

ഡോക്ടറുടെ കുറിപ്പടിയുമായി മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ സ്‌റ്റോറിലെത്തിയപ്പോഴാണ് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നാണ് ഡോക്ടര്‍ നല്‍കിയതെന്ന് ബോധ്യപ്പെട്ടതെന്ന് യുവതി പറയുന്നു.

എന്നാല്‍ യുവതി ആവശ്യപ്പെട്ടിട്ടാണ് ഗുളിക നല്‍കിയതെന്നാണ് ഡോക്ടറുടെ ഇപ്പോഴത്തെ വിശദീകരണം. 

യുവതിയും കുടുംബവും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നും ഡോക്ടര്‍ ആരോപിക്കുന്നു. ഡോക്ടര്‍ക്കെതിരെ ജൂണ്‍ ആദ്യം യുവതി കായംകുളം പൊലീസിന് പരാതി നല്‍കി.