Monday, May 6, 2024
HomeKeralaപത്തനംതിട്ട ഡി.സി.സിക്കെതിരെ പിഴവ് ചൂണ്ടിക്കാട്ടി അടൂര്‍ പ്രകാശ്

പത്തനംതിട്ട ഡി.സി.സിക്കെതിരെ പിഴവ് ചൂണ്ടിക്കാട്ടി അടൂര്‍ പ്രകാശ്

പത്തനംതിട്ട ഡി.സി.സിക്കെതിരെ വിമര്‍ശനമുന്നയിച്ചും ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയും അടൂര്‍ പ്രകാശ് എം.പി രംഗത്ത്. ഉപതെരഞ്ഞെടുപ്പില്‍ കോന്നിയിലും വട്ടിയൂര്‍കാവിലും കോണ്‍ഗ്രസിന് ക്ഷീണം സംഭവിച്ചുവെന്ന് അടൂര്‍ പ്രകാശ് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടി അന്വേഷിക്കണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിക്ക് വീഴ്ച പറ്റി. ഡി.സി.സിയുടെ തെറ്റായ പ്രവര്‍ത്തനം ജനം ഉള്‍കൊണ്ടില്ലെന്നും അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി.

മോഹന്‍ രാജിന്‍റെ പരാജയത്തില്‍ ഖേദിക്കുന്നു. മത്സരിക്കാന്‍ പറ്റുന്ന സ്ഥാനാര്‍ഥി ആരെന്ന് തന്നോട് ചോദിച്ചപ്പോഴാണ് പേര് നിര്‍ദേശിച്ചത്. പാര്‍ട്ടിക്ക് വേണ്ടിയാണ് മതമോ ജാതിയോ നോക്കാതെ ഒരാളുടെ പേര് നിര്‍ദേശിച്ചത്. റോബിന്‍ പീറ്ററുടെ അയോഗ്യത എന്തെന്ന് അറിയില്ല. പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയിലാണ് പാര്‍ട്ടിയുടെ തീരുമാനം അംഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

9953 വോട്ടിനാണ് കോന്നിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജ് തോറ്റത്. 23 വര്‍ഷത്തിനു ശേഷമാണ് മണ്ഡലം കോണ്‍ഗ്രസിന് നഷ്ടമാകുന്നത്. ഉപതെരഞ്ഞെടുപ്പില്‍ പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് റോബിന്‍ പീറ്ററെ കോന്നിയില്‍ മത്സരിപ്പിക്കണമെന്ന നിലപാടിലായിരുന്നു അടൂര്‍ പ്രകാശ്. എന്നാല്‍ ഇത് അംഗീകരിക്കാതെ പി. മോഹന്‍രാജിനെ കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 72,800 വോട്ടാണ് യു.ഡി.എഫ് സ്ഥനാര്‍ഥിയായിരുന്ന അടൂര്‍ പ്രകാശ് നേടിയിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments