Friday, May 17, 2024
HomeKeralaഅടഞ്ഞുകിടന്ന കയര്‍ ഗോഡൗണ്‍ കെട്ടിടത്തിനുള്ളില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍

അടഞ്ഞുകിടന്ന കയര്‍ ഗോഡൗണ്‍ കെട്ടിടത്തിനുള്ളില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍

വര്‍ഷങ്ങളായി അടഞ്ഞുകിടന്ന കയര്‍ ഗോഡൗണ്‍ കെട്ടിടത്തിനുള്ളില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍. ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ കുറുപ്പംകുളങ്ങര ചിന്നന്‍കവലയ്ക്ക് സമീപത്തെ കയര്‍ ഗോഡൗണിലാണ് വവ്വാലുകളെ ചത്തനിലയില്‍ കണ്ടെത്തിയത്. വിദഗ്ധസംഘം സ്ഥലത്തെത്തി സാമ്ബിളുകള്‍ ശേഖരിക്കുകയും മുന്‍കരുതല്‍ നടപടി ആരംഭിക്കുകയും ചെയ്തു.

150ല്‍പ്പരം ചെറിയ വവ്വാലുകലാണ് ചത്തത്. ദുര്‍ഗന്ധം ശക്തമായതിനെ തുടര്‍ന്ന് നാട്ടുകാരുടെ പരാതിയിലാണ് പഞ്ചായത്ത്, ആരോഗ്യ, പൊലീസ് ഉദ്യോഗസ്ഥരെത്തി കെട്ടിടം പരിശോധിച്ചത്. ചത്ത വവ്വാലുകളെ കണ്ടെത്തിയതറിഞ്ഞ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും എത്തി. നിപാ ബാധയാണോ വവ്വാലുകള്‍ കൂട്ടത്തോടെ ചാകാന്‍ കാരണമെന്ന് കണ്ടെത്താന്‍ സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചു. നിപാ പ്രതിരോധത്തിന് ഉപയോഗിക്കുന്ന വസ്ത്രം ധരിച്ചാണ് പരിശീലനം സിദ്ധിച്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സാമ്ബിളുകള്‍ ശേഖരിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ പാലോട്, തിരുവല്ല ലാബുകളിലേക്കാണ് സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. ഫലം ഉടന്‍ ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

വവ്വാലുകള്‍ ചത്തത് നിപാ ബാധയല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍. പൂട്ടിക്കിടന്ന ഗോഡൗണ്‍ വവ്വാലുകളുടെ വാസകേന്ദ്രമാണ്. കെട്ടിടത്തിന്റെ തുറന്നുകിടന്ന ഒരുവാതിലിലൂടെയാണ് വവ്വാലുകളുടെ സഞ്ചാരം. മഴയിലും കാറ്റിലും വാതില്‍ അടഞ്ഞതിനാല്‍ ശ്വാസംമുട്ടിയാകും വവ്വാലുകള്‍ ചത്തതെന്നാണ് അധികൃതരുടെ നിഗമനം. ജഡങ്ങള്‍ ചീഞ്ഞതാണ് രൂക്ഷമായ ദുര്‍ഗന്ധത്തിന് കാരണമെന്നും അധികൃതര്‍ പറഞ്ഞു.

പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ഗോഡൗണ്‍ ശുചീകരിച്ച്‌ ചത്ത വവ്വാലുകളെ സമീപത്ത് കുഴിച്ചിട്ടു. സാമ്ബിളുകളുടെ പരിശോധനാഫലം ലഭിച്ചശേഷം സംസ്‌കരിക്കും. പ്രദേശത്തെ വീടുകളിലും വവ്വാലുകളെ കുഴിച്ചിട്ടയിടത്തിന് സമീപത്തും അണുനാശിനി പൊടികളും പുകയ്ക്കാനുള്ള പൊടികളും ആരോഗ്യവകുപ്പ് നല്‍കി. സമീപ പ്രദേശങ്ങളില്‍ പനിബാധ പ്രത്യേകം നിരീക്ഷിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. അസഹ്യമായ ദുര്‍ഗന്ധം പരിസരവാസികളില്‍ ഛര്‍ദി ഉള്‍പ്പെടെ അസുഖങ്ങള്‍ ഉണ്ടാക്കി. സംഭവം പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments