വനിതാ ഡോക്ടർ അടിച്ചു ഫിറ്റായി; ഓടിച്ച ആഢംബരകാര്‍ മറ്റു വാഹനങ്ങളിലിടിച്ചു. കാറിടിച്ച് മൂന്ന് പേർക്കാണ് പരിക്ക്. ആറ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച വനിതാ ഡോക്ടര്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരേയും ആക്രമിച്ചു. സംഭവത്തെതുടര്‍ന്ന് കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ ദന്ത ഡോക്ടര്‍ രശ്മി പിള്ളയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ കൊല്ലം നഗരത്തിലെ മാടന്‍ നട ജംക്ഷനിലായിരുന്നു സംഭവം. ഇവര്‍ ഓടിച്ചിരുന്ന ആഢംബരകാര്‍ മറ്റുവാഹനങ്ങളിലിടിച്ചു മൂന്നുപേര്‍ക്കു പരുക്കേറ്റു. തുടര്‍ന്നു നാട്ടുകാര്‍ വാഹനം തടഞ്ഞപ്പോള്‍ ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം വാതില്‍ ലോക്കുചെയ്ത് അകത്തിരുന്ന ഡോക്ടറെ ഏറെപണിപ്പെട്ടാണു പൊലീസ് പുറത്തിറക്കിയത്. കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരും പിങ്ക് പൊലീസും കാറിന്റെ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായില്ല. കൊല്ലം ഈസ്റ്റ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണു പിന്നീട് ഡോക്ടറെ അറസ്റ്റു ചെയ്തത്. ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. കാറില്‍നിന്നു മൂന്ന് മദ്യക്കുപ്പികള്‍ പൊലീസ് പിടിച്ചെടുത്തു. പ്രമുഖ ദന്ത ഡോക്ടറായ രശ്മി പിള്ള, കൊല്ലത്തെ പെട്രോള്‍ പമ്പുടമയുമാണ്. അപകടമുണ്ടാക്കിയ ഇവരുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രശ്മി പോലീസുകാരെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇവരെ മുമ്പും മദ്യലഹരിയില്‍ അറസ്റ്റ് ചെയ്തിതിട്ടുണ്ടെന്നു പോലീസ് സൂചിപ്പിച്ചു.