Sunday, October 6, 2024
HomeNationalമൂന്നു വയസ്സുകാരന്റെ തലയിണയ്ക്കടിയിൽ ആറടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പ്

മൂന്നു വയസ്സുകാരന്റെ തലയിണയ്ക്കടിയിൽ ആറടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പ്

ഹരിയാനയില്‍ മൂന്നുവയസ്സുകാരന്റെ ജീവന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് അമ്മയുടെ സമയോചിതമായ ഇടപെടല്‍മൂലം . പാതിരാത്രിയില്‍ ഉറക്കത്തിനിടയില്‍ മകന്‍റെ തലയിണയില്‍ അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടതോടെയാണ് ഹരിയാന സ്വദേശിനിയായ അമ്മ ഉണര്‍ന്നത്.

മകന്‍റെ തലയിണയിലെ തണുപ്പിന്‍റെ കാരണം കണ്ടതോടെ അവര്‍ ഭയന്നു നിലവിളിച്ചു. ആറടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പാണ് മൂന്നുവയസുകാരനായ മകന്‍റെ തലയിണയില്‍ കിടന്നിരുന്നത്. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള സുല്‍ത്താന്‍പൂരിലാണ് സംഭവം.രാത്രി ഒരുമണിയോടെയാണ് കിടക്കയില്‍ പാമ്പിനെ കാണുന്നത്. ആദ്യം ഭയന്നെങ്കിലും സമനില വീണ്ടെടുത്ത മുപ്പത്തൊമ്പതുകാരി ടാക്സി ഡ്രൈവറായ ഭര്‍ത്താവിനെ വിളിച്ച് വേഗം വീട്ടിലെത്താന്‍ ആവശ്യപ്പെട്ടു. ഒപ്പം കിടക്കയില്‍ പാമ്പിനെ കണ്ടെത്തിയ വിവരവും അറിയിച്ചു. അയല്‍വാസിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വരികയായിരുന്നു.

അനക്കമുണ്ടാകാതെ മകനെ കിടക്കയില്‍ നിന്ന് എടുത്ത ശേഷം രണ്ടു കുട്ടികളോടൊപ്പം അമ്മ മുറിയില്‍ തന്നെ നിന്നു. യുവതിയുടെ ഭര്‍ത്താവ് കുറച്ച് ആളുകളെ കൂട്ടിയാണ് വീട്ടിലെത്തിയത്. ഇതിന് ശേഷം കിടക്ക വിരി തന്ത്രപരമായി മടക്കിയെടുത്ത വീട്ടുകാര്‍ മൂര്‍ഖനെ കിടക്കവിരിയില്‍ കുടുക്കുകയായിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെ അവര്‍ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി. മൂന്നരകിലോ ഭാരമുള്ള ആണ്‍ മൂര്‍ഖന്‍ പാമ്പിനെയാണ് പിടികൂടിയത്. ഇത് എപ്രകാരമാണ് വീടിനുള്ളില്‍ കയറിയതെന്ന കാര്യം പരിശോധിക്കുമെന്ന് വീട്ടുകാര്‍ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments