Wednesday, December 11, 2024
HomeSportsഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 300 റണ്‍സിന് പുറത്ത്

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 300 റണ്‍സിന് പുറത്ത്

ഇന്ത്യക്കെതിരായ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 300 റണ്‍സിന് പുറത്ത്. കൂറ്റന്‍ സ്കോറിലേക്കു നീങ്ങുകയായിരുന്ന ഓസീസിനെ നാലു വിക്കറ്റുമായി തളച്ച ഇടംകൈയന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവായിരുന്നു ഇന്ത്യയുടെ ആയുധം. കുല്‍ദീപിന്റെ സ്വപ്നസമാനമായ അരങ്ങേറ്റത്തിന് ഓസീസ് മറുപടി നല്‍കിയത് ക്യാപ്റ്റന്‍ സ്‌റ്റീവെൻ സ്മിത്തിലൂടെയായിരുന്നു. സെഞ്ചുറിയിലൂടെ സ്മിത്ത് ധര്‍മശാലയില്‍ നിറഞ്ഞുനിന്നു. ബൌളര്‍മാര്‍ക്കും ബാറ്റ്സ്മാന്‍മാര്‍ക്കും പിന്തുണ ലഭിക്കുന്ന ധര്‍മശാലാ പിച്ചില്‍ ഇന്ത്യ ഒരു ഓവറാണ് ബാറ്റ് ചെയ്തത്. റണ്ണൊന്നും എടുത്തില്ല.

ക്യാപ്റ്റന്‍ വിരാട് കോഹ്ലി പ്രതീക്ഷിച്ചപോലെ ടീമിലുണ്ടായില്ല. ഏവരെയും അത്ഭുതപ്പെടുത്തി കുല്‍ദീപ് പകരം ഇടം നേടി. ഇശാന്ത് ശര്‍മയ്ക്ക് പകരം ഭുവനേശ്വര്‍ കുമാറും വന്നു. പകരക്കാരന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്കും നാണയ ഭാഗ്യം കിട്ടിയില്ല. ടോസ് നേടിയ സ്മിത്ത് ബാറ്റിങ് തെരഞ്ഞെടുത്തു.

മാറ്റ് റെന്‍ഷോയുടെ (6 പന്തില്‍ 1) കുറ്റി പിഴുത് ഉമേഷ് യാദവ് ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം നല്‍കി. പിന്നീടു സംഭവിച്ചത് ഡേവിഡ് വാര്‍ണറുടെയും സ്റ്റീവന്‍ സ്മിത്തിന്റെയും റണ്ണൊഴുക്കായിരുന്നു. വാര്‍ണറെ ഇന്നിങ്സിന്റെ ആദ്യ പന്തില്‍ കരുണ്‍ നായര്‍ വിട്ടുകളഞ്ഞു. ജീവന്‍ കിട്ടിയ വാര്‍ണര്‍ പരമ്പരയിലെ ആദ്യ അരസെഞ്ചുറിയോടെയാണ് തിരിച്ചുകയറിയത്.

സ്മിത്ത്-വാര്‍ണര്‍ സഖ്യം ഏകദിനശൈലിയില്‍ ബാറ്റ് വീശി. ഓവറില്‍ അഞ്ചെന്ന നിരക്കില്‍ റണ്ണൊഴുകി. പേസര്‍മാരെ സ്മിത്ത് തലങ്ങും വിലങ്ങും ബൌണ്ടറി പായിച്ചു. രഹാനെയുടെ തന്ത്രങ്ങളെല്ലാം പിഴച്ചു. സ്പിന്നര്‍മാരായ ആര്‍ അശ്വിനെയും രവീന്ദ്ര ജഡേജയെയും ഇറക്കി. റണ്ണൊഴുക്കിന്റെ വേഗം കുറഞ്ഞെങ്കിലും ബാറ്റ്സ്മാന്‍മാരെ പരീക്ഷിക്കാനായില്ല. ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് കുല്‍ദീപിന് രഹാനെ പന്ത് നല്‍കി. ഫലം കിട്ടിയില്ല. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 1-131 റണ്ണെന്ന നിലയില്‍ ഓസീസ് കരുത്തോടെ നിന്നു.

ഉച്ചഭക്ഷണത്തിനുശേഷം കാര്യങ്ങള്‍ മാറിമറഞ്ഞു. കുല്‍ദീപ് ഓസീസിനെ തകര്‍ത്തു. അവസാന ഒമ്പത് വിക്കറ്റുകള്‍ 169ന് കൊഴിഞ്ഞു. ഓരോ പന്തും വ്യത്യസ്ത രീതിയില്‍ എറിഞ്ഞ കുല്‍ദീപ് ഓസീസുകാരെ ഞെട്ടിച്ചു. പലര്‍ക്കും പന്തിന്റെ ഗതി മനസ്സിലായില്ല.

ഉച്ചഭക്ഷണം കഴിഞ്ഞുള്ള നാലാമത്തെ ഓവറിലാണ് കുല്‍ദീപ് ആദ്യ വിക്കറ്റെടുത്തത്. 87 പന്തില്‍ 56 റണ്ണുമായി താളം കണ്ടെത്തിയ ഓസീസ് വൈസ് ക്യാപ്റ്റനെ സ്ളിപ്പില്‍ രഹാനെയുടെ കൈയിലെത്തിച്ചു കുല്‍ദീപ്. കുത്തി ഉയര്‍ന്ന പന്ത് കട്ട് ചെയ്യാന്‍ ശ്രമിച്ച വാര്‍ണറുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഇതിനിടെ ഷോണ്‍ മാര്‍ഷിനെ (14 പന്തില്‍ 4) ഉമേഷ് യാദവും പുറത്താക്കി.

മറുവശത്ത് കുല്‍ദീപ് ഓസീസിനെ വരിഞ്ഞുമുറുക്കി. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ (23 പന്തില്‍ 8) ബാറ്റിനും പാഡിനും ഇടയിലൂടെ നീങ്ങിയ പന്ത് വിക്കറ്റ് തെറിപ്പിച്ചു. ഗ്ളെന്‍ മാക്സ്വെലിനും കുല്‍ദീപിന്റെ പന്തുകളെ മനസ്സിലാക്കാനായില്ല. ബൌണ്ടറി പറത്തിഒരു പന്തിനുള്ളില്‍ കുല്‍ദീപിന്റെ ഗൂഗ്ളിക്കു മുന്നില്‍ മാക്സ്വെലിന്റെ (17 പന്തില്‍ 8) കുറ്റി തെറിച്ചു.

സ്മിത്ത് പക്ഷേ, നങ്കൂരമിട്ടു. തകര്‍ച്ചയിലും മറ്റൊരു സെഞ്ചുറിയിലൂടെ ഓസീസിന് ആശ്വാസം നല്‍കി. കളിജീവിതത്തിലെ 20-ാം സെഞ്ചുറി. പരമ്പരയിലെ മൂന്നാമത്തേത്. ആകെ 14 ബൌണ്ടറികളുമായി കളം വാണ സ്മിത്തിനെ ചായക്ക് തൊട്ടുമുമ്പുള്ള ഓവറില്‍ അശ്വിന്‍ പുറത്താക്കി. രഹാനെ മനോഹരമായി പിടിച്ചു. ഓസീസ് 6-208.

ഒന്നാംദിനത്തിലെ അവസാന ഘട്ടത്തില്‍ ഓസീസ് ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചു. മാത്യു വെയ്ഡ് മുന്നില്‍നിന്ന് നയിച്ചു. വാലറ്റം പിന്തുണ നല്‍കി. വെയ്ഡും പാറ്റ് കുമ്മിന്‍സും കൂടി 37 റണ്‍ കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടുകെട്ടും കുല്‍ദീപ് വേര്‍പെടുത്തി. കുമ്മിന്‍സിനെ (40 പന്തില്‍ 21) സ്വന്തം ബൌളിങ്ങില്‍ പിടികൂടി. സ്റ്റീവ് ഒക്കീഫിയെ (16 പന്തില്‍ 8) പകരക്കാരന്‍ ഫീല്‍ഡര്‍ ശ്രേയസ് അയ്യര്‍ തകര്‍പ്പന്‍ ഏറിലൂടെ റണ്ണൌട്ടാക്കി. പൊരുതിനിന്ന വെയ്ഡിന്റെ (125 പന്തില്‍ 57) വിക്കറ്റ് ജഡേജ പിഴുതു. നതാന്‍ ല്യോണിനെ (28 പന്തില്‍ 13) പൂജാരയുടെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചു.

മറുപടിയില്‍ ഇന്ത്യക്ക് ഓരോവറാണ് കിട്ടിയത്. ജോഷ് ഹാസെല്‍വുഡിന്റെ ഓവറിനെ ലോകേഷ് രാഹുല്‍ അതിജീവിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments