ബിജെപിയെ കൈവിട്ട സംസ്ഥാനങ്ങൾക്കും മോദി സർക്കാരിൽ നിന്ന് പ്രത്യേക പരിഗണന ലഭിച്ചേക്കും

modi

കേരളം ഉൾപ്പെടെ തിരഞ്ഞെടുപ്പിൽ ബിജെപിയെ കൈവിട്ട സംസ്ഥാനങ്ങൾക്കും മേഖലകൾക്കും രണ്ടാം മോദി സർക്കാരിൽ പ്രത്യേക പരിഗണന ലഭിച്ചേക്കും. ‘കൂടെ നിന്നവരെ ചേർത്തു നിർത്തിയും മറ്റുള്ളവരുടെ വിശ്വാസമാർജിച്ചും’ മുന്നോട്ടു പോകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന ഉറപ്പ് ഇതിന്റെ സൂചനയാണ്. കേരളം, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ ജനപിന്തുണ സീറ്റാക്കി മാറ്റാൻ ബിജെപിക്കു കഴിഞ്ഞിരുന്നില്ല. അടുത്ത തിരഞ്ഞെടുപ്പു ലാക്കാക്കി ഈ സംസ്ഥാനങ്ങളിൽ ഇപ്പോഴേ ശ്രദ്ധ കേന്ദ്രീകരിക്കാനാണു ശ്രമം. കേരളത്തിന് ആദ്യ ഘട്ടത്തിൽ തന്നെ മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ടാകും. തുടക്കത്തിൽ പ്രാതിനിധ്യം ലഭിക്കാത്ത സംസ്ഥാനങ്ങൾക്കും മേഖലകൾക്കും മന്ത്രിസഭയുടെ തുടർവികസനത്തിൽ ഇടം പ്രതീക്ഷിക്കാം.

കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു പാർട്ടി നേതൃത്വം. 5 സീറ്റു വരെ ലഭിക്കുമെന്ന് അവകാശപ്പെട്ട പാർട്ടി അധ്യക്ഷൻ അമിത് ഷാ, 2 സീറ്റിലെങ്കിലും ജയിക്കുമെന്നു വിശ്വസിച്ചിരുന്നു.പ്രധാനമന്ത്രിയുടെ നിർദേശം ഏറ്റെടുത്ത് എറണാകുളം സീറ്റിൽ മത്സരിച്ച അൽഫോൻസ് കണ്ണന്താനത്തിനു മന്ത്രിസഭയിൽ വീണ്ടും പ്രാതിനിധ്യം ലഭിച്ചേക്കും. അദ്ദേഹം ഇപ്പോൾ രാജ്യസഭാംഗമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ നിഴലിലും കേരളത്തിൽ അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി പ്രതീക്ഷ വയ്ക്കുന്നു. അടുത്ത ഉന്നം 2021 നിയമസഭാ തിരഞ്ഞെടുപ്പു തന്നെ.

നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിനു ശേഷം തെലങ്കാനയിൽ മികച്ച വിജയമാണു പാർട്ടി നേടിയത്. സംസ്ഥാനത്തിന്റെ പാർട്ടി ചുമതല വഹിക്കുന്ന ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസിന്റെ കഠിനാധ്വാനത്തിനു ലഭിച്ച അംഗീകാരം കൂടിയാണ് അവിടെ ലഭിച്ച 4 സീറ്റ്. ബിജെഡിയുമായി ശക്തമായ മത്സരം നടന്ന ഒഡീഷയിൽ പാർട്ടി 8 സീറ്റു നേടി.തെലങ്കാനയിൽ നിന്നുള്ള പുതുമുഖങ്ങളിലൊരാൾ സഹമന്ത്രിയായേക്കും. ഒഡീഷയിൽ നിന്നു മുതിർന്ന നേതാവ് ജുവൽ ഒറാം, പാർട്ടി അഖിലേന്ത്യാ സെക്രട്ടറി സുരേഷ് പൂജാരി എന്നിവരുടെ പേരു ചർച്ചയിലുണ്ട്.

18 സീറ്റു നേടി ബംഗാളിൽ തൃണമൂലിന്റെ മുഖ്യ എതിരാളിയായ ബിജെപിയുടെ അടുത്ത ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പാണ്. അതു മുന്നിൽക്കണ്ടു ബംഗാളിൽ നിന്നു 4 പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. ബംഗാളിൽ നിർണായക രാഷ്ട്രീയ തന്ത്രങ്ങൾക്കു രൂപം നൽകിയ പ്രമുഖരിലൊരാളും മലയാളിയായിരുന്നു – ദേശീയ നിർവാഹക സമിതിയംഗം കൂടിയായ അരവിന്ദ് മേനോൻ.

കഴിഞ്ഞ തവണ പരമാവധി സീറ്റു നേടിക്കഴിഞ്ഞെന്നു കരുതിയിരുന്ന കർണാടക, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ സീറ്റുകൾ നിലനിർത്തുകയും വർധിപ്പിക്കുകയും ചെയ്തു, ബിജെപി. ബിഹാറിൽ സിറ്റിങ് സീറ്റുകൾ സഖ്യകക്ഷിയായ ജെഡിയുവിനു വിട്ടുകൊടുത്തു പരീക്ഷിച്ച തന്ത്രമാണു വിജയിച്ചത്. മഹാസഖ്യത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചു

യുപിയിൽ നേടിയതും പ്രതീക്ഷ മറികടന്ന വിജയം. കൂടെ നിന്നവരെ ചേർത്തു നിർത്തുമെന്നു മോദി പറയുന്നത് ഈ സംസ്ഥാനങ്ങളിലേയ്ക്കു കൂടി കണ്ണയച്ചാണ്.

കൂടുതൽ മികച്ച വിജയത്തോടെ ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയ ബിജെപിക്കു മുന്നിൽ സഖ്യകക്ഷികൾക്കു വിലപേശൽ ശക്തി കുറയും. മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിൽ ശിവസേന 3 മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നു. നിതീഷ്കുമാറിന്റെ ജെഡിയുവിനു റെയിൽവേ മന്ത്രാലയത്തിൽ നോട്ടമുണ്ട്.

എൽജെപി നേതാവ് റാം വിലാസ് പാസ്വാൻ മകൻ ചിരാഗിനു വേണ്ടി വഴിമാറിയേക്കുമെന്ന സൂചനകളും ശക്തം.

ന്യൂഡൽഹി ∙ അടുത്ത വർഷം രാജ്യസഭയിൽ തനിച്ചു ഭൂരിപക്ഷം ലഭിക്കുന്നതോടെ സ്വന്തം നിയമനിർമാണ അജൻഡ നിർണയിക്കാൻ ബിജെപിക്കു കിട്ടുക 4 വർഷം. 2020 അവസാനം 245 അംഗ രാജ്യസഭയിൽ പാർട്ടിക്കു പകുതിയിലേറെ അംഗങ്ങളാകും.

അടുത്ത വർഷം നവംബറിനകം 75 രാജ്യസഭാംഗങ്ങളാണു പുതുതായി തിരഞ്ഞെടുക്കപ്പെടുക. തിരഞ്ഞെടുപ്പു നടക്കുന്ന യുപി, ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, കർണാടക, അസം, മേഘാലയ എന്നിവിടങ്ങളിൽ നിന്നു 19 പേരെ വിജയിപ്പിക്കാൻ ബിജെപിക്ക് അംഗബലമുണ്ട്.

നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളും കക്ഷിരഹിതരും ഉൾപ്പെടെ 6 പേർ കാലാവധി പൂർത്തിയാക്കുന്നതോടെ പാർട്ടിക്കു കരുത്തു കൂടും. നിലവിൽ ഉപരിസഭയിൽ ബിജെപിക്കു 101 അംഗങ്ങളുണ്ട്.

17–ാം ലോക്സഭയിൽ 27 മുസ്‌ലിം അംഗങ്ങളുണ്ട്– കഴിഞ്ഞ തവണത്തെക്കാൾ 5 കൂടുതൽ. എങ്കിലും ഭരണകക്ഷിയായ ബിജെപിക്കു ലോക്സഭയിൽ മുസ്‌ലിം എംപിമാരില്ല.

ഇതേസമയം, ലോക്സഭയിലെ വനിതാ പ്രാതിനിധ്യത്തിൽ ബിജെപിയാണു മുന്നിൽ – 41 പേർ. വിവിധ പാർട്ടികളിൽ നിന്നായി 78 വനിതാ എംപിമാർ ഇത്തവണ ലോക്സഭയിലുണ്ടാവും. തൃണമൂൽ, ബിജെഡി, വൈഎസ്ആർ കോൺഗ്രസ്, ഡിഎംകെ എന്നിവയും വനിതാ എംപിമാരെ ലോക്സഭയിലെത്തിച്ചിട്ടുണ്ട്.

പുതിയ മന്ത്രിമാർ ആരൊക്കെയെന്നതിനെക്കുറിച്ച് പുറത്തുവരുന്ന പേരുകൾ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരത്തിൽ പേരുകൾ പറയുന്നത് ഭിന്നതയുണ്ടാക്കാനാണെന്നും ആരോടും വേർതിരിവു കാട്ടാതെ, മന്ത്രിമാരെ നിയോഗിക്കുമെന്നും എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി പറഞ്ഞു

തന്നെ നേതാവായി തിരഞ്ഞെടുത്തെങ്കിലും എല്ലാവർക്കും തുല്യനാണ്. എൻഡിഎ തോളോടുതോൾ ചേർന്ന് മുന്നോട്ടു പോകേണ്ടതുണ്ടെന്നും എന്തെങ്കിലും പിഴവുകൾ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും മോദി പറഞ്ഞു.

മഹാരാഷ്ട്രയിൽ എൻഡിഎയുടെ ചരിത്രവിജയത്തിനു ശേഷം കേന്ദ്രമന്ത്രിസഭയിൽ 5 മന്ത്രിസ്ഥാനങ്ങൾ വരെ ആവശ്യപ്പെടാൻ ശിവസേന. എന്നാൽ 2 കാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രിസ്ഥാനവും എന്ന ഒത്തുതീർപ്പിനും തയാറാണു പാർട്ടി.

എൻഡിഎയിൽ ബിജെപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സീറ്റുള്ള കക്ഷി (18) എന്ന നിലയിൽ ലോക്സഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവിയും ശിവസേന ആവശ്യപ്പെട്ടേക്കും എന്നു മുതിർന്ന നേതാവ് സൂചന നൽകി.

2014ൽ 2 കാബിനറ്റ് മന്ത്രി സ്ഥാനങ്ങൾ ബിജെപി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നേ നൽകിയുള്ളൂ. പിന്നീട് ഒരു സഹമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെങ്കിലും ശിവസേന നിരസിച്ചു.