കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡന ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. നടിയെ ആക്രമിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ കൃത്യമായ തെളിവുകളുണ്ടെന്നു വ്യക്തമാക്കിയാണ് താരത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഈ മാസം 10ന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേട്ട് കോടതിയും തള്ളിയിരുന്നു. തുടർന്നാണ് താരം ഹൈക്കോടതിയെ സമീപിച്ചത്.
ജൂലൈ പത്തിനാണ് കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റിമാന്‍ഡിലായ ദിലീപ് ആലുവ സബ്‌ജയിലില്‍ ആയിരുന്നു.ഇതിനിടെ രണ്ടുതവണയായി നാലുദിവസം പൊലീസ് കസ്റ്റഡിയിലായിരുന്നു. കേസില്‍ ഗൂഢാലോചന നടന്നുവെന്ന് കരുതുന്ന എറണാകുളം, തൃശൂര്‍ ജില്ലയിലെ കേന്ദ്രങ്ങളില്‍ ദിലീപിനെ കൊണ്ടുപോയി തെളിവെടുത്തിരുന്നു. നടിയെ ആക്രമിക്കാന്‍ പള്‍സര്‍സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നാണ് കേസിനാധാരമായിട്ടുള്ളത്.
കേസിലെ പ്രതി പ്രമുഖ നടനായതിനാൽ, ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. അപൂർവമായ കേസുകളിൽ ഒന്നാണിത്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കേസ് ഗുരുതര സ്വഭാവമുള്ളതാണെന്നും പത്തു പേജുള്ള വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. കേസ് ഡയറി വിശദമായി പഠിച്ചതിനു ശേഷമായിരുന്നു ജാമ്യാപേക്ഷ തള്ളാനുള്ള തീരുമാനം.
ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹച്ചര്യത്തിൽ ഇനി ദിലീപിനു ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കാം. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിനുശേഷമോ റിമാൻഡ് കാലാവധി കഴിഞ്ഞ് കേസ് അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലെന്നു കണ്ടെത്തിയതിനുശേഷമോ ജാമ്യഹർജി നൽകാം. അത് കീഴ്ക്കോടതിയിലോ ഹൈക്കോടതിയിലോ സമർപ്പിക്കാം.
ദിലീപിന്റെ ജാമ്യാഹർജിയിൽ ഹൈക്കോടതിയിൽ നടന്ന വാദത്തിന്റെ രത്‌നച്ചുരുക്കം:
പ്രോസിക്യൂഷൻ
സംഭവത്തിന്റെ സൂത്രധാരൻ ദിലീപ് ആണെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. ഇന്ത്യൻ ക്രിമിനൽ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷനാണ്. കേസിൽ പ്രധാന തെളിവായ ദൃശ്യം പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെടുത്തിട്ടില്ല. ഇനിയും പ്രതികളുണ്ടാകാൻ സാധ്യതയുണ്ട്. അന്വേഷണം തീർന്നിട്ടില്ലെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ ബോധിപ്പിച്ചതു കോടതി പരിഗണിച്ചു. ഇന്ത്യൻ ക്രിമിനൽ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷനാണിത്. എല്ലാ മൊഴികളും വിരൽ ചൂണ്ടുന്നതു ദിലീപിന്റെ പങ്കിലേക്കാണ്. ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പ്രത്യേകാന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
ദിലീപിന്റെ അഭിഭാഷകൻ
ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും രണ്ടുപേർ തമ്മിൽ കണ്ടാൽ ഗൂഢാലോചനയാവില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. ഒട്ടേറെ കേസുകളിൽ പ്രതിയും ക്രിമിനലുമായ സുനിൽകുമാറിന്റെ (പൾസർ സുനി) മൊഴിയുടെ അടിസ്ഥാനത്തിൽ ദിലീപിനെ പ്രതിചേർത്ത് അറസ്റ്റ് ചെയ്തതിൽ ന്യായീകരണമില്ല. ഉന്നതതലത്തിൽ ആഴമേറിയ ഗൂഢാലോചന നടത്തിയാണു ദിലീപിനെ കേസിലുൾപ്പെടുത്തിയത്. സിനിമാ ജീവിതം തകർക്കാനും സമൂഹമധ്യേ അപഹാസ്യനാക്കാനും ലക്ഷ്യമിട്ടാണു കേസ്. ഒട്ടേറെ സിനിമ പ്രോജക്ടുകളിൽ ഒപ്പുവച്ചിട്ടുള്ള ദിലീപിനെ ഇനിയും തടവിൽ വയ്ക്കുന്നതു സിനിമാ ജീവിതത്തെ ബാധിക്കും. അന്തിമ കുറ്റപത്രം നൽകി ഏറെക്കാലം കഴിഞ്ഞാണു ദിലീപിനെ കേസിലുൾപ്പെടുത്തിയത്. ആദ്യം 13 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തു. അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടും അറസ്റ്റ് ചെയ്തു. അറസ്റ്റ് ദിവസവും 10 മണിക്കൂർ ചോദ്യം ചെയ്തുവെന്നും വാദിച്ചു.