മഹാരാഷ്ട്ര മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെത്തുടർന്ന് ലാത്തൂരിൽ അടിയന്തരമായി ഇടിച്ചിറക്കി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെ 4 യാത്രക്കാരും 2 ജീവനക്കാരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള 6 വർഷം പഴക്കമുള്ള സുഖോയ് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
ഹെലികോപ്റ്റർ പൂർണമായും തകർന്നതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു. ലാത്തൂരിൽ ബിജെപി മറാത്ത്വാഡ റീജണിന്റെ ശിവർ സംവാദ് സഭയിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു ഫഡ്നാവിസും സംഘവും. ലാത്തൂരിൽ പോകും വഴി ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തരമായി ഇടിച്ചിറക്കിയെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഫഡ്നാവിസ് ട്വീറ്റ് ചെയ്തു. ചോപ്പർ ഇടിച്ചിറക്കിയ നിലങ്കയിൽനിന്ന് റോഡ് മാർഗം 40 കിലോമീറ്റർ അകലെയുള്ള ലത്തൂരിലെത്തിയ മുഖ്യമന്ത്രിയും സംഘവും പ്രത്യേക വിമാനത്തിൽ മുംബൈയിലേക്കു മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു പൈലറ്റ് ഹെലികോപ്റ്റർ അടിയന്തരമായി തിരിച്ചിറക്കിയത്.
ഐഎഎസ് ഉദ്യോഗസ്ഥൻ, മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി, പേഴ്സണൽ അസിസ്റ്റന്റ്, മാധ്യമ ഉപദേഷ്ടാവ് എന്നിവരാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്. പിഎയ്ക്കു നിസാര പരിക്കേറ്റതായി മുഖ്യമന്ത്രി ലാത്തൂരിൽ പറഞ്ഞു.