ആർ.ബി.ഐ പുതിയ 200 രൂപ നോട്ട് പുറത്തിറക്കി. പുതിയ 200 രൂപ നോട്ട് വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് ആർ.ബി.ഐ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഉടൻ തന്നെ പുതിയ നോട്ടുകൾ എ.ടി.എമ്മുകളിലെത്തില്ല. പുതിയ നോട്ടുകൾ നിറക്കുന്നതിനായി മിഷനുകളിൽ മാറ്റം വരുത്തണം. ഇതിന് ശേഷം മാത്രമേ എ.ടി.എമ്മുകളിൽ പുതിയ 200 രൂപ നോട്ടുകൾ ലഭ്യമാവുകയുള്ളു. തെരഞ്ഞെടുത്ത ബാങ്കുകളിലൂടെയും റിസർവ് ബാങ്ക് ശാഖയിലൂടെയുമാണ് പുതിയ നോട്ട് ലഭ്യമാകുക
കടും മഞ്ഞ നിറത്തിലുള്ള നോട്ടിന്റെ ഒരു ഭാഗത്ത് നടുവിൽ മഹാത്മ ഗാന്ധിയുടെ പടവും തൊട്ടടുത്ത് 200 എന്നും അച്ചടിച്ചിട്ടുണ്ട്.മറുഭാഗത്ത് സ്വച്ഛ് ഭാരത് മുദ്രാവാക്യവും ചിഹ്നവും സാഞ്ചി സ്തൂപവുമാണ്.
നോട്ട് തിരിക്കുമ്പോൾ നീലയും പച്ചയും നിറം മാറിവരുന്ന സെക്യൂരിറ്റി ത്രെഡുണ്ട്. അന്ധർക്ക് തിരിച്ചറിയാൻ പ്രത്യേക അടയാളവും അശോകചക്രത്തിന്റെ എംബ്ലവുമുണ്ട്. ദേവനാഗരി ലിപിയിലും 200 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേ ലാണ് ഒപ്പിട്ടത്.