ഫോണിൽ ആശ്ലീലം സംസാരിച്ചെന്ന ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം
മുൻമന്ത്രി എ.കെ.ശശീന്ദ്രൻ പരാതിക്കാരിയായ സ്ത്രീയോട് ഫോണിൽ ആശ്ലീലം സംസാരിച്ചെന്ന ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പിണറായി വിജയന്‍ മന്ത്രിസഭയിലെ എന്‍.സി.പി. പ്രതിനിധിയായിരുന്ന ശശീന്ദ്രന്റെ കേസ് ആരാണ് അന്വേഷിക്കുക തുടങ്ങിയ കാര്യങ്ങൾ അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കും. കുറ്റ സമ്മതമായിട്ടല്ല മന്ത്രിസ്ഥാനം രാജിവച്ചത്, രാഷ്ട്രീയധാര്‍മികത മുന്‍നിര്‍ത്തിയാണ് എന്ന് ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. സിറ്റിങ് ജഡ്ജിയെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ റിട്ട. ജഡ്ജിയായിരിക്കും കേസ് അന്വേഷിക്കുകയെന്നാണ് അവസാനമായി കിട്ടിയ വിവരം.
ആക്ഷേപത്തെക്കുറിച്ച് ശക്തമായി അന്വേഷിക്കണമെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ താന്‍ മന്ത്രിയായി തുടരുന്നത് ധാർമികമായി ശരിയല്ലെന്ന നിലപാടാണ് ശശീന്ദ്രൻ എടുത്തത്. പ്രാഥമിക അന്വേഷണം പോലും ഇല്ലാതെ രാജിവെക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് പ്രോത്സാഹനമായി മാറും എന്നതിൽ സംശയമില്ല. പ്രാഥമിക പരിശോധനയ്ക്കു ശേഷമായിരുന്നു രാജിക്കാര്യത്തില്‍ അദ്ദേഹം തീരുമാനമെടുക്കേണ്ടിയിരുന്നത്. എന്നാല്‍, താന്‍ രാജിവെക്കുകയാണെന്ന ഉറച്ച നിലപാട് ശശീന്ദ്രന്‍ എടുത്തു. ഏത് അന്വേഷണവും വരട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. ഫോണ്‍ ചോര്‍ത്തുന്നത് നിയമവിരുദ്ധമായ നടപടിയാണ്. അക്കാര്യം പ്രത്യേകം പരിശോധിക്കുന്നതാണെന്നും പിണറായി പറഞ്ഞു.
നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ശശീന്ദ്രനെതിരായ ആരോപണത്തിൽ ഏതു രീതിയിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കാനായിരുന്നു കൂടിക്കാഴ്ച. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു .
എ.കെ. ശശീന്ദ്രനെതിരെ സ്ത്രീയുടെ രേഖാമൂലം പരാതിയില്ലാതെ അന്വേഷണത്തിനു സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ തന്നെ കുടുക്കിയെന്ന് ശശീന്ദ്രന്‍ പരാതി നല്‍കിയാൽ അന്വേഷണം നടത്തും. അന്വേഷണത്തിനായി സര്‍ക്കാര്‍ നിര്‍ദേശിക്കയാണെങ്കിലും കേസ് എടുക്കാൻ കഴിയുമെന്നാണ് പൊലീസ് നിലപാട്.
ഞായറാഴ്ച പകല്‍ ആറുമണിക്കൂറിനുള്ളിലാണ് മന്ത്രിയുടെ രാജിയില്‍ കലാശിച്ച നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. സംസ്ഥാനമന്ത്രിസഭയിലെ ഒരംഗത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ ഉണ്ടാകുമെന്നു രാവിലെ ഒൻപതു മുതൽ ചാനൽ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് രണ്ടു മണിക്കൂറിനു ശേഷം ശബ്ദരേഖ പുറത്തുവിട്ടു. കണ്ണൂർ സ്വദേശിയായ വിധവയോടുള്ള സംഭാഷണമെന്നാണു ചാനൽ അറിയിച്ചത്. സംഭാഷണത്തിലുടെനീളം പുരുഷശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ. ആരോപണമുയർന്നതിനെ തുടർന്ന് ശശീന്ദ്രൻ രാജിവച്ചിരുന്നു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നാണ് ശശീന്ദ്രന്റെ നിലപാട്.