കേരളത്തിൽ മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യതയുണ്ടെന്നു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ. ഇത് സംബന്ധിച്ച് സംസ്ഥാന ഇന്റലിജൻസിനു ഐ ബി മുന്നറിയിപ്പു നൽകി. കഴിഞ്ഞ വർഷം മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും നിലമ്പൂർ കരുളായി വനത്തിൽ കൊല്ലപ്പെട്ടതിനു പ്രതികാരം ചെയ്യുവാനാണ് മാവോയിസ്റ് ശ്രമം.വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം. നിലമ്പൂരിൽ മാവോയിസ്റ്റ് വേട്ടയ്ക്കു മേൽനോട്ടം വഹിച്ച മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് ദേവേഷ് കുമാർ ബെഹ്റയുടെ ജീവൻ അപകടത്തിലാണ് അതിനാൽ സുരക്ഷ ശക്തിപ്പെടുത്തണം എന്നീ നിർദ്ദേശങ്ങളാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകിയിരിക്കുന്നത്.
തൊണ്ണൂറോളം സായുധ മാവോയിസ്റ്റ് പ്രവർത്തകർ വയനാട്, അഗളി വനമേഖലകളിലായി തമ്പടിച്ചിട്ടുള്ളതായും ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട്. കരിങ്കൽ ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി കേരളത്തിലെ മാവോയിസ്റ്റ് പ്രവർത്തകർ സ്ഫോടകവസ്തുക്കൾ ശേഖരിച്ചിട്ടുണ്ട്. കേരളത്തിൽ ഒളിവിൽ കഴിയുന്ന ബോംബ് നിർമാണ വൈദഗ്ധ്യമുള്ള മാവോയിസ്റ്റ് പ്രവർത്തകർ സ്ഫോടന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായും വിവരമുണ്ട്. തിരക്കുള്ള സ്ഥലങ്ങളിലും വാഹനങ്ങളിലും ബോംബ് സ്ഫോടനം നടത്താൻ സാധ്യതയുണ്ട്.