സംസ്ഥാനത്ത് മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായി പോരാടുകയും അവരെ അമര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇത്തരക്കാരോട് ഒരു വിട്ടുവീഴ്ചയുമില്ല. മദ്യത്തിന്റെ കാര്യത്തില്‍ വര്‍ജനമെന്നതാണ് സര്‍ക്കാര്‍ നയം. അതിന് അതിന്റേതായ ശാസ്ത്രീയമായ കാരണങ്ങളുണ്ട്. എന്നാല്‍ മയക്കുമരുന്നിന്റെ കാര്യത്തില്‍ കര്‍ശനമായ വിരുദ്ധ നിലപാട് തന്നെയാണ്. മയക്കുമരുന്ന് കര്‍ശനമായി തന്നെ തടയേതുണ്ട്. ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ വലിയ തോതിലുള്ള പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ‘ഭാഗമായി സംസ്ഥാനത്ത് 10 ഡീ അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ വിമുക്തി മിഷന്റെ ഭാഗമായാണ് സെന്ററുകള്‍ തുടങ്ങുന്നത്. മദ്യത്തിന് അടിപ്പെട്ടുപോയവരെ രക്ഷിക്കാന്‍ ചികിത്സ കൂടി ആവശ്യമാണ്. ഇക്കാര്യത്തില്‍ കാര്യമായ ഇടപെടലിനാണ് വിമുക്തി മിഷന്റെ ‘ഭാഗമായി ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയിലാണ് 10 ജില്ലകളില്‍ സെന്ററുകള്‍ ആരംഭിക്കുന്നത്. പയ്യന്നൂര്‍, കൊല്ലം, ചാവക്കാട് താലൂക്ക് ആശുപത്രികള്‍, പാല, ആലുവ, നെയ്യാറ്റിന്‍കര, കല്‍പ്പറ്റ ജനറല്‍ ആശുപത്രികള്‍, മാവേലിക്കര ജില്ലാ ആശുപത്രി, റാന്നി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആവശുപത്രി, അഗളി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡീ അഡിക്ഷന്‍ സെന്റ്റുകള്‍ തുടങ്ങാന്‍ ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.
ഈ നടപടി കേരളത്തിന്റെ സാമൂഹ്യ രംഗത്ത് വലിയ ചലനം ഉണ്ടാക്കും.
ലഹരിക്കെതിരെ പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥര്‍ ഉണര്‍ന്നുതന്നെ പ്രവര്‍ത്തിക്കണം. ലഹരിമാഫയക്ക് ഒത്താശ ചെയ്യുന്നതായി ചില ഉദ്യോഗസ്ഥരെക്കുറിച്ച് പരാതി ഉണ്ടാകുന്നുണ്ട്. ഇത്തരം കേസുകളില്‍ സര്‍ക്കാരിന് കര്‍ക്കശ നിലപാടായിരിക്കും. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. എന്നാല്‍ സ്വന്തം ചുമതല നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ പിന്തുണയും സംരക്ഷണവും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.