ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന്. ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ ഒരുകോടി മുപ്പതുലക്ഷം വോട്ടര്‍മാരില്‍ 54 ശതമാനം പേര്‍ വോട്ടുചെയ്തു. നഗരത്തിലെ 35 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടന്നു കൊണ്ടിരിക്കുന്നത്.
ആദ്യ ഫലങ്ങൾ വരുമ്പോൾ ബിജെപി വലിയ കുതിപ്പാണ് നടത്തുന്നത്. ആകെയുള്ള 270 സീറ്റിൽ 185ലധികം സീറ്റുകളിൽ ബിജെപി ലീഡു ചെയ്യുകയാണ്. മൂന്നു മുനിസിപ്പാലിറ്റികളിലും ബിജെപി ലീഡ് ചെയ്യുന്നു. ഇതോടെ തുടർച്ചയായ മൂന്നാം തവണയും ഡൽഹി കോർപറേഷൻ ബിജെപി തന്നെ ഭരിക്കുമെന്ന് ഉറപ്പായി.
ഭരണകക്ഷിയായ ബിജെപിയും ആംആദ്മി പാർട്ടിയും കോണ്‍ഗ്രസും തമ്മിൽ ശക്തമായ ത്രികോണമത്സരമാണ് നടന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും ആംആദ്മി പാർട്ടിക്കും അഗ്നിപരീക്ഷയായി മാറിയ തെരഞ്ഞെടുപ്പിൽ തലസ്ഥാനനഗരിയിലെ മൂന്നു കോർപറേഷനുകളിലും ബിജെപിക്കാണ് മുന്നേറ്റം.
രണ്ടാം സ്ഥാനത്തിനായി ശക്തമായ മൽസരമാണ് നടക്കുന്നത്. 41 സീറ്റുമായി കോൺഗ്രസാണ് ഇപ്പോൾ രണ്ടാമത്. 35 സീറ്റുമായി ആം ആദ്മി പാർട്ടി തൊട്ടുപിന്നിലുണ്ട്
എക്സിറ്റ്പോൾ ഫലങ്ങൾ ബിജെപിക്കാണ് സാധ്യത കൽപ്പിക്കുന്നത്. ആകെയുള്ള 270 സീറ്റിൽ ബിജെപി 200ൽ അധികം സീറ്റുകൾ നേടുമെന്നാണ് പ്രവചനങ്ങൾ. കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപിയാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്.