സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന നീക്കം സർക്കാർ തുടരുമെന്നും സർക്കാരിന്റെ പണം അനധികൃതമായി കൈവശപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. ദില്ലിയിൽ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പ്രതികരണം. പഞ്ചാബ് നാഷണല്‍ ബാങ്ക് 11,300 കോടി രൂപയുടെ തട്ടിപ്പിന് ഇരയായതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. തട്ടിപ്പ് നടത്തിയ സെലിബ്രിറ്റി വജ്ര വ്യാപാരി നീരവ് മോദിയും കുടുംബവും ഇന്ത്യ വിട്ട സംഭവത്തിൽ പ്രതിപക്ഷം കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കടുത്ത വിമര്‍ശനങ്ങളുമായാണ് നേരിട്ടത്. ഇതിനെല്ലാമൊടുവിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തട്ടിപ്പുകാർക്ക് താക്കീതുമായി രംഗത്തെന്നത്. ലളിത് മോദി, വിവാദ മദ്യവ്യാപാരി വിജയ് മല്യ എന്നിവര്‍ പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിച്ച് രാജ്യം വിട്ട സംഭവങ്ങളെയും കോർത്തിണക്കിയാണ് മോദി സർക്കാരിനെ പ്രതിപക്ഷം ആക്രമിച്ചത്.11,300 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിന് പിന്നാലെ 3700 കോടിയുടെ വായ്പാ തട്ടിപ്പ് കേസും പുറത്തുവന്നിരുന്നു. കേസില്‍ റോട്ടോമാക് പെൻ ഉടമ വിക്രം കോത്താരിയും മകൻ രാഹുൽ കോത്താരിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത തുക തിരിച്ചടച്ചില്ല എന്നതാണ് കോത്താരിയ്ക്കും മകനുമെതിരെയുള്ള കുറ്റം, ബാങ്ക് ഓഫ് ബറോഡയുടെ പരാതിയിൽ കേസെടുത്ത സിബിഐ വ്യാഴാഴ്ച രാത്രിയാണ് കോത്താരിയെയും മകനെയും അറസ്റ്റ് ചെയ്യുന്നത്. സിബിഐ ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. പിഎന്‍ബി തട്ടിപ്പിൽ നിന്ന് വ്യത്യസ്തമായി തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് ഈ കേസിന്റെ പ്രത്യേകത.സെലിബ്രിറ്റി വജ്രവ്യാപാരി നീരവ്മോദി, ബന്ധുവും പാർട്ണറുമായ മെഹുൽ ചോക്സി, എന്നിവർ ചേര്‍ന്ന് 11,300 കോടിയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളത്. കേസിൽ ജനുവരി 31ന് എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത സിബിഐ ഇതിനകം 12 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. 5000 ത്തിലധികം കോടി രൂപമൂല്യമുള്ള സ്വത്തുക്കളും പിടിച്ചെടുത്തതായാണ് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അവകാശപ്പെടുന്നത്. സിബിഐ ഉള്‍പ്പെടെ ആറോളം കേന്ദ്ര ഏജൻസികളാണ് കേസ് അന്വേഷിച്ചുവരുന്നത്. ജനുവരി ഒന്നിന് തന്നെ നീരവ് മോദി, ഭാര്യ ആമി, മെഹുൽ ചോക്സി എന്നിവര്‍ രാജ്യം വിട്ടതിനാൽ ഇവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ കേന്ദ്ര ഏജൻസികൾക്ക് കഴിഞ്ഞിരുന്നില്ല. 2008 മുതല്‍ തന്നെ നീരവ് മോദി ഇത്തരത്തില്‍ അനധികൃതമായി ലോണ്‍ കൈപ്പറ്റിയിരുന്നുവെന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരം.നീരവ് മോദി ഉൾപ്പെട്ട 11,300 കോടിയുടെ തട്ടിപ്പ് കഴിഞ്ഞ ആഴ്ച പുറത്തുവന്നതിന് ശേഷം പ്രധാനമന്ത്രിയില്‍ നിന്നുള്ള ആദ്യത്തെ പരസ്യ പ്രതികരണമാണിത്. തട്ടിപ്പിനെക്കുറിച്ച് മോദി പ്രതികരിക്കാത്തതിനാൽ തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നയമാണ് പ്രധാനമന്ത്രിയുടേതെന്ന വിമർശനവുംമ മോദിക്കെതിരെ ഉയർന്നുവന്നിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ സിബിഐ കേസെടുക്കുന്നതിന് മുമ്പായി നീരവ് മോദിയും മെഹുൽ ചോക്സിയും ഇന്ത്യ വിട്ടതാണ് മോദി സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്.