Friday, October 11, 2024
HomeKeralaപഴയ വാഹനങ്ങളുടെ രേഖകളിൽ കൃത്രിമം കാണിച്ചു തട്ടിപ്പ്

പഴയ വാഹനങ്ങളുടെ രേഖകളിൽ കൃത്രിമം കാണിച്ചു തട്ടിപ്പ്

കായംകുളം, മാവേലിക്കര, കോട്ടയം എന്നീ സ്ഥലങ്ങളിലാണ് തട്ടിപ്പു കണ്ടെത്തിയിരിക്കുന്നത്

പഴയ വാഹനങ്ങളുടെ രേഖകളിൽ കൃത്രിമം കാണിച്ചു പുതിയ വാഹനങ്ങളായി വിൽപന നടത്തിയ നാലു ഡീലർമാരുടെ വ്യാപാര സർട്ടിഫിക്കറ്റ് മോട്ടോർ വകുപ്പ് സസ്പെൻഡ് ചെയ്തു. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. കായംകുളം, മാവേലിക്കര, കോട്ടയം എന്നീ സ്ഥലങ്ങളിലാണ് തട്ടിപ്പു കണ്ടെത്തിയിരിക്കുന്നത്. വഞ്ചനകുറ്റം, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകളാണ് ഡീലർമാർക്കെതിരെ ചുമത്തി കേസെടുത്തിരിക്കുന്നത്.

ആലപ്പുഴ ചെങ്ങന്നൂരിൽ വാഹനങ്ങളുടെ നിർമ്മാണ വർഷവും മാസവും തിരുത്തിയാണ് ഡീലർമാർ തട്ടിപ്പുനടത്തിയിരിക്കുന്നത്. ഇതു കണ്ടെത്തിയ ജോയിന്റ് ആര്‍ടിഒ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ചെങ്ങന്നൂർ ആർടി ഓഫിസിൽ റജിസ്ട്രേഷനെത്തിച്ച വാഹനങ്ങളിൽ നടത്തിയ പരിശോധനക്കിടെയാണ് തെറ്റായ വിവരങ്ങളടങ്ങിയ രേഖകൾ ഉദ്യോഗസ്ഥർ കണ്ടുപിടിച്ചത്. വലിയ വിൽപനയില്ലാത്ത ചില വാഹനങ്ങൾക്ക് 2017 എന്ന് നിർമാണ വർഷം രേഖപ്പെടുത്തിയിരുന്നതാണ് സംശയമുണ്ടാക്കിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പഴക്കമുള്ള വാഹനങ്ങൾ രേഖകളിൽ തെറ്റായ വിവരം രേഖപ്പെടുത്തി വിറ്റുവെന്ന് കണ്ടെത്തിയത്.

2016 ന്റെ തുടക്കത്തിലുള്ള വാഹനങ്ങളുടെ നിർമാണ മാസം 2016 ഡിസംബറും 2017 ജനുവരിയുമൊക്കെ ആക്കിയായിരുന്നു വ്യാജ രേഖ ചമച്ചു തട്ടിപ്പു നടത്തിയത്. തട്ടിപ്പ് കണ്ടെത്തിയതോടെ റജിസ്ട്രേഷനെത്തിച്ച വാഹനങ്ങളിൽ വ്യാപകമായി പരിശോധന നടത്തി. നാല് കമ്പനികളുടെ ആറ് വാഹനങ്ങളാണ് കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ പിടിക്കപ്പെട്ടത്. മൂന്ന് കാറുകളും ഒരു ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളുമാണ് പിടികൂടിയത്. തുടർന്ന് ജോയിന്റ് ആർടിഒ ഷിബു കെ. ഇട്ടി നൽകിയ പരാതിയിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments