കോഹ്‌ലിയുടെ അഭാവത്തിൽ ഇന്ത്യയെ കീഴടക്കി പരമ്പര സ്വന്തമാക്കാമെന്ന ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ സ്വപ്നങ്ങൾ പൊലിഞ്ഞു
നാലാം ടെസ്റ്റിനിറങ്ങിയ ഇന്ത്യയെ കോഹ്‌ലിയുടെ അഭാവത്തിൽ കീഴടക്കി പരമ്പര സ്വന്തമാക്കാമെന്ന ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ സ്വപ്നങ്ങൾ പൊലിഞ്ഞുപോയി. രണ്ടാം ഇന്നിങ്സിൽ അശ്വിനും ജഡേജയും ഉമേഷ് യാദവും വാശിയോടെ മൽസരിച്ചു പന്തെറിഞ്ഞപ്പോൾ
ഓസീസ് 137 റൺസിന് പുറത്ത്. മൂവരും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. ഓസീസ് ക്യാംപിലെ ഏറെ നിർണായകമായ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് ഭുവനേശ്വർ കുമാറും സ്വന്തമാക്കി. ഇന്ത്യ 32 റൺസിന്റെ ഒന്നാം ഇന്നിങ്സ് കരസ്ഥമാക്കിയിരുന്നു .
106 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 19 റൺസ് എന്ന നിലയിലാണ്. ലോകേഷ് രാഹുൽ(13), മുരളി വിജയ്(ആറ്) എന്നിവരാണ് ക്രീസിൽ. ഇനി ഇന്ത്യക്ക് ജയത്തിലേക്കുള്ള ദൂരം വെറും 87 റൺസ് മാത്രം. ആദ്യ ഓവറിൽ തന്നെ പാറ്റ് കുമ്മിൻസിനെ മൂന്നുതവണ അതിർത്തികടത്തികൊണ്ട് രാഹുൽ ഇന്ത്യയുടെ തീരുമാനം അറിയിച്ചു. മറ്റ് അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ നാളെ ഉച്ചഭക്ഷണത്തിനു മുമ്പ് പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.
32 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡു വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ ഓസീസിന് തുടക്കം മുതൽ പിഴയ്ക്കുകയായിരുന്നു. സ്കോർ 10 ൽ എത്തിയപ്പോൾ ഡേവിഡ് വാർണറിന്റെ വിക്കറ്റ് വീണു. ആ വീഴ്ചയിൽനിന്നു ഓസീസിന് ഒരിക്കൽപ്പോലും കരകയറാനും സാധിച്ചില്ല. 45 റൺസെടുത്ത മാക്സ്‍വെൽ ആണ് ഒാസീസിന്റെ ടോപ് സ്കോറർ. റെൻഷോ(എട്ട്), വാർണർ(ആറ്), ക്യാപ്റ്റൻ സ്മിത്ത്(17), ഹാൻഡ്സ്കോംപ്(18), ഷോൺ മാർഷ്(ഒന്ന്), എന്നിങ്ങനെയാണ് അവരുടെ മുൻനിര ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ.
നേരത്തെ 6ന് 248 എന്ന നിലയിൽ മൂന്നാം ദിനമായ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 332നു പുറത്തായിരുന്നു. അർധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയുടെ (63) മികവിലാണ് ഇന്ത്യ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയത്. 95 പന്തിൽ നാലു ഫോറും നാലു സിക്സറും ഉൾപ്പെടുന്നതാണ് ജഡേജയുടെ ഇന്നിങ്സ്.
ഏഴാം വിക്കറ്റിൽ ജഡേജയും വൃദ്ധിമാൻ സാഹയും ചേർന്ന് 96 റൺസ് കൂട്ടിച്ചേർത്തു. കരുതലേടെ കളിച്ച സാഹ 102 പന്തിൽ നിന്ന് 31 റൺസെടുത്തു. ഒാസീസിനായി നഥാൻ ലയൺ അഞ്ചുവിക്കറ്റും കമ്മിൻസ് മൂന്നു വിക്കറ്റും വീഴ്ത്തി. ഇന്നലെ കെ.എൽ. രാഹുൽ (60), ചേതേശ്വർ പൂജാര (57), എന്നിവർ അർധസെഞ്ചുറി നേടിയിരുന്നു.
ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 300 റൺസാണെടുത്തത്. നാലു മൽസരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോന്നു വീതം ജയിച്ച് സമനിലയിലാണ്.