Saturday, April 27, 2024
HomeNationalഇനി കേന്ദ്രം പറയുന്ന വിഷയങ്ങളില്‍ മാത്രം ഗവേഷണം നടത്തിയാല്‍ മതി; നിര്‍ദേശത്തില്‍ പ്രതിഷേധം ശക്തമാകുന്നു

ഇനി കേന്ദ്രം പറയുന്ന വിഷയങ്ങളില്‍ മാത്രം ഗവേഷണം നടത്തിയാല്‍ മതി; നിര്‍ദേശത്തില്‍ പ്രതിഷേധം ശക്തമാകുന്നു

ഇനി കേന്ദ്രം പറയുന്ന വിഷയങ്ങളില്‍ മാത്രം ഗവേഷണം നടത്തിയാല്‍ മതിയെന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഉത്തരവില്‍ പ്രതിഷേധിച്ച് കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാലയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിന്നും ഡോ. മീന ടി പിള്ള രാജിവെച്ചതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. കേന്ദ്രസര്‍വ്വകലാശാലകളില്‍ ദേശീയ മുന്‍ഗണനയുള്ള വിഷയങ്ങളില്‍ മാത്രം ഗവേഷണം നടത്തിയാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഈ നിര്‍ദേശത്തെ തുടര്‍ന്നാണ് കാസര്‍കോട് പെരിയയിലെ കേന്ദ്രസര്‍വ്വകലാശാല ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഗവേഷണ മേഖലകളുടെ പട്ടിക സര്‍വ്വകലാശാല തന്നെ തയ്യാറാക്കുമെന്നും അതില്‍ നിന്ന് വിദ്യാര്‍ത്ഥി ഒരു വിഷയം തെരഞ്ഞെടുത്താല്‍ മതിയെന്നുമാണ് തീരുമാനം. ഗവേഷണത്തിന്റെ ലക്ഷ്യങ്ങളെ തന്നെ തകര്‍ക്കുന്നതാണ് ഈ ഉത്തരവെന്ന് കേന്ദ്രസര്‍വ്വകലാശാലയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ ഡോ. മീന ടി പിള്ള വ്യക്തമാക്കി. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍വ്വകലാശാല ഗവേഷണ സംബന്ധിയായി കൊണ്ടുവന്ന ചില നിയന്ത്രണങ്ങള്‍ അത്യന്തം പ്രതിലോമകരമാണെന്ന അഭിപ്രായം അക്കാദമിക് സമൂഹത്തിനിടയില്‍ ശക്തമാവുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ദേശീയ മുന്‍ഗണനയുള്ള വിഷയങ്ങളില്‍ മാത്രമേ ഗവേഷണം നടക്കാവൂ, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഗവേഷണ വിഷയം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കുകയില്ല, അപ്രസക്തമായ ഗവേഷണങ്ങള്‍ അനുവദിക്കുകയില്ല എന്നൊക്കെയാണ് സര്‍വകലാശാല പുറത്തിറക്കിയ സര്‍ക്കുലര്‍ പറയുന്നത്. ദേശീയ മുന്‍ഗണന എന്ന സങ്കല്‍പ്പം ഇന്ന് രാജ്യത്ത് നിലവിലുള്ള സാഹചര്യത്തില്‍ തീര്‍ത്തും സംശയാസ്പദമാണ്. അന്ധവിശ്വാസവും അനാചാരങ്ങളും ശാസ്ത്രവിരുദ്ധ സങ്കല്‍പങ്ങളും പ്രചരിപ്പിക്കാന്‍ കേന്ദ്രസ്ഥാപനങ്ങളെ ഉപയോഗിക്കുന്ന സംഘപരിവാര്‍ നയങ്ങളുടെ തുടര്‍ച്ചയാണോ ഈ തീരുമാനം എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേന്ദ്രനിര്‍ദേശത്തെ പരിഹസിച്ചാണ് രാഹുലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേന്ദ്ര നിര്‍ദേശവും അതില്‍ പ്രതിഷേധിച്ചുള്ള പ്രൊഫസര്‍ മീന ടി പിള്ളയുടെ രാജിയും പ്രതിപാദിക്കുന്ന വാര്‍ത്തയ്‌ക്കൊപ്പമാണ് രാഹുല്‍ ഈ കുറിപ്പ് പോസ്റ്റുചെയ്തത്.

‘ഇനിമുതല്‍ രാജ്യത്തെ ബുദ്ധിജീവികള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ബുദ്ധിശാലിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മന്ത്രിയും (പ്രകാശ് ജാവഡേക്കര്‍) അതിബുദ്ധിമാനായ പ്രധാനമന്ത്രിയും നിര്‍ദേശിക്കു’മെന്നായിരുന്നു രാഹുലിന്റെ പോസ്റ്റ്. ‘അല്പജ്ഞാനം അപകടമാണെന്നുപറഞ്ഞത് ശരിയാണ്’ എന്നും അദ്ദേഹം പരിഹസിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments