ഗ്രാമീണ ഇന്ത്യയ്ക്കു ഹൈസ്പീഡ് മൊബൈല്‍ ബ്രോഡ് ബാന്‍ഡ് എന്ന സ്വപ്‌നം ഉടനെ യാഥാര്‍ത്ഥ്യമാകുമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ). ഗ്രാമങ്ങളിലെ 13 ശതമാനത്തിന് മാത്രമാണ് ഇന്റര്‍നെറ്റ് ബന്ധമുള്ളത്.
ലോകത്ത് ഗ്രാമീണ ജനതയില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ബന്ധമില്ലാത്ത ഗ്രാമീണരുള്ളത് ഇന്ത്യയിലാണ്. 2017 കേന്ദ്ര ബജറ്റില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യത്തെ 1.5 ലക്ഷം ഗ്രാമങ്ങളിലേക്ക് ഹൈസ്പീഡ് ഇന്റര്‍നെറ്റ് എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കേന്ദ്ര കമ്യൂണിക്കേഷന്‍ സഹമന്ത്രി മനോജ് സിന്‍ഹ കണക്റ്റീവിറ്റി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്. സമ്പൂര്‍ണ കണക്റ്റീവിറ്റിയുള്ള ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നത്തിന് വ്യവസായവും പിന്തുണ നല്‍കുന്നുണ്ട്. ഈയിടെ നടന്ന ഐടിയു വര്‍ക്കിങ് പാര്‍ട്ടിയുടെ 5ഡി മീറ്റിംഗില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. എന്നാല്‍ കണക്റ്റിവിറ്റിയിലും ഇന്റര്‍നെറ്റ് വ്യാപ്തിയിലുമുള്ള വലിയ വ്യത്യാസം ഈ ദൗത്യം കഠിനമാക്കുന്നു.
2020ഓടെ രാജ്യത്തിന്റെ മുക്കും മൂലയും കവര്‍ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി ടെലികോം അധിഷ്ഠിത അടിസ്ഥാനസൗകര്യം കെട്ടിപ്പടുക്കാന്‍ ഇന്ത്യന്‍ നയരൂപീകരണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനാവശ്യമായ അടുത്ത തലമുറ മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റും (ഡോട്ട്) ശ്രമിക്കുന്നുണ്ട്. ഈയിടെ കാനഡയില്‍ നടന്ന ഐടിയുആര്‍ ടെറസ്ട്രിയല്‍ റേഡിയോ സിസ്റ്റംസ് മീറ്റിംഗില്‍ ഇന്ത്യയില്‍ നിന്നും പങ്കെടുത്ത ടെലികോം എഞ്ചിനിയറിംഗ് സെന്റര്‍, ഡോട്ട് റിസര്‍ച്ച് വിംഗ്, സിഒഎഐ, ടി എസ് ഡി എസ് ഐ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അടങ്ങിയ സംഘം ‘ലോ മൊബിലിറ്റി ലാര്‍ജ് സെല്‍’ എന്ന നിര്‍ബന്ധ മൂല്യനിര്‍ണയ രൂപരേഖ തയ്യാറാക്കാന്‍ തീരുമാനമായി.
ഗ്രാമീണ ഇന്ത്യയെ മനസില്‍ കണ്ടാണ് രൂപരേഖ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്ന സമയത്താണ് ഈ തീരുമാനമെന്നതും ഗ്രാമീണ ഇന്ത്യയുടെ കണക്റ്റിവിറ്റിക്കായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കും നയരൂപീകരണത്തിനും സിഒഎഐ അംഗങ്ങളുടെ പിന്തുണയുണ്ടാകുമെന്നും 5ജി മാനദണ്ഡങ്ങളില്‍ എല്‍ എം എല്‍ സി രൂപീകരിക്കുന്നതിന് ഭരണകര്‍ത്താക്കളോടൊപ്പം സിഒഎഐ അംഗങ്ങളുണ്ടാകുമെന്നും സി ഒ എ ഐ ഡി.ജി. രാജന്‍ മാത്യൂസ് പറഞ്ഞു.
ഐ എം ടി 2020നുള്ള ഒരുക്കത്തില്‍ ഗ്രാമീണ ഇന്ത്യയുടെ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ സെല്ലൂലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 2016 ഓഗസ്റ്റില്‍ തന്നെ അംഗങ്ങളുടെ പിന്തുണയോടെ ആരംഭിച്ചിട്ടുള്ളതാണ്. 2020 ഓടെ രാജ്യത്തെ 2,50,000 ഗ്രാമ പഞ്ചായത്തുകളില്‍ ദേശീയ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് (ഇപ്പോള്‍ ഭാരത് നെറ്റ്) എത്തുമെന്ന് ഈ കാലയളവില്‍ മനസിലാക്കാന്‍ കഴിഞ്ഞു.
ഭാരത് നെറ്റ് കണക്റ്റിവിറ്റിയുടെ നട്ടെല്ലാകുമെന്ന വാഗ്ദാനമുള്ള സ്ഥിതിക്ക് ഈ ഗ്രാമ പഞ്ചായത്തിനു കീഴില്‍ വരുന്ന 3.5 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമങ്ങളില്‍ സേവനം എത്തിക്കാവുന്ന സെല്ലുലാര്‍ സിസ്റ്റത്തിന് രൂപം നല്‍കേണ്ടതുണ്ട്. ഗ്രാമീണ ഇന്ത്യയില്‍ മൊബിലിറ്റി ഉപയോക്താക്കളുടെ എണ്ണം കുറവും വീടുകള്‍ കേന്ദ്രീകരിച്ചുള്ള ക്ലസ്റ്ററുകളുമായതിനാല്‍ ഗ്രാമ പഞ്ചായത്തിനു കീഴില്‍ വരുന്ന ഗ്രാമങ്ങളുടെ ഒരു കൂട്ടം എടുത്താണ് മാപ്പിംഗ് തയ്യാറാക്കുന്നത്.
ബന്ധപ്പെട്ട ടെലികോം കമ്പനികളുമായി ചേര്‍ന്ന് സിഒഎഐ അടുത്ത തലമുറയ്ക്കുള്ള രൂപകല്‍പ്പന തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഐടിയുആറിന്റെ വര്‍ക്കിങ് പാര്‍ട്ടി 5ഡിയും മൂന്നാം തലമുറയിലെ പാര്‍ട്ട് ണര്‍ഷിപ്പ് പ്രൊജക്റ്റും ഈ സിസ്റ്റം കെട്ടിപ്പടുക്കുന്നതിന് നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ സിഒഎഐ നടത്തിയ മുന്നേറ്റത്തിനും നിര്‍ദേശത്തിനും വര്‍ക്കിംഗ് പാര്‍ട്ടി 5ഡിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഗ്രാമീണ ഇന്ത്യയുടെ ആവശ്യങ്ങള്‍ 5ജിയിലൂടെ പരിഹരിക്കാനാവുമെന്നാണ് സിഒഎഐയുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ ഉറപ്പു നല്‍കുന്നത്.