കാറില്‍ സഞ്ചരിച്ച കുടുംബത്തെ ആക്രമിച്ച് ഒരാളെ കൊലപ്പെടുത്തുകയും നാല് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ ഇന്നലെ പുലര്‍ച്ചെ 2.30നാണ് സംഘത്തെ പൊലീസ് പിടികൂടിയത്. ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് സംഘത്തെ കീഴ്‌പ്പെടുത്തുകയായിരുന്നു. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. സബോത പ്രദേശത്തെ അടിപ്പാതയില്‍ ആറ് പേര്‍ ഒളിവില്‍ കഴിയുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് പ്രദേശം വളയുകയായിരുന്നു. പിന്നാലെ സംഘം പൊലീസിനു നേരെ വെടിയുതിര്‍ത്തു. ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രണ്ട് മണിക്കൂര്‍ നേരം നീണ്ടു നിന്നു.
മെയ് 25നാണ് സംഭവം നടന്നത്. കാറില്‍ സഞ്ചരിച്ച എട്ടംഗ സംഘത്തെയാണ് ജോവാറിനും ബുലന്ദ്ഷറിനും മധ്യേ യമുന എക്‌സ്പ്രസ് വേയില്‍ വെച്ച് കൊള്ളക്കാര്‍ ആക്രമിച്ചത്. ആറ് പേര്‍ അടങ്ങിയ അക്രമി സംഘം കാറില്‍ സഞ്ചരിച്ച ഗൃഹനാഥനെ കൊലപ്പെടുത്തുകയും ഭാര്യ, സഹോദരി, ഭാര്യാ മാതാവ്, വാഹനത്തിന്റെ ഡ്രൈവറുടെ ഭാര്യ എന്നിവരെ ബലാല്‍സംഗത്തിന് ഇരയാക്കുകയുമായിരുന്നു. അറസ്റ്റിലായവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഉത്തര്‍പ്രദേശിന് പുറത്തു്ള്ള സംഘം സംസ്ഥാനത്തെത്തി അക്രമങ്ങള്‍ നടത്തിയ ശേഷം മടങ്ങുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. രക്ഷപെട്ടവര്‍ക്കു വേണ്ടിയും അക്രമത്തില്‍ പങ്കാളികളായവര്‍ക്ക് വേണ്ടിയും തിരച്ചില്‍ വ്യാപിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി.