തിരുവന്തപുരത്തു പ്രമുഖ മൊബൈല്‍ വില്‍പ്പന കേന്ദ്രത്തില്‍ 20 ലക്ഷത്തോളം രൂപയുടെ കവര്‍ച്ച. 16,66000 രൂപ മൂല്യമുള്ള മൊബൈല്‍ ഫോണുകളും 1,91000 രൂപയും കവര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 7 അംഗ അന്തര്‍ സംസ്ഥാന സംഘമാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ആപ്പിള്‍ ഫോണുകള്‍, അനുബന്ധ ഉപകരണങ്ങള്‍, സാംസങ്, ഓപ്പോ എന്നീ കമ്പനികളുടെ മൊബൈലുകളാണ് മോഷ്ടിച്ചത്. ഫോണ്‍ എടുത്തശേഷം കവറുകള്‍ ഉപേക്ഷിച്ചിട്ടുണ്ട്. ഓവര്‍ബ്രിഡ്ജിനടത്ത് ഈ മോഷണസംഘം നില്‍ക്കുന്നതിനിടെ പൊലീസ് ജീപ്പ് സമീപത്തുകൂടെ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. പാലാരിവട്ടത്ത് 18 ലക്ഷത്തിന്റെയും കൊല്ലത്ത് 13 ലക്ഷത്തിന്റെയും ഫോണുകള്‍ ഈ മാസം ഇതേ രീതിയില്‍ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ സംഘം തന്നെയാണ് തിരുവനന്തപുരത്തും മോഷണം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ബിഹാറിലെ മോത്തിഹാരി സ്വദേശികളാണ് മോഷണസംഘത്തിലെന്ന് പൊലീസ് പറയുന്നു. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ നിന്നുള്ളവരാണ് ഇവര്‍. മോഷ്ടിക്കുന്ന ഫോണുകള്‍ നേപ്പാളിലേക്ക് കടത്തുകയാണ് ഇവര്‍ ചെയ്യുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. വിദേശത്തേക്ക് കടത്തിയാല്‍ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് കണ്ടെത്താനാകില്ലെന്നതാണ് പൊലീസിനെ കുഴക്കുന്നത്. പൊലീസ്, ഫൊറന്‍സിക് സംഘങ്ങള്‍ പ്രസ്തുത കടയില്‍ വിശദമായ പരിശോധന നടത്തി.
മൊബൈല്‍ വില്‍പ്പന കേന്ദ്രത്തില്‍ കവര്‍ച്ച; 20 ലക്ഷത്തോളം രൂപയുടെ നഷ്ടം
RELATED ARTICLES