Tuesday, September 17, 2024
HomeNationalകന്നുകാലി കശാപ്പു നിരോധനം ; പിന്നാമ്പുറത്തെ രാഷ്ട്രീയവും ചരിത്രവും

കന്നുകാലി കശാപ്പു നിരോധനം ; പിന്നാമ്പുറത്തെ രാഷ്ട്രീയവും ചരിത്രവും

ഒരാള്‍ എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കുന്നതില്‍ ഭരണകൂടത്തിന് എന്ത് അവകാശം എന്ന വിഷയം ചൂടേറിയ ചർച്ചൾക്കും പ്രതിഷേധത്തിനും ഇടയാക്കും. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 60 ശതമാനവും മാംസാഹാരം കഴിക്കുന്നവരാണ്. 31 ശതമാനം മാത്രമെ സസ്യാഹാരം മാത്രം കഴിക്കുന്നവരുള്ളു. ശേഷിക്കുന്ന ഒമ്പത് ശതമാനം പേരും സസ്യാഹാരത്തോടൊപ്പം മുട്ടയും കഴിക്കുന്നവരാണ്.

ദരിദ്രരുടെ മാംസാഹാരം എന്നാണ് പൊതുവെ മാട്ടിറച്ചി അറിയപ്പെടുന്നത്. പോഷകാഹാരക്കമ്മിയില്‍ ലോകത്ത് രണ്ടാംസ്ഥാനമാണ് ഇന്ത്യക്ക്. രാജ്യത്തെ 47 ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. പട്ടിണിയുടെ കാര്യത്തിലും ഇന്ത്യ മുന്നിലാണ്. പട്ടിണിയും പോഷകാഹാരക്കമ്മിയും പരിഹരിക്കുന്നതില്‍ മാംസാഹാരത്തിന്റെ പങ്ക് വലുതാണ്. സസ്യാഹാരംകൊണ്ട് മാത്രം ഇവ പരിഹരിക്കാവുന്നതുമല്ല. കന്നുകാലികളുടെ എണ്ണത്തിന്റെ കാര്യത്തിലും ഇന്ത്യയാണ് ലോകത്ത് ഒന്നാമത്. ഇവയുടെ ഒരു ചെറിയ ഭാഗമെ മാംസാവശ്യത്തിനായി കശാപു ചെയ്യപ്പെടുന്നുള്ളൂ. പ്രോട്ടീന്‍ ധാരാളമടങ്ങിയ മാട്ടിറച്ചി രാജ്യത്തെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനുതകുന്നതാണ്.

കന്നുകാലികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്കാണ് ലോകത്ത് ഒന്നാം സ്ഥാനം. ലോകത്തെ പശുക്കളുടെ 16 ശതമാനവും മൊത്തം പോത്തുകളുടെ പകുതിയിലധികവും ഇന്ത്യയിലാണ്. മൊത്തം 20.90 കോടി പശുക്കളാണ് ഇന്ത്യയിലുള്ളതെങ്കിലും അവയുടെ 6.4 ശതമാനം മാത്രമെ കശാപുചെയ്യപ്പെടുന്നുള്ളൂ. 9.1 കോടി പോത്തുകളില്‍ 11.1 ശതമാനം മാത്രമെ ഇറച്ചിയാവശ്യത്തിനായി കൊല്ലുന്നുള്ളൂ. പ്രായമായതും പ്രത്യുല്‍പാദന ശേഷി ഇല്ലാത്തതുമായ കന്നുകാലികള്‍ കര്‍ഷകരെ സംബന്ധിച്ച് ഒരു ഭാരമാണ്.

