കലിഫോര്‍ണിയ: ചര്‍ച്ചുകളിലെ കൂടിവരവുകള്‍ നിരോധിച്ച നടപടി ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ കലിഫോര്‍ണിയ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ലൊസ്യൂട്ട് ഫയല്‍ ചെയ്തു.
ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ഹര്‍മിറ്റ് ഡില്ലനാണ് കലിഫോര്‍ണിയാ സംസ്ഥാനത്തിനെതിരായി മൂന്നു ചര്‍ച്ചുകള്‍ക്കു വേണ്ടി ലൊസ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്.
കലിഫോര്‍ണിയ സംസ്ഥാന ഗവര്‍ണര്‍ ന്യൂസം, സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ സേവ്യര്‍, റിവര്‍സൈഡ്, സാന്‍ ബെര്‍നാര്‍ഡിനൊ എന്നീ കൗണ്ടികളെ പ്രതിചേര്‍ത്താണ് കേസ്സ് ക്രിമിനലൈസിങ് ഫ്രീ എക്‌സര്‍സൈസ് ഓഫ് റിലീജന്‍, ഫസ്റ്റ് അമന്റ്‌മെന്റിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പല ചര്‍ച്ചുകളിലും സൂം വഴിയും സോഷ്യല്‍ മീഡിയായിലൂടേയും സംഘടിപ്പിക്കുന്ന ആരാധന പ്രയോജന രഹിതമാണെന്നും സാമൂഹ്യ ബന്ധങ്ങളും വിശ്വാസവും ഊട്ടി ഉറപ്പിക്കുന്നതിന് ഇത്തരം കൂട്ടായ്മകള്‍ക്ക് കഴിയുകയില്ലെന്നും ഡില്ലന്‍ ചൂണ്ടിക്കാട്ടി.
കോസ്റ്റക്കൊ, ലിക്വര്‍ സ്റ്റോര്‍ എന്നിവ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയപ്പോള്‍ ഗുരുദ്വാര, മോസ്ക്, മന്ദിര്‍, സിനഗോഗ്, ചര്‍ച്ച് എന്നിവ അടച്ചിടുന്നതില്‍ എന്താണ് യുക്തി എന്നും അവര്‍ ചോദിക്കുന്നു.
കോവിഡ് തടയുന്നതിനുള്ള നിബന്ധനകള്‍ ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കാന്‍ സാധ്യതയുണ്ടെന്നു പറയുമ്പോള്‍ അതുവരെ പള്ളികളും അടച്ചിടണമെന്നാണോ എന്നു വ്യക്തമാക്കണമെന്നും ഡില്ലന്‍ ആവശ്യപ്പെട്ടു.