ശബരിമലയിലെ പുതിയ സ്വർണ കൊടിമരം കേടുവരുത്തിയ നിലയിൽ കണ്ടെത്തി. ഇത് സംബന്ധിച്ച് ദേവസ്വം ബോർഡ് ഡി.ജി.പിക്ക് പരാതി നൽകി. തുണിയിൽ മെർക്കുറി പുരട്ടിയ ശേഷം കൊടിമരത്തിലേക്ക് എറിഞ്ഞതാവാമെന്നാണ് സംശയിക്കുന്നത്. കൊടിമരത്തിന്‍റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറി (രസം)ഒഴിച്ചതായാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പഞ്ചവര്‍ഗത്തറയിലെ സ്വര്‍ണം ഉരുകി. ഉച്ചപൂജക്ക് ശേഷം പഞ്ചവര്‍ഗത്തറയിലെ നിറം മാറിയിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോളാണ് മെര്‍ക്കുറി ഒഴിച്ചതായി മനസിലായത്.ഇന്ന് ഉച്ചക്ക് 11.50നും 1.40നും മധ്യേയുള്ള മുഹൂർത്തത്തിലാണ് സ്വർണ കൊടിമര പ്രതിഷ്ഠ നടന്നത്. വലിയ ഭക്തജനത്തിരക്കും സന്നിധാനത്തുണ്ടായിരുന്നു. ഉച്ചപൂജക്ക് ശേഷം ഭക്തർ മലയിറങ്ങിയ ശേഷമാണ് കൊടിമരം കേടുവരുത്തിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ദേവസ്വം അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. 3.20 കോടി രൂപ മുടക്കിയാണ് പുതിയ കൊടിമരം സന്നിധാനത്ത് പ്രതിഷ്ഠിച്ചത്. 9.161 കിലോ ഗ്രാം സ്വർണമാണ് ഇതിനായി ഉപയോഗിച്ചത്. ഹൈദരാബാദിലെ ഫീനിക്‌സ് ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇതിനുള്ള പണം വഴിപാടായി നല്‍കിയത്. 1957-58 കാലഘട്ടത്തില്‍ നിര്‍മിച്ചതാണ് ശബരിമലയിലെ കൊടിമരം. ദേവപ്രശ്നത്തില്‍ കേടുപാടുകളുണ്ടെന്നു കണ്ടതിനെത്തുടര്‍ന്നാണ്, തടിയില്‍ കൊടിമരം നിര്‍മിച്ചു സ്വര്‍ണം പൊതിയാന്‍ തീരുമാനിച്ചത്.
സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. പമ്പയിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻറിൽ നിന്ന് പിടികൂടിയ ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ ആന്ധ്ര വിജയവാഡ സ്വദേശികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മൂന്നു പേര്‍ തറയിലേക്ക് എന്തോ ഇടുന്നതായോ ഒഴിക്കുന്നതായോ കണ്ടെത്തിയിരുന്നു.ഇൗ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംശയമുള്ള ആന്ധ്രസ്വദേശികളെ പിടികൂടിയത്.
പ്രതികളെ സ്ഥിരീകരിച്ചാല്‍ പൊതുമുതല്‍ നശിപ്പിച്ചതിനും മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനുമടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.