സിസിടിവി ക്യാമറയിലെ ദൃശങ്ങൾ വീട്ടുകാരെ കൂടാതെ ലോകത്തിന്റെ ഏതു കോണിലിരിക്കുന്നയാളും കണ്ടാലോ? ക്യാമറ സ്ഥാപിച്ച സ്ഥാപനം ലഭ്യമാക്കിയ വെബ് ലിങ്കിലൂടെ കയറി യൂസർനെയിമും പാസ്‍വേഡും നൽകിയാണു വിഡിയോ നമ്മൾ കാണുന്നത്. എന്നാൽ, വലിയൊരു ശതമാനം ഇടങ്ങളിലും കമ്പനിയിൽ നിന്നു തരുന്ന ഡീഫോൾട്ട് യൂസർനെയിമും പാസ്‌വേഡും മാറ്റാറില്ല. വെബ്‍വിലാസം മറ്റാർക്കും അറിയില്ലല്ലോ എന്നോർത്തു സമാധാനിക്കാൻ വരട്ടെ, വെബ്സൈറ്റുകൾ ഗൂഗിളിൽ ലിസ്റ്റ് ചെയുന്നതുപോലെ സിസിടിവി ക്യാമറകളെ ഇൻഡക്സ് ചെയ്യുന്ന സെർച്ച് എൻജിൻ സൈറ്റുകളുമുണ്ട്.
2014 ലെ കണക്കനുസരിച്ച് ഒരു പ്രത്യേക സൈറ്റിൽ ഇരുനൂറിലധികം രാജ്യങ്ങളിൽ നിന്നായി 73,011 ക്യാമറകളാണു നെറ്റിൽ ആർക്കും കാണാവുന്ന രീതിയിൽ സ്ട്രീം ചെയ്തിരുന്നത്. ഇതിൽ ഇന്ത്യയിൽ നിന്നായിരുന്നു മൂവായിരത്തിലധികം ക്യാമറകൾ. കേരളത്തിലെ കോളജ് ഹോസ്റ്റലുകളിലെ വരെ ലൈവ് ക്യാമറകൾ ഇന്റർനെറ്റിലൂടെ സ്ട്രീം ചെയ്യുന്നതു തികച്ചും അശ്രദ്ധമായാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ക്യാമറ സ്ഥാപിക്കാനെത്തുന്നവർക്കും ക്യാമറയുടെ വെബ് വിലാസവും പാസ്‌വേഡും അറിയാമെന്ന് ഓർമിക്കുക.കേരളത്തിലെ ഒരു വീട്ടമ്മയ്ക്ക് സംഭവിച്ചത്, ഇനിയും സംഭവിക്കാനിരിക്കുന്നത് ഫെയ്സ്ബുക് മേധാവി മാർക്ക് സക്കർബർഗ് മുതൽ സ്നോഡൻ വരെ മുൻകൂട്ടി കണ്ടിരുന്നു. ഇവരെല്ലാം തങ്ങളുടെ ഫോണുകളും മറ്റു ഡിവൈസുകളും മൂടിക്കെട്ടിയാണ് കൊണ്ടുനടക്കുന്നത്.
മാർക്ക് സർക്കർബർഗ് തന്റെ ലാപ്ടോപ്പിലെ ക്യാമറയും മൈക്രോഫോൺ പോർട്ടും ടേപ്പ് ഒട്ടിച്ചു മറച്ചതു വലിയ ചർച്ചയ്ക്ക് ഇടയാക്കിയത് ഓർക്കുന്നില്ലെ. ഒരു കംപ്യൂട്ടറിലെ ക്യാമറ പോലും വിദൂരത്തിരുന്നു നിയന്ത്രിക്കാൻ കഴിയുമെന്നതിലേക്കു വിരൽചൂണ്ടുന്നുണ്ട് ഈ സംഭവം.
യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ എൻഎസ്എയ്ക്ക് നിങ്ങളുടെ സമ്മതം കൂടാതെ മൊബൈൽ ഫോൺ, ലാപ്ടോപ് ക്യാമറകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് ആദ്യം വെളിപ്പെടുത്തിയത് എഡ്വേഡ് സ്നോഡനായിരുന്നു. എഫ്ബിഐ മേധാവിയായിരുന്ന ജയിംസ് കോമി പറഞ്ഞതിങ്ങനെ: ‘‘ഞാൻ എന്റെ ലാപ്ടോപ് ക്യാമറ ടേപ്പ് ഒട്ടിച്ചു മറച്ചുവയ്ക്കുന്നു, കാരണം എന്നെക്കാൾ സാങ്കേതികമായി വിദഗ്ധരായവരുടെ ക്യാമറകളിൽ പോലും ഞാൻ ടേപ്പ് കാണുന്നു’’.വീട്ടിലെ സുരക്ഷാക്യാമറകൾ ഉപയോഗിക്കുന്ന വൈഫൈ ശൃംഖല സുരക്ഷിതമാക്കുക. റൗട്ടറിലേക്കു വിഡിയോ എത്തുന്നതു സുരക്ഷിതമാക്കാനായി WPA2 പോലെയുള്ള വയർലെസ് സുരക്ഷാ പ്രോട്ടോക്കോളുകൾ ഉപയോഗിക്കുക. ∙ ക്യാമറ സ്ഥാപിക്കുമ്പോൾ ലഭിക്കുന്ന പാസ്‌വേഡ് മാറ്റുക.
ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ ലഭിക്കുന്ന വിലകുറഞ്ഞ ചൈനീസ് ക്യാമറകൾ വാങ്ങാതിരിക്കുക. ∙ ക്യാമറ സോഫ്റ്റ്‌വെയർ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുക. മൊബൈൽ ഫോണുകൾ/കംപ്യൂട്ടറുകൾ. ∙ പല സോഫ്റ്റ്‍വെയറുകളും ഇൻസ്റ്റാൾ ചെയ്യുമ്പോൾ വിവിധ ഫംക്‌ഷനുകൾ ഉപയോഗിക്കാനായി അനുമതി ചോദിക്കാറുണ്ട്. ഒരു പരിധിക്കപ്പുറം നിങ്ങളുടെ സ്വകാര്യവിവരങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അവ ഒഴിവാക്കുക. ∙ ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്നല്ലാത്ത ആപ്പുകൾ ഉപയോഗിക്കാതിരിക്കുക.
ചില വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ ചില ആപ്പുകൾ ഒപ്പം ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ചാൽ തടയുക. ∙ ഫോൺ അപരിചിതരുടെ കൈവശം നൽകാതിരിക്കുക. വിവരങ്ങൾ ചോർത്താൻ വരെ കഴിയുന്ന ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ നിമിഷങ്ങൾ മതിയാകും.
വാട്സ്ആപ്, ഫെയ്സ്ബുക് പോലെയുള്ള ഔദ്യോഗിക സൈറ്റുകളുടെ വിവിധ പതിപ്പുകൾ എന്ന പേരിൽ തട്ടിപ്പ് നടക്കുന്നുണ്ട്. അവയിൽ ലോഗിൻ വിവരങ്ങൾ നൽകരുത്. ∙ സംശയാസ്പദമായ രീതിയിൽ ഫോണിലെ വൈഫൈ, ഡേറ്റ എന്നിവ പ്രവർത്തിക്കുക, അനിയന്ത്രിതമായി ചൂടാവുക, ചില ആപ്പുകൾ അമിതമായി ഡേറ്റ ഉപയോഗിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക.