ഇന്ത്യക്ക് ഇനിയും കാത്തിരിക്കണം. അവസാന ഓവർവരെ വിജയപരാജയങ്ങൾ മാറിമറിഞ്ഞ കലാശപ്പോരിൽ ഇന്ത്യയെ ഒമ്പതു റൺസിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ലോകകപ്പിൽ മുത്തമിട്ടു. ഇംഗ്ലണ്ട് ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 219 റൺസിന് പുറത്തായി. എട്ടു പന്തുകൾകൂടി ബാക്കിനിൽക്കെയായിരുന്നു ഇന്ത്യൻ പരാജയം. ഇംഗ്ലണ്ട് നാലാം തവണയാണ് ലോകകപ്പിൽ മുത്തമിടുന്നത്. സ്കോർ: ഇംഗ്ലണ്ട്-228/7 (50), ഇന്ത്യ: 219 (48.4).
അവസാന ഓവർവരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഇന്ത്യൻ പെൺകുട്ടികൾ സമ്മർദം അതിജീവിക്കാനാകാതെ വിജയം വലിച്ചെറിയുകയായിരുന്നു. ഓപ്പണർ പൂനം റൗത്ത് (86), അനാവിശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായ ഹർമൻപ്രീത് കൗർ (51), വേദ കൃഷ്ണ മൂർത്തി (35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യൻ തോൽവിയിൽ നിർണായകമായത്. ജയത്തിലേക്ക് അനായാസം മുന്നേറുകയായിരുന്ന ഇന്ത്യക്ക് ആദ്യ പ്രഹരം കൗറിന്റെ പുറത്താകലോടെയായിരുന്നു. അർധ സെഞ്ചുറി നേടിയതിന്റെ ആവേശത്തിൽ ഉയർത്തിയടിച്ച കൗർ ബൗണ്ടറിയിൽ ബോമൗണ്ട് പിടിച്ചാണ് പുറത്തായത്. തുടക്കത്തിലെ രണ്ടുവിക്കറ്റ് നഷ്ടമായ ഇന്ത്യയെ പൂനം റൗത്തും കൗറും ചേർന്ന് മത്സരത്തിലേക്ക് തിരികെ എത്തിച്ചതായിരുന്നു. കൗർ പുറത്താകുമ്പോഴും ഇന്ത്യൻ ക്യാമ്പിൽ ജയപ്രതീക്ഷ നിലനിന്നിരുന്നു. എന്നാൽ 42.5 ഓവറിൽ ഷ്രുബ്സലെയുടെ പന്തിൽ റൗത്ത് വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തായി. പിന്നാലെയെത്തിയ സുഷമ വർമയും വന്നതുപോലെ മടങ്ങി. ഇതോടെ സമ്മർദത്തിലായ വേദ അനാവശ്യ ഷോട്ടിന് മുതിർന്ന് പടിക്കൽ കലമുടച്ചു. പിന്നീട് എല്ലാം വളരെവേഗമായിരുന്നു. ദീപ്തി ശർമ (14), ജൂലിയൻ ഗോസ്വാമി (0), ശിഖാ പാണ്ഡെ (4), രാജേശ്വരി ഗെയ്ക്ക്വാദ് (0) ഒന്നുപൊരുതാൻപോലും മെനക്കെടാതെ എല്ലാവരും ബാറ്റുവച്ചു കീഴടങ്ങി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നതാലിയ സ്കിവറിന്റെ (51) അർധസെഞ്ചുറിയുടെ ബലത്തിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. സാറാ ടെയ്ലറുടെ (45) മികച്ച പ്രകടനം നടത്തി. ഓപ്പണർമാരായ ലോറൻ വിൻഫീൽഡും (24), ടമി ബ്യുമൗണ്ടും (23) ഭേദപ്പെട്ട തുടക്കം നൽകിയിട്ടും ഇംഗ്ലണ്ടിന് മുതലാക്കാനായിരുന്നില്ല. സ്കിവറിന്റെയും സാറാ ടെയ്ലറിന്റെയും കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ രക്ഷപെടുത്തിയത്. കാതറിൻ ബ്രണ്ടും (34) ഭേദപ്പെട്ട ബാറ്റിംഗ് നടത്തി. ഇന്ത്യൻ ബൗളർമാരുടെ മികച്ച ബൗളിംഗാണ് ഇംഗ്ലണ്ടിനെ ചെറുസ്കോറിൽ ഒതുക്കിയത്. പത്തോവറിൽ 23 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കിയ ജുലന് ഗോസ്വാമിയും രണ്ടു വിക്കറ്റ് പിഴുത പൂനം യാദവും ഇംഗ്ലണ്ടിനെ വരിഞ്ഞു മുറുക്കി. ഇന്ത്യൻ ബൗളർമാരിൽ ഏഴ് ഓവർ എറിഞ്ഞ ശിഖ പാണ്ഡെയും നാലോവർ ചെയ്ത കൗറും മാത്രമാണ് അടിവാങ്ങിയത്. രാജേശ്വരി ഗെയ്ക്ക്വാദ് 10 ഓവറിൽ 49 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ഇത് രണ്ടാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിൽ പരാജയപ്പെടുന്നത്.