സ്വകാര്യത മൗലികാവകാശമാണെന്ന വിധി ബീഫ് നിരോധത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ ബീഫ് നിരോധം ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാനമായ പരാമര്‍ശം. സ്വകാര്യത മൗലികാവകാശമാണെന്ന് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. സ്വകാര്യതയില്‍ ഇഷ്ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുമെന്ന് വിധിയില്‍ പറയുന്നുണ്ട്. അതുകൊണ്ട് ബീഫ് നിരോധത്തിനും വിധി ബാധകമാകുമെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധി എങ്ങനെയാണ് ഈ കേസിനെ ബാധിക്കുകയെന്ന് ചില അഭിഭാഷകര്‍ കോടതിയോട് ആരാഞ്ഞിരുന്നു. അതിനു മറുപടിയായാണ് ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ണായക പരാമര്‍ശം നടത്തിയത്. സ്വകാര്യത മൗലികാവകാശമാക്കിയ വിധി ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിശകലനങ്ങള്‍ക്കായി സുപ്രീംകോടതി കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു.
സ്വകാര്യതാ വിധി പൗരന്റെ ജീവിതത്തെ എത്തരത്തിലെല്ലാം ബാധിക്കും എന്ന ചര്‍ച്ചകള്‍ക്കിടെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. സ്വകാര്യത മൗലികാവകാശമായി വരുന്നതോടെ വ്യക്തിയുടെ ഭക്ഷണ സ്വാതന്ത്ര്യവും ഇതില്‍ ഉള്‍പ്പെടും. രാജ്യവ്യാപകമായി ബീഫ് നിരോധനം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് വിധി തിരിച്ചടിയാണ്. കശാപ്പിനായി കന്നുകാലികളെ വില്‍പ്പന നടത്തുന്നത് നിയന്ത്രിച്ചുകൊണ്ട് കേന്ദ്രം അടുത്തിടെ ഉത്തരവിട്ടിരുന്നു. സ്വകാര്യതാ വിധി ബീഫ് നിരോധനത്തിനും ബാധകമാണെന്ന് പരമോന്നത കോടതി വ്യക്തമാക്കിയതോടെ കേന്ദ്ര സര്‍ക്കാറിന് ഇതിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാനാവില്ല.
സമ്പൂര്‍ണ ബീഫ് നിരോധനം നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ സംസ്ഥാനത്തിന് പുറത്തു നിന്നു കൊണ്ടുവരുന്ന മാംസം സൂക്ഷിക്കുന്നതിനും കഴിക്കുന്നതിനും തടസമില്ലെന്ന് 2016 മെയില്‍ ബോംബെ ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചത്. പശു, കാള, എരുമ എന്നിവയെ കൊല്ലുന്നതും ഇറച്ചി വില്‍ക്കുന്നതും മഹാരാഷ്ട്രയില്‍ അഞ്ചു വര്‍ഷം വരെ തടവു ലഭിക്കാവുന്ന, ജാമ്യമില്ലാ കുറ്റമാണ്. പിഴ ആയിരത്തില്‍ നിന്ന് പതിനായിരമാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. പശു, കാള, എരുമ ഇറച്ചിയാണ് മഹാരാഷ്ട്രയില്‍ മാട്ടിറച്ചി (ബീഫ്) എന്നറിയപ്പെടുന്നത്. പോത്തിറച്ചിക്ക് നിരോധനമില്ലെങ്കിലും തദ്ദേശീയര്‍ക്ക് വലിയ പ്രിയമില്ല. മാട്ടിറച്ചി വിപണിയില്‍ 25% മാത്രമാണു പോത്തിറച്ചി.
ബീഫ് നിരോധത്തെ സുപ്രീംകോടതി വിധി ബാധിക്കും
RELATED ARTICLES