കേരളക്കാർ നാടിന് എതിരായിട്ട് ചിന്തിക്കുന്നവർ… രാജസേനന്റെ ഫേസ്ബുക്ക് ലൈവ്

rajasenan

എസ് ശ്രീധരൻ പിളള പറഞ്ഞത് കടമെടുത്താൽ, ശബരിമല പോലൊരു സുവർണാവസരം ലഭിച്ചിട്ടും കേരളത്തിൽ ഒരു സീറ്റ് പോലും നേടാതെ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ് ബിജെപി. ഏറെ പ്രതീക്ഷിച്ച പത്തനംതിട്ടയിൽ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തും തിരുവനന്തപുരത്ത് കുമ്മനം രണ്ടാം സ്ഥാനത്തുമായി. കേന്ദ്രത്തിൽ ഭരണം കിട്ടിയപ്പോഴും കടുത്ത നിരാശയിലാണ് കേരളത്തിലെ ബിജെപിക്കാർ.

ബിജെപി അനുഭാവിയായ സംവിധായകൻ രാജസേനൻ ഫേസ്ബുക്ക് ലൈവിൽ പ്രതികരിച്ചിരിക്കുന്നത് കേരളം ഭാരതത്തിൽ അല്ലെന്ന് വീണ്ടും തെളിയിച്ചു എന്നാണ്. രാജസേനന്റെ വാക്കുകൾ ഇങ്ങനെയാണ്: ”ഭാരതം ബിജെപിയും നരേന്ദ്രമോദിയും ചേര്‍ന്ന് എടുക്കുവാണ് എന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ അത് സംഭവിച്ചു.

ഭാരതം ബിജെപിയും മോദിയും ചേര്‍ന്ന് എടുത്ത് കഴിഞ്ഞു. ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തിരിച്ച് നല്‍കാന്‍ കഴിയാത്ത രീതിയില്‍ അസാമാന്യ വിജയത്തോട് കൂടി എടുത്തു. പക്ഷേ കേരളം ഭാരതത്തില്‍ അല്ല എന്ന് നമ്മള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു എന്നതാണ് ദുഖകരമായ സത്യം”.”ശ്രീ കുമ്മനവും സുരേഷ് ഗോപിയുമൊക്കെ ഇവിടെ തോറ്റപ്പോള്‍ തോറ്റത് നന്മയും വിശ്വാസവും മാത്രമാണ്. ജയിച്ചതാണെങ്കിലോ കുറേ അഴിമതിയും കുറേ അക്രമവും. വേറെ ഒന്നുമില്ല. കാലാകാലങ്ങളായി നമ്മള്‍ ഇങ്ങനെ മണ്ടത്തരം കാണിച്ച് തെളിയിച്ചതാണ്. ഇനിയും അനുഭവിക്കുക. അത്രയേ ഉളളൂ. പക്ഷേ ഒരു കാര്യം സ്വന്തം നാടിന് എതിരായിട്ട് ഇങ്ങനെ ചിന്തിക്കുന്ന ഒരു സമൂഹം കേരളത്തില്‍ അല്ലാതെ വേറെ ലോകത്ത് എവിടെയും കാണാന്‍ സാധിക്കില്ല. സങ്കടമുണ്ട്. ഒരുപാട് വിഷമം ഉണ്ട്” എന്നാണ് രാജസേനന്‍ ലൈവ് വീഡിയോയില്‍ പറയുന്നത്.

രാജസേനന്റെ ഫേസ്ബുക്ക് ലൈവിന് കനത്ത പ്രതികരണങ്ങളാണ് കിട്ടുന്നത്. കേരളം ചാണകത്തില്‍ ചവിട്ടാന്‍ തീരുമാനിച്ചിട്ടില്ല എന്നും എല്‍ഡിഎഫിനേയോ യുഡിഎഫിനേയോ ജയിപ്പിച്ചാലും ഒരിക്കലും ബിജെപിയെ ജയിപ്പിക്കില്ല എന്നുമാണ് നിരവധി പേര്‍ കമന്റ് ചെയ്യുന്നത്. മാത്രമല്ല കേരളത്തില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണ് എങ്കില്‍ ഗുജറാത്തിലോ യുപിയിലോ പോകാനും രാജസേനനെ ആളുകള്‍ പരിസഹിക്കുന്നുണ്ട്.