കെവിന്‍ വധക്കേസ് ;സാക്ഷിക്കെതിരെ കോടതിക്കുള്ളില്‍ ഭീഷണി

kevins murder

കെവിന്‍ വധക്കേസിലെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സാക്ഷിക്കെതിരെ കോടതിക്കുള്ളില്‍ ഭീഷണി. നാലാം പ്രതിയെ തിരിച്ചറിയുന്ന ഘട്ടത്തിലായിരുന്നു ഭീഷണി. സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പ്രോസിക്യൂഷന് കോടതിയുടെ നിര്‍ദ്ദേശം.നാലാം പ്രതിയായ നിയാസിനെ തിരിച്ചറിയുന്ന ഘട്ടത്തിലായിരുന്നു കേസിലെ സാക്ഷിക്കെതിരെ കോടതിക്കുള്ളില്‍ ഭീഷണിയുണ്ടായത്. പ്രതിക്കൂട്ടില്‍ നിന്ന എട്ടാം പ്രതി ആംഗ്യങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതായി കേസിലെ ഇരുപത്തിയാറാം സാക്ഷിയായ ലിജോ കോടതിയില്‍ പരാതിപ്പെട്ടു.

കോടതിയിലും പുറത്തും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കിയ കോടതി, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും, നടപടികളുമായി മുന്നോട്ടു പോകാനും പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. കേസിലെ അഞ്ചാം പ്രതിയായ ചാക്കോയുടെ സുഹൃത്തായ ലിജോ, കെവിനും നീനുവുമായുള്ള ബന്ധം നീനുവിന്റെ വീട്ടില്‍ അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളെകുറിച്ചുള്ള വിസ്താരത്തിനിടെ ചില നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ കോടതിയില്‍ നടത്തിയിരുന്നു.

നീനു കെവിന്റെയൊപ്പം പോവുകയാണെന്ന് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ എഴുതി നല്‍കിയിരുന്നതായി ലിജോ കോടതിയെ അറിയിച്ചു.കെവിനുമായുള്ള ബന്ധത്തിന് എതിരുനിന്ന നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ വാട്സപ്പില്‍ കെവിന്‍റെ ചിത്രങ്ങള്‍ അയച്ചു നല്‍കിയതായും ലിജോ സമ്മതിച്ചു. കെവിന്‍ തീര്‍ന്നുവെന്ന് ഷാനു ചാക്കോ മറുപടി നല്‍കിയെന്നും കെവിന്‍ കൊലപ്പെട്ട് രണ്ടു മണിക്കൂറിനകം വിവരം ഫോണിലൂടെ അറിയിച്ചതെന്നുമാണ് ലിജോ കോടതിയില്‍ അറിയിച്ചത്. വീടാക്രമണത്തിന് മുമ്ബ് പ്രതികള്‍ ഗാന്ധിനഗറില്‍ താമസിച്ച ഹോട്ടല്‍ ഉടമയോടും, കെവിന്‍റെ പിതാവ് ജോസഫ്, നീനു, അനീഷിന്റെ അയല്‍വാസി ടി സി ജോസഫ് എന്നിവരോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.