ഇത് സന്ധ്യ. മുംബൈയിലെ കാമാത്തിപുരക്കാരിയാണ്. ഇരുണ്ട ലോകമെന്ന് സമൂഹം മുദ്രകുത്തിയ കാമാത്തിപുരയില്‍ നിന്ന് എഡിന്‍ബര്‍ഗ് ഫെസ്റ്റിവല്‍ ഫ്രിഞ്ച് വരെയെത്തിയ പെണ്‍കൊടി. സന്ധ്യക്കൊപ്പം അവളെപ്പോലെ കുറച്ചുപേര്‍ കൂടിയുണ്ട്. അവരുടെ അതിജീവനത്തിന്റെ കഥയാണ് ലാല്‍ ബാട്ടി എക്‌സ്പ്രസ് എന്ന നാടകം. ഈ നാടകവുമായാണ് ലോകത്തെ ഏറ്റവും വലിയ കലോത്സവമായ എഡിന്‍ബര്‍ഗ് ഫെസ്റ്റിവല്‍ ഫ്രിഞ്ചില്‍ അവരെത്തിയിരിക്കുന്നത്. സമൂഹം ഇരുണ്ടലോകമെന്ന് മുദ്രകുത്തുന്നുവെങ്കിലും ഈ ഭൂമിയില്‍ തനിക്ക് സുരക്ഷിതമായ ഒരിടമുണ്ടെങ്കില്‍ അത് കാമാത്തി പുരയാണെന്ന് സന്ധ്യ പറയുന്നു. ഒറ്റപ്പെടല്‍ അനുഭവിക്കുന്ന പെണ്‍കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ‘ക്രാന്തി’ എന്ന സംഘടനയുടെ സംരക്ഷണയിലാണ് സന്ധ്യ. കാമാത്തിപുരയിലായിരുന്നു അവളുടെ ജനനം. പെറ്റുവീണതും വളര്‍ന്നും ലൈംഗികത്തൊഴിലാളികള്‍ക്കിടയില്‍.
പക്ഷേ ഒരിക്കല്‍ പോലും അവിടെ താന്‍ അരക്ഷിതയാണെന്ന് അനുഭവപ്പെട്ടിട്ടില്ലെന്ന് അവള്‍ പറയുന്നു. തന്നെ പേടിപ്പിച്ചതൊക്കെയും പുറം ലോകമാണ്.സ്‌കൂളില്‍ കടുത്ത വിവേചനമാണ് നേരിടേണ്ടി വന്നത്. കറുത്തവളെന്നും ലൈംഗിക തൊഴിലാളിയുടെ മകളെന്നും അവള്‍ കണക്കറ്റ് ക്രൂശിക്കപ്പെട്ടു. അവഗണിക്കപ്പെട്ടപ്പോഴൊക്കെ അവളുടെ ഹൃദയം നീറി. ഇരുട്ടടി പോലെ പത്തുവയസ്സില്‍ പീഡനത്തിനും ഇരയായി.
പക്ഷേ വിധിവൈപരീത്യങ്ങളോട് പൊരുതി ജയിക്കുകയാണ് സന്ധ്യ.അവഹേളനങ്ങളില്‍ നിന്ന് നേടിയ മനസ്സുറപ്പാണ് തന്നെ ഇതുവരേക്കും എത്തിച്ചതെന്ന് സന്ധ്യ പറയുന്നു. മാതാപിതാക്കളുള്‍ക്കൊള്ളുന്ന ഭൂതകാലമാണ് തന്റെ ശക്തിയെന്നും അവള്‍ വ്യക്തമാക്കുന്നു. പതിനാറുകാരിയായ റാണിക്കും ഏറെ പറയാനുണ്ട്. പതിനൊന്നു വയസ്സുള്ളപ്പോള്‍ റാണിയുടെ അച്ഛന്‍ മരിച്ചു.
അന്ന് വൈകീട്ട് തന്നെ ഇനിയിതാണ് അച്ഛനെന്ന് അമ്മ മറ്റൊരു പുരുഷനെ പരിചയപ്പെടുത്തി. അമ്മയോട് അന്ന് കടുത്ത ദേഷ്യമായിരുന്നു.രണ്ടുവര്‍ഷത്തോളം അവരോടൊപ്പം കഴിഞ്ഞു. പുതിയ അച്ഛന്‍ തന്നെയും അമ്മയെയും മര്‍ദ്ദിച്ചിരുന്നു. ഒടുവില്‍ രക്ഷപ്പെട്ട് ‘ക്രാന്തി’യില്‍ എത്തിച്ചേരുകയായിരുന്നു. അമ്മയോട് ഇപ്പോള്‍ തരിമ്പും ദേഷ്യമില്ലെന്ന് അവള്‍ സാക്ഷ്യപ്പെടുത്തുന്നു.
മാപ്പുനല്‍കലാണ് മറ്റുള്ളവര്‍ക്ക് നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമെന്നും റാണി പറഞ്ഞുവെയ്ക്കുന്നു. അരികുവല്‍ക്കരിക്കപ്പെട്ട ബാല്യവേദനകളില്‍ നിന്ന് ജീവിതം പോരാടി ജയിക്കുകയാണ് ഈ പെണ്‍കൊടികള്‍.