ഇന്ത്യയിലെ ഭക്ഷണ രീതിയെ കുറിച്ച് 2006ല്‍ ദി ഹിന്ദു-സിഎന്‍എന്‍ ഐബിഎന്‍ നടത്തിയ സര്‍വ്വെ ഇന്ത്യ ഒരു വെജിറ്റേറിയന്‍ രാജ്യമാണെന്ന വാദം പൊള്ളയാണെന്ന് തെളിയിക്കുന്നു. 19 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വ്വെ പ്രകാരം ഇന്ത്യയിലെ ഭൂരിപക്ഷം കുടുംബങ്ങളും മാംസാഹാരപ്രിയരാണ്. അഥവാ സര്‍വ്വെ നടത്തിയവരില്‍ 60 ശതമാനവും മാംസാഹാരം കഴിക്കുന്നവരാണ്. വെറും 31 ശതമാനം മാത്രമാണ് സസ്യാഹാരം മാത്രം കഴിക്കുന്നവര്‍. ശേഷിക്കുന്ന ഒമ്പത് ശതമാനം സസ്യാഹാരത്തോടൊപ്പം മുട്ടയും കഴിക്കും. 21 ശതമാനം കുടുംബങ്ങള്‍ മാത്രമാണ് എല്ലാ അംഗങ്ങളും വെജിറ്റേറിയനായിട്ടുള്ളവര്‍.
ബ്രഹ്മണ സമുദായത്തില്‍ പോലും 55 ശതമാനം മാത്രമെ സസ്യാഹാരം ശീലമാക്കിയവരുള്ളൂ. ആദിവാസികളില്‍ 12 ശതമാനവും. ഹിന്ദുക്കളില്‍ മഹാഭൂരിപക്ഷവും മാംസാഹാരപ്രിയരാണെന്ന് സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു. അതേസമയം ക്രിസ്ത്യാനികള്‍ എട്ട് ശതമാനം വെജിറ്റേറിയനാണ്.

കേരളമടക്കമുള്ള തീരദേശ സംസ്ഥാനങ്ങളില്‍ സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ വിരളമാണ്. കേരളത്തില്‍ വെറും രണ്ട് ശതമാനം കുടുംബങ്ങള്‍ മാത്രമെ സസ്യാഹാരം മാത്രം കഴിക്കുന്നവരുള്ളൂ. തമിഴ്‌നാട്ടിലും ഒഡീഷയിലും എട്ട് ശതമാനവും ആന്ധ്ര പ്രദേശില്‍ നാല് ശതമാനവും പശ്ചിമ ബംഗാളില്‍ മൂന്ന് ശതമാനവും കുടുംബങ്ങള്‍ മാത്രമാണ് പൂര്‍ണമായും സസ്യാഹാരത്തെ ആശ്രയിക്കുന്നവര്‍. രാജസ്ഥാന്‍ (63 ശതമാനം), ഹരിയാന (62 ശതമാനം) എന്നിവിടങ്ങളിലാണ് സസ്യാഹാരം മാത്രം ശീലമാക്കിയവര്‍ക്ക് ഭൂരിപക്ഷമുള്ളൂ. കടുത്ത ഗോവധ നിരോധനം നിലനില്‍ക്കുന്ന ഗുജറാത്തിലും മധ്യപ്രദേശിലും മാംസം കഴിക്കുന്നവരാണ് കൂടുതല്‍ എന്നത് ശ്രദ്ധേയം. ഗുജറാത്തില്‍ 55 ശതമാനവും മധ്യപ്രദേശില്‍ 65 ശതമാനവും മാംസം കഴിക്കുന്നവരാണ്.

മാംസാഹാരത്തിന്റെ ഏറ്റവും കൂടുതല്‍ ഉപഭോഗം കേരളത്തിലാണ്. ആസാം, പശ്ചമി ബംഗാള്‍ ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവയാണ് കേരളത്തിന് തൊട്ടുപിറകെയുള്ള സംസ്ഥാനങ്ങള്‍. പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് ഇതില്‍ പിന്നില്‍. ഗ്രാമങ്ങളില്‍ 53 ശതമാനത്തോളം പേര്‍ മാംസാഹാരം ഉപയോഗിക്കുമ്പോള്‍ നഗരത്തിലിത് 42.6 ശതമാനമാണ്.

മാട്ടിറച്ചി കയറ്റുമതിയില്‍ ലോകത്ത് ഇന്ത്യയ്ക്കാണ് ഒന്നാം സ്ഥാനം. ബ്രസീലാണ് തൊട്ടുപിന്നില്‍. രാജ്യത്ത് അതിവേഗം വളരുന്ന മേഖലയാണ് മാട്ടിറച്ചി കയറ്റുമതി. മൂന്ന് വര്‍ഷത്തിനിടെ 35 ശതമാനത്തോളം വളര്‍ച്ചയാണ് ഈ മേഖലയില്‍ ഇന്ത്യ കൈവരിച്ചത്.
രാജ്യത്തെ കയറ്റുമതി മേഖലയില്‍ നിന്നുള്ള മൊത്തം വരുമാനത്തിന്റെ 12 ശതമാനവും ഇറച്ചിക്കയറ്റുമതിയില്‍ നിന്നാണ്. 500 കോടി ഡോളര്‍ (ഏകദേശം 30000 കോടി രൂപ) ആണ് ഈ മേഖലയില്‍ നിന്നു മാത്രം ലഭിക്കുന്നത്. അതില്‍ 70 ശതമാനവും മാട്ടിറച്ചിയില്‍ നിന്നാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സംസ്‌കൃത ഭക്ഷ്യവസ്തു കയറ്റുമതി വികസന അതോറിറ്റി (എപിഇഡിഎ)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2013ല്‍ 14 ലക്ഷം ടണ്‍ മാട്ടിറച്ചിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

രാജ്യത്ത് 33 അംഗീകൃത അറവു ശാലകളും 50 സംയോജിത മാംസ സംസ്‌ക്കരണ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അതിന് പുറമെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 20000ലധികം കശാപുശാലകളും മാട്ടിറച്ചി കയറ്റുമതിയുടെ ഭാഗമാണ്. പൊതുധാരണയ്ക്ക് വിരുദ്ധമായി ഈ അറവു ശാലകളില്‍ മിക്കതും മുസ്ലിം ഇതര മതത്തില്‍പെട്ട വ്യവസായികളുടെ ഉടമസ്ഥതയിലുള്ളവയാണ്.

അറവുശാലകള്‍ പ്രവര്‍ത്തിക്കാന്‍ കര്‍ശന നിയമ വ്യവസ്ഥകളാണ് രാജ്യത്തുള്ളത്. വൃത്തി, ശുചീകരണ സൗകര്യം, ഗുണനിലവാരം, ഉടമസ്ഥാവകാശം എന്നിവ പരിശോധിച്ചാണ് അറവു ശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. അറവുശാലകളുടെ ലൈസന്‍സ് കാലാവധി ഒരു വര്‍ഷവും സംസ്‌ക്കരണ യൂണിറ്റുകളുടേത് രണ്ട് വര്‍ഷവുമാണ്. മാംസക്കയറ്റുമതിക്ക് അറവുശാലകളും ഇറച്ചി സംസ്‌ക്കരണ യൂണിറ്റുകളും അപേഡയില്‍ (സംസ്‌കൃത ഭക്ഷ്യ കയറ്റുമതി വികസന അതോറിറ്റി) രജിസ്റ്റര്‍ ചെയ്യണമെന്നിരിക്കെ രാജ്യത്ത് അനധികൃത അറവുശാലകളും മാംസക്കടത്തും വ്യാപകമാണെന്ന പ്രചാരണം തെറ്റാണ്.

ഇറച്ചി വ്യവസായത്തിലെ വളര്‍ച്ച തുകല്‍ വ്യവസായം പോലുള്ള മറ്റു അനുബന്ധ വ്യവസായങ്ങള്‍ക്കും സഹായകമാണ്. ആഗോളതലത്തില്‍ ലെതര്‍ കയറ്റുമതിയുടെ മൂന്ന് ശതമാനം മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ളതെങ്കിലും അതിലൂടെ മാത്രം 900 കോടി ഡോളര്‍ (ഏകദേശം 55000 കോടി രൂപ) ആണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ലഭിക്കുന്നത്.

വൈദികകാലം മുതല്‍ ആര്‍ഷ ഭാരത സംസ്‌ക്കാരത്തിന്റെ ഭാഗമാണ് ഗോമാതാപൂജയെന്ന സംഘപരിവാറിന്റെ വാദം തെറ്റാണെന്ന് വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ധര്‍മശാസ്ത്രങ്ങളും അടിസ്ഥാനമാക്കി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. അശ്വമേധം, രാജസൂയം, വാജപേയ യാഗം, അഗ്‌നിഹോത്രം തുടങ്ങിയ വേദകാല ആചാരങ്ങളിലെല്ലാം വന്‍തോതില്‍ തന്നെ മൃഗബലി നടത്തിയിരുന്നു. ഹിന്ദു അവതാരമായ രാമനും സീതയും മാംസം കഴിച്ചിരുന്നതായി പുരാണ ഗ്രന്ഥങ്ങള്‍ പറയുന്നു. പ്രാചീനകാലത്ത് ബ്രാഹ്മണര്‍, രാജാക്കന്മാര്‍, പ്രഭുക്കള്‍ മുതലായ പ്രമുഖരായ അതിഥികളെ സത്ക്കരിക്കാന്‍ ഗോമാംസമടക്കമുള്ള വിഭവങ്ങള്‍ നിരത്തിയിരുന്നു. ആയുര്‍വേദ ഗ്രന്ഥത്തില്‍ പശുമാംസം ഭക്ഷിക്കുന്നതിന്റെ ഗുണങ്ങള്‍ വരെ വിവരിക്കുന്നുണ്ട്. അഥവാ ജൈന മതത്തിന്റെ ആവിര്‍ഭാവം വരെ ആര്‍ഷഭാരത സംസ്‌ക്കാരത്തില്‍ പശുവിന്റേതടക്കമുള്ള മാംസങ്ങള്‍ ഭക്ഷിച്ചിരുന്നു എന്നത് വ്യക്തം.

ഹിന്ദു മതത്തിലെ പിന്നോക്ക ജാതിക്കാരും മാംസം ഭക്ഷണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നവരാണ്. ആര്‍എസ്എസ്സ് നേതാക്കളില്‍ ചിലര്‍ക്കും മാംസാഹാരം നിഷിദ്ധമായിരുന്നില്ലെന്നത് വേറെ കാര്യം. ആര്‍എസ്എസിന്റെ മൂന്നാമത്തെ സര്‍ സംഘ്ചാലകായിരുന്ന ബാലസാഹെബ് ദേവ്‌റസ് ആഴ്ച്ചയിലൊരിക്കല്‍ മാംസാഹാരം കഴിക്കാന്‍ നാഗ്പൂരിലെ സംഘപരിവാര്‍ ആസ്ഥാനത്ത് നിന്നും പുറത്തുപോകുമായിരുന്നുവെന്ന് ചരിത്രകാരന്‍ ജ്യോതിര്‍മയ ശര്‍മ പറയുന്നു.

രാജ്യത്തെ അറുപത് ശതമാനത്തിലേറെ പേരും മാംസാഹാരികളാണ്. മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തില്‍ താഴെ മാത്രമെ മുസ്ലിംകളുള്ളൂ. അഥവാ മാംസാഹാരികളില്‍ ഭൂരിപക്ഷവും ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്. ദളിതരും ആദിവാസി വിഭാഗങ്ങളും ചില ഉന്നത ജാതിക്കാരും മറ്റു പിന്നാക്ക വിഭാഗക്കാരും മാംസാഹാരം കഴിക്കുന്നവരാണ്. ചില ബ്രാഹ്മണ വിഭാഗക്കാരും ഈ ഗണത്തില്‍ പെടും. മഹാരാഷ്ട്രയിലും മാംസാഹാരികള്‍ മുസ്ലിംകള്‍ മാത്രമല്ല. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയുടെ 11.5 ശതമാനവും മഹാരാഷ്ട്രയിലാണ്. 1.3 കോടിയോളം വരുമിത്. ആദിവാസി, ഗോത്ര വിഭാഗത്തില്‍ പെട്ടവര്‍ 15 ലക്ഷത്തോളം വരും. അഥവാ സംസ്ഥാനത്തെ ജനസംഖ്യയുടെ നല്ലൊരു ശതമാനവും ഇഷ്ടവിഭവമായി മാട്ടിറച്ചിയെ കാണുന്നവരാണ്.

