അഭിനേത്രിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന നടത്തിയതിനു പ്രതിയായി ജയിലിൽ കഴിയുന്ന ദിലീപിനു ജയിലിൽ ഇപ്പോൾ സഹായിയെയും കിട്ടി. നാലു പേരുള്ള സെല്ലിലാണ് ദിലീപ് കഴിയുന്നത്. ഇപ്പോൾ സഹായത്തിനു തമിഴ്നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെയാണു ജയിൽ അധികൃതർ ദിലീപിന് വിട്ടുകൊടുത്തത്. എല്ലാ തടവുകാരും ഭക്ഷണം കഴിച്ചു സെല്ലിനുള്ളിൽ കയറിയശേഷമാണ് ജയിൽ ജീവനക്കാർക്ക് വേണ്ടി ഒരുക്കുന്ന പ്രത്യേക ഭക്ഷണം ദിലീപ് അടുക്കളയിലെത്തി കഴിക്കുന്നത്. ജയിലിൽ ദിലീപിനു വിഐപി പരിഗണന നൽകിയെന്ന വിഷയത്തിൽ വകുപ്പ്തല അന്വേഷണം ആരംഭിച്ചു.
പരാശ്രയമില്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടുള്ള തടവുകാർക്കു മാത്രമാണു ജയിലിൽ സഹായത്തിനു തടവുകാരെ അനുവദിക്കാറുള്ളത്. ഇതു മറികടന്നാണു ദിലീപിനു സഹായിയെ അനുവദിച്ചത്. തുണി അലക്കൽ, പാത്രം കഴുകൽ, ശുചിമുറി വൃത്തിയാക്കൽ തുടങ്ങിയവയാണു സഹായിയുടെ പണി. ഓരോ സെല്ലിനും പുറത്തുള്ള വരാന്തയിൽ ഭക്ഷണം എത്തിച്ച്, തടവുകാരെ വരിയാക്കി നിർത്തിയശേഷം ഭക്ഷണം വിളമ്പുകയാണു ജയിലിലെ രീതി. എന്നാൽ, ദിലീപിനു രണ്ടു ദിവസമായി ജയിലിലെ അടുക്കളയിലാണു ഭക്ഷണം. മറ്റു തടവുകാർ ഭക്ഷണം കഴിച്ചു സെല്ലിൽ കയറിയശേഷമാണ് ദിലീപിനെ പുറത്തിറക്കി അടുക്കളയിലെത്തിക്കുന്നത്. ജയിൽ മെനുവിൽ പെടാത്ത, പ്രത്യേക വിഭവങ്ങളാണ് ഇവിടെ ജീവനക്കാർക്കു വേണ്ടി തയാറാക്കുന്നത്. മറ്റു തടവുകാർക്കൊപ്പം പുറത്തിറക്കി ദിലീപിനെ കുളിപ്പിക്കുന്ന രീതിയും നിന്നു. എല്ലാവരും കുളിച്ചുപോയതിനുശേഷം ഒറ്റയ്ക്ക് ഇതിനുള്ള സൗകര്യം ചെയ്തുകൊടുക്കുകയാണു ചെയ്യുന്നത്.
ഹൈക്കോടതിയിൽനിന്നു ജാമ്യം ലഭിക്കുമെന്ന് ജയിൽ ജീവനക്കാരോടു ദിലീപ് പറഞ്ഞിരുന്നു. ജാമ്യം തള്ളിയ ശേഷമാണു പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. സുരക്ഷയുടെ പേരു പറഞ്ഞാണിതെങ്കിലും പിന്നിൽ വഴിവിട്ട ഇടപാടുകളുണ്ടോയെന്നാണു ഇപ്പോൾ വകുപ്പ്തലത്തിൽ അന്വേഷിക്കുന്നത്. ദിലീപ് ജയിലിൽ കഴിയുമ്പോൾ, അവധിദിനത്തിൽ ജയിലിലെ ഉന്നതോദ്യോഗസ്ഥനെ ഇരട്ടക്കൊലക്കേസ് പ്രതി സന്ദർശിച്ചതു വിവാദമായിരുന്നു. ഈ വാർത്ത പുറത്തുവന്നതിനു പിന്നാലെ രക്തസമ്മർദമുയർന്ന് ഉദ്യോഗസ്ഥൻ ആശുപത്രിയിലായി. ഇക്കാരണത്താലാണ് അന്ന് അന്വേഷണം തൽകാലം വേണ്ടെന്നു വച്ചത്. ദിലീപിനെ കാണാൻ ബന്ധുക്കളെയും അഭിഭാഷകനെയും മാത്രമേ അനുവദിക്കാവൂ എന്ന ജയിൽ മേധാവിയുടെ നിർദേശം മറികടന്നു കഴിഞ്ഞ ദിവസം സുഹൃത്തിനെ ദിലീപിനെ കാണാൻ അനുവദിച്ചിരുന്നു.
ആലുവ സബ്ജയിലിൽ തടവുകാരെ സന്ദർശിക്കാനെത്തുന്നവരിൽനിന്നു പണപ്പിരിവു നടത്തുന്നതായി വ്യാപകമായി ആക്ഷേപമുണ്ട്. പണം നൽകാൻ തയാറായാൽ തടവുകാർക്കു പ്രത്യേക പരിഗണന കിട്ടും. ലഭിക്കുന്ന പണത്തിന്റെ കണക്ക് നോട്ട് ബുക്കിൽ എഴുതി വയ്ക്കുകയും മാസാവസാനം ഗ്രേഡ് അടിസ്ഥാനത്തിൽ ഇവ വീതിക്കുകയുമാണു ചെയ്യുന്നത്. ആഴ്ചയിലൊരിക്കൽ ആവശ്യമുള്ള ജീവനക്കാർക്ക് ഈ തുക വായ്പയായി നൽകുന്ന രീതിയുമുണ്ട്. ചേർത്തല സ്വദേശിയായ ഒരു അസി. പ്രിസൺ ഓഫിസർക്കാണു ചുമതല. ഏതാനും മാസം മുൻപ്, വിയ്യൂർ സെൻട്രൽ ജയിലിലെ ഡപ്യൂട്ടി പ്രിസൺ ഓഫിസറുടെ ബന്ധുവായ തടവുകാരനിൽനിന്ന് ഈ രീതിയിൽ പണം വാങ്ങിയിരുന്നു. തന്റെ ബന്ധുവാണെന്ന് ഡപ്യൂട്ടി പ്രിസൺ ഓഫിസർ ആലുവ ജയിലിൽ ശുപാർശ ചെയ്തിട്ടും പണം വാങ്ങിയതിൽ ഡപ്യൂട്ടി സൂപ്രണ്ട് ബന്ധപ്പെട്ടവരെ അമർഷം അറിയിക്കുകയും ചെയ്തിരുന്നു.