കള്ളത്തരത്തെ സത്യമായി പ്രചരിപ്പിക്കുന്ന പരിപാടി മാധ്യമങ്ങള്‍ നിർത്തണം : മാര്‍ ക്രിസോസ്റ്റം

ക്രിസോസ്റ്റം

കള്ളത്തരത്തെ സത്യമായി പ്രചരിപ്പിക്കുന്ന പരിപാടി മാധ്യമങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപോലീത്ത. സത്യത്തെ സത്യമായി ജനങ്ങളില്‍ എത്തിക്കുകയാണ് മാധ്യമ ധർമ്മമെന്നു തിരുമേനി പറഞ്ഞു. മാര്‍ ക്രിസോസ്റ്റത്തിന്റെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മാരാമണ്ണിൽ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട പ്രസ് ക്ലബ്ബാണ് ചടങ്ങു സംഘടിപ്പിച്ചത്.

കാശ് കൊടുത്താണ് ജനങ്ങൾ പത്രം വാങ്ങുന്നത്. നിങ്ങള്‍ കള്ളം സത്യമാക്കി ഞങ്ങള്‍ക്ക് വില്‍ക്കുന്നു. സത്യം അന്വേഷിച്ച് മനസ്സിലാക്കി പൊതുജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാകാത്തവിധം കൊടുക്കണം. പത്രക്കാര്‍ സത്യത്തിന്റെ അടിമകളല്ല, സ്നേഹിതരാണ്. ചിലര്‍ അവര്‍ ആഗ്രഹിക്കുന്ന വിധം സത്യത്തെ രൂപപ്പെടുത്തുകയാണ്. അന്വേഷണത്തിന് പൂര്‍ണസ്വാതന്ത്യ്രവും സൌകര്യവും ഇല്ല. സത്യം ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അത് ലഭ്യമാക്കാനുള്ള ധർമ്മം പത്രങ്ങള്‍ക്കുണ്ട്.

നിങ്ങളൊക്കെ എന്നെപ്പറ്റി, നല്ല മനുഷ്യനാ, ഗുണമുള്ളയാളാ എന്നൊക്കെ എഴുതും. നിങ്ങള്‍ക്ക് തന്നെ അറിയാം ഇതൊന്നും ശരിയല്ലെന്ന്. നിങ്ങള്‍ എന്നെ നന്നാക്കാന്‍ ശ്രമിക്കാതെ ലോകത്തെ നന്നാക്കാന്‍ ശ്രമിക്കണം. സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന വിധം പ്രവര്‍ത്തിക്കണം.

ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ പത്തനംതിട്ട പ്രസ് ക്ലബ് തിരുമേനിയെ ആദരിച്ചു.