നിയമസഭയില്‍ ‘നാക്കുപിഴയുടെ ആറാട്ട്’

niyamasabha

മണിയുടെ നാവില്‍ വികട സരസ്വതി കളിയാടുന്നുവെന്ന് ആരോപിച്ച് ആരോപണ പ്രത്യാരോപണം നിറഞ്ഞ സഭയുടെ ആദ്യ ദിനത്തില്‍ പലര്‍ക്കും ‘നാക്കുപിഴയുടെ ആറാട്ട്’. മൂന്നാര്‍ കൈയേറ്റത്തിനും മണി വിവാദത്തിനും മറുപടി പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം പിഴച്ചത്. പാപ്പാത്തിച്ചോലയെ ചപ്പാത്തിച്ചോലയാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. അടിയന്തരപ്രമേയം ചർച്ചയ്ക്കു വന്നപ്പോഴാണ് മൂന്നാറിൽ കുരിശു പൊളിച്ച പാപ്പാത്തിച്ചോല മുഖ്യമന്ത്രി പിണറായി വിജയന്റെ നാക്കിൽ ‘ചപ്പാത്തിചോല’യായത്. സഭയിൽ ചിരി പടർന്നപ്പോഴേക്കും തെറ്റുമനസിലാക്കിയ മുഖ്യമന്ത്രി ഉടൻ അതു തിരുത്തുകയും ചെയ്തു. സാംസ്‌കാരിക മന്ത്രി എ കെ ബാലനാണ് പിണറായിയെ തിരുത്തിയത്.

അടിയന്തര പ്രമേയം അവതരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയെ ചിരിപ്പിച്ചു. മൂന്നാറിലെ പെൺകൂട്ടായ്മയായ  പൊമ്പിളൈ ഒരുമൈ എന്നത് വായിക്കാന്‍ തിരുവഞ്ചൂര്‍ പെട്ടപാട് ശരിക്കും ഭരണപക്ഷം ആസ്വദിച്ചു. ”പെണ്‍കള്‍…പെണ്‍മ….പെണ്‍പിളൈ എരുമ” എന്നു പറഞ്ഞ് തപ്പിത്തടഞ്ഞ് തിരുവഞ്ചൂര്‍ ഒരുവിധം ഒപ്പിച്ചു. മണിയുടെ വിവാദ പ്രസംഗം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനിടെയും തിരുവഞ്ചൂരിന് പിഴച്ചു. മണിയുടെ അവിടെയൊരു ഡിവൈഎസ്പിയുണ്ടായിരുന്നല്ലോ… എന്ന പ്രയോഗം തിരുവഞ്ചൂര്‍ അവതരിപ്പിച്ചപ്പോള്‍ ഡിവൈഎഫ്‌ഐ ആയി. സമീപത്തിരുന്ന എംഎല്‍എമാരായ കെ. മുരളീധരന്‍, വിഎസ് ശിവകുമാര്‍, അടൂര്‍പ്രകാശ്, പിടി തോമസ്, കെസി ജോസഫ്, രമേശ് ചെന്നിത്തല എന്നിവര്‍ തിരുവഞ്ചൂരിന്റെ പരാമര്‍ശങ്ങളില്‍ ചിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്‌തമായിരുന്നു.

ഇതെല്ലാം കേട്ട് മലയാളഭാഷ തന്നെ ഞെട്ടി നിൽക്കുമ്പോഴാണ്, നിയമസഭയെ മൊത്തം ഞെട്ടിച്ചുകൊണ്ടുള്ള കെ.എം. മാണിയുടെ പ്രഖ്യാപനം വന്നത്. പ്രതിപക്ഷ ബഹളത്തിനിടെ കെ. എം. മാണിയും സംഘവും വാക്കൗട്ടിനായി എഴുന്നേറ്റു. വാക്കൗട്ട് പ്രസംഗത്തിനിടെ എം.എം. മണി രാജിവയ്ക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് താനും തന്റെ പാര്‍ട്ടിയും രാജി വയ്ക്കുന്നുവെന്നായി കെ.എം. മാണി. പറഞ്ഞു. എം.എം. മണിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ താനും കേരളാ കോൺഗ്രസും സഭാ നടപടികൾ ബഹിഷ്കരിക്കുന്നു എന്നു പറയാൻ ശ്രമിച്ചതാണ് നാക്കുപിഴയിലൂടെ രാജിയായി മാറിയത്.