പൊതുടാപ്പുകളിലെ ജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

പൊതുടാപ്പുകളിലെ ജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുള്ള സാഹചര്യത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പൊതുടാപ്പുകളിലെ ജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ വാട്ടര്‍ അതോറിറ്റി കര്‍ശന നടപടി സ്വീകരിക്കാന്‍ ജലവിഭവ മന്ത്രി മാത്യു ടി.തോമസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ള വിതരണം ഉറപ്പുവരുത്തുന്നതിനുള്ള അടിയന്തിര നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പലഭാഗങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ ടാപ്പുകളില്‍ നിന്നും ഹോസ് ഉപയോഗിച്ച് ജലം കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ റവന്യു, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വരള്‍ച്ചയാണ് അഭിമുഖീകരിക്കുന്നതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കൊപ്പം ജനങ്ങളും ഉദ്യോഗസ്ഥരും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. 100 വാട്ടര്‍ കിയോസ്‌കുകളുടെ പണി ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. കിയോസ്‌കുകളില്‍ സ്ഥാപിക്കുന്നതിനുള്ള വാട്ടര്‍ ടാങ്കുകള്‍ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുള്ളതായും മാര്‍ച്ച് അഞ്ചിനു മുന്‍പ് കിയോസ്‌കുകളിലൂടെ ജലവിതരണം ആരംഭിക്കാവുന്ന രീതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നതെന്നും ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അറിയിച്ചു. അച്ചന്‍കോവിലാറിലെ ജലനിരപ്പ് താഴ്ന്നുവരികയാണെന്നും ചെക്ക് ഡാമുകള്‍ സ്ഥാപിച്ച് ജലലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വള്ളിക്കോട്, കോന്നി, അതുമ്പുംകുളം തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അടൂര്‍ പ്രകാശ് എം.എല്‍.എ പറഞ്ഞു. പൊതുടാപ്പുകളില്‍ ഹോസ് ഘടിപ്പിച്ച് കിണര്‍ റീചാര്‍ജ് ചെയ്യുന്നവര്‍ സമൂഹത്തോട് വലിയ ദ്രോഹമാണ് ചെയ്യുന്നതെന്നും ഇത്തരക്കാര്‍ക്കെതിരെ വാട്ടര്‍ അതോറിറ്റി വാട്ടര്‍ കണക്ഷന്‍ വിഛേദിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് രാജു ഏബ്രഹാം എം.എല്‍.എ പറഞ്ഞു. പത്തനംതിട്ട മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാണെന്നും ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ടാപ്പുകളില്‍ ജലം ലഭിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ഇതിന് അടിയന്തിരമായി പരിഹാരം കാണണമെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. വാട്ടര്‍ കിയോസ്‌കുകള്‍ പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള കരാറുകള്‍ 27ന് പൂര്‍ത്തിയാക്കി തൊട്ടടുത്ത ദിവസങ്ങളില്‍തന്നെ കുടിവെള്ള വിതരണം തുടങ്ങുമെന്നും ടാങ്കറുകളെ നിരീക്ഷിക്കുന്നതിന് ജി.പി.എസ് ഘടിപ്പിച്ചിട്ടുള്ള ലോറികളിലായിരിക്കും കുടിവെള്ളം എത്തിക്കുകയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ ജനപ്രതിനിധികള്‍, റവന്യു, ജലവിഭവം, പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.