രാജ്യത്തെ 24 സംസ്ഥാനങ്ങളിലും ഗോവധം നിരോധിക്കുകയോ അറവു മൃഗങ്ങള്‍ക്ക് പ്രത്യേക പ്രായ പരിധി നിശ്ചയിക്കുകയോ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഗോവധം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. കേരളത്തിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് പശു ഉള്‍പ്പെടെയുള്ള കന്നുകാലികളെ അറുക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലാത്തത്. ആസാം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പ്രത്യേക പ്രായപരിധി പിന്നിട്ട പശുക്കളെ കശാപുചെയ്യാം. അതേസമയം രാജ്യത്ത് ഗോവധം പൂര്‍ണമായി നിരോധിക്കുന്നത് ഭരണഘടനാപരമായി അഭിലഷണീയമല്ലെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി. കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ ഗോവധ നിരോധനം കൊണ്ടുവന്നിരുന്നെങ്കിലും പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത് എടുത്തുകളഞ്ഞു.

ഗോവധം നിരോധിച്ചുകൊണ്ട് 2012ല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ദേശീയ തലത്തില്‍ തന്നെ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. പശുവിനെയോ ഗോ വംശത്തില്‍ പെട്ട മൃഗത്തെയയോ കൊല്ലുന്നതോ കശാപിനായി കടത്തുന്നതോ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന ‘മധ്യപ്രദേശ് ഗോവംശ് വധ് പ്രതിഷേധ് (സംശോധന്‍)’ ഭേദഗതി നിയമം വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. ഗോവംശം എന്ന പ്രയോഗം വഴി തത്വത്തില്‍ മാട്ടിറച്ചി തന്നെ നിരോധിക്കുന്നതായിരുന്നു ലക്ഷ്യം. നിയമഭേദഗതി പ്രകാരം ഒരാളും ഗോക്കളെ കശാപ്പ് ചെയ്യുകയോ കശാപ്പിനായി വിട്ടുകൊടുക്കുകയോ അതിന് കാരണക്കാരനാവുകയോ ചെയ്യാന്‍ പാടില്ല. സംസ്ഥാനത്തിനകത്തോ പുറത്തോ ഗോക്കളെ കശാപ്പ്‌ചെയ്യാന്‍ സാധ്യതയുള്ളിടത്തേക്ക് കൊണ്ടുപോവുകയോ അതിന് പ്രേരിപ്പിക്കുകയോ ഏജന്റിനെ ഏല്‍പിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരത്തില്‍ ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എവിടെയും റെയ്ഡ് നടത്താനും നിയമലംഘകരെ പിടികൂടാനും ഹെഡ്‌കോണ്‍സ്റ്റബിളിനു മീതെ റാങ്കുള്ള ഏത് പൊലീസ് ഉദ്യോഗസ്ഥനും നിയമം അധികാരം നല്‍കി. ഭീകരത തടയാനുള്ള നിയമത്തില്‍ പോലും ഹെഡ്‌കോണ്‍സ്റ്റബിള്‍മാര്‍ക്ക് ഇത്രയും വലിയ അധികാരം നല്‍കിയിട്ടില്ലെന്നിരിക്കെയാണിത്.

മഹാരാഷ്ട്രയിലെ മുസ്ലിം സമുദായത്തില്‍പെട്ട ഖുറേഷി വിഭാഗവും കസബ് വിഭാഗവും മാട്ടിറച്ചി വ്യവസായത്തെ ഉപജീവനമായി ആശ്രയിക്കുന്നവരാണ്. പത്ത് ലക്ഷത്തിലേറെ പേരാണ് മഹാരാഷ്ട്രയില്‍ മാട്ടിറച്ചി വ്യവസായിത്തില്‍ ജോലി ചെയ്യുന്നത്. മാട്ടിറച്ചി നിരോധനം നിലവില്‍ വന്നതോടെ ഇതില്‍ ഭൂരഭാഗം പേരുടേയും തൊഴില്‍ നഷ്ടപ്പെടും. അതുകൊണ്ടു തന്നെ മാട്ടിറച്ചി നിരോധനം അവരെ സാമ്പത്തികമായി തകര്‍ക്കും. അറവു ശാലകളിലെ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകുന്നതിന് പുറമെ മറ്റു മാംസങ്ങളുടെ വില കൂടാനും നിരോധനം വഴിവെക്കുമെന്ന് മുംബൈ ബീഫ് ഡീലര്‍ അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് ഖുറേഷി പറയുന്നു.

