വയലിനിസ്റ്റ് ബാലഭാസ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം . മരണത്തില്‍ സംശയമുണ്ടെന്നും കൊലപാതകമാണെന്നും ഇപ്പോഴും ആവര്‍ത്തിക്കുകയാണ് പിതാവ് കെ സി ഉണ്ണി. കേസ് സിബിഐ അന്വേഷിക്കമെണ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചതിനാല്‍, ഇക്കാര്യം പരിഗണനയിലാണെങ്കിലും അപകടത്തില്‍ ദുരൂഹത ആവര്‍ത്തിക്കുകയാണ് അദ്ദേഹം. 2018 സപ്തംബര്‍ 25ന് പുലര്‍ച്ചെ ഒന്നോടെ കോരാണിയില്‍ ദേശീയപാതയ്ക്കു സമീപത്തെ മരത്തില്‍ നിയന്ത്രണം വിട്ട ഇന്നോവ കാറിടിച്ചാണ് സംഗീത സംവിധായകന്‍ ബാലഭാസ്‌കറും രണ്ടരവയസ്സുകാരി മകള്‍ തേജസ്വനിയും മരണപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുനും സാരമായി പരിക്കേറ്റിരുന്നു. എന്നാല്‍, അപകടസമം ആരാണ് വാഹനമോടിച്ചതെന്ന മൊഴികളിലെ വൈരുധ്യമാണ് കേസിനെ സംശയമുനയില്‍ നിര്‍ത്തിയത്. വാഹനമോടിച്ചത് ബാലഭാസ്‌കറായിരുന്നുവെന്ന് അര്‍ജ്ജുനും അല്ലെന്ന് ഭാര്യ ലക്ഷ്മിയും മൊഴി നല്‍കിയതോടെ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. ഏറെ ചര്‍ച്ചയായതോടെ, ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായി. ഇതോടെ, പണം തട്ടിയടുക്കാന്‍ ബാലഭാസ്‌കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിതയാണെന്ന പിതാവിന്റെയും മറ്റും ആരോപണങ്ങളില്‍ വസ്തുതയുണ്ടോയെന്ന സംശയം ബലപ്പെട്ടു. തുടര്‍ന്നു ശാസ്ത്രീയ പരിശോധന നടത്തിയപ്പോള്‍ അര്‍ജ്ജുന്റെ മൊഴി കളവാണെന്നും വാഹനമോടിച്ചത് അദ്ദേഹമാണെങ്കിലും ആസൂത്രിത അപകടമല്ലെന്നുമായിരുന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. എന്നാല്‍ ദാരുണാന്ത്യത്തിന് ഒരാണ്ട് തികയുമ്പോഴും തങ്ങളുടെ ആരോപണങ്ങളില്‍ ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ ഉറച്ചുനില്‍ക്കുകയാണ്. ബാലഭാസ്‌കറിന്റെ പിതാവ് കെ സി ഉണ്ണി നല്‍കിയ കത്തിലെ ചിലരെ കുറിച്ചുള്ള സാമ്പത്തിക ആരോപണങ്ങളും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഇതിനുശേഷം സിബിഐ അന്വേഷണത്തില്‍ തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.