മുംബൈയില്‍ മാത്രം 900 അംഗീകൃത അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്രതന്നെ അനധികൃതവുമായും പ്രവര്‍ത്തിക്കുന്നുണ്ട്. ആഴ്ച്ചയില്‍ ഇവിടങ്ങളിലായി 5500 മാടുകള്‍ കശാപ്പ് ചെയ്യപ്പെടുന്നുണ്ട്. പ്രതിദിനം 450 മാടുകള്‍ വരെ ഇറച്ചിക്കായി കശാപ് ചെയ്യപ്പെടുന്നുണ്ട്. പ്രതിദിനം 90000 കിലോ ഗ്രാം ഇറച്ചിയാണ് മുംബൈ നഗരത്തില്‍ വിതരണം ചെയ്യപ്പെടുന്നത്.

ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലെ ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന്റെ പോഷകാഹാരമായ, മറ്റു മാംസങ്ങളെക്കാള്‍ താരതമ്യേന കുറഞ്ഞ വിലയുള്ള മാട്ടിറച്ചിയുടെ നിരോധനം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വിശ്വാസത്തിലുപരി സവര്‍ണരെ തൃപ്തിപ്പെടുത്താനാണിതെന്ന ആരോപണം ശക്തമാണ്.

പശുവും പോത്തും ഒരേ വംശത്തില്‍ പെട്ടതാണെന്ന ആര്‍എസ്എസ് വാദം ജീവശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നു. ‘പശുവും പോത്തും ഒരേ ജീവിവര്‍ഗമാണെന്ന വാദം അശാസ്ത്രീയവും അല്‍പ്പത്തരവുമാണ്. ഇവ രണ്ടും വ്യത്യസ്ത ജീവിവര്‍ഗങ്ങളാണ്. പശുവും പോത്തും ഒരിക്കലും പരസ്പരം ഇണചേരാറില്ല. ജനിതക ഘടനയിലെ ചെറിയൊരു മാറ്റം മതി വ്യത്യസ്ത ജീവി വര്‍ഗങ്ങളുണ്ടാകാന്‍. ജനിതക ഘടനയില്‍ മനുഷ്യനും ചിമ്പാന്‍സിയും തമ്മില്‍ 99 ശതമാനവും സാമ്യത പുലര്‍ത്തുന്നവരാണ്. അത് കണക്കിലെടുത്ത് ആരും ചിമ്പാന്‍സിയെ മനുഷ്യനായി കാണാറില്ല. അതുപോലെ തന്നെയാണ് പോത്തും പശുവും.’ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യൂലാര്‍ ബയോളജിയുടെ സ്ഥാപക മേധാവിയും ശാസ്ത്രജ്ഞനുമായ പുഷ്പ എം ഭാര്‍ഗവ പറയുന്നു.

പോത്തും പശുവും വ്യത്യസ്ത ജീവിഗണത്തില്‍പെട്ടതാണെന്ന് സംഘപരിവരത്തിന് അറിയാഞ്ഞിട്ടല്ല മറിച്ച് അവര്‍ അജ്ഞത നടിക്കുകയാണെന്നും ഇന്ത്യയിലേതിനെക്കാള്‍ മാടുകളെ ഹിന്ദു രാഷ്ട്രമായ നേപ്പാളില്‍ ബലിയറുക്കുന്നുണ്ടെന്ന കാര്യം അവര്‍ മനസ്സിലാക്കണമെന്നും ചരിത്രകാരനും ‘വിശുദ്ധ പശു; ഒരു കെട്ടുകഥ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ ഡി.എന്‍ ഝാ ചൂണ്ടിക്കാട്ടുന്നു. മാട്ടിറച്ചി എന്നല്ല ഗോമാംസം തന്നെ ഇന്ത്യന്‍ ആഹാര രീതിയുടെ ഭാഗമായിരുന്നുവെന്ന് തെളിവുകള്‍ നിരത്തി തന്റെ പുസ്തകത്തില്‍ അദ്ദേഹം അവകാശപ്പെടുന്നുണ്ട്.
പ്രധാനമന്ത്രിയാകാനുള്ള ഓട്ടത്തിനിടെ നരേന്ദ്ര മോഡിയും ഗോവധം തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാക്കിയിരുന്നു. പിങ്ക് വിപ്ലവം എന്ന വാക്കിലൂടെയാണ് ഗോവധത്തെ അദ്ദേഹം പരിചയപ്പെടുത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments