ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പായിരുന്ന ബല്‍വന്ദ് സിംഗ് രജപുത് എംഎല്‍എ സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ബല്‍വന്ദിനൊപ്പം തേജശ്രീ പട്ടേല്‍, പിഐ പട്ടേല്‍ എന്നിവരും എംഎല്‍എ സ്ഥാനം രാജിവെച്ച് ബിജിപിയിലേക്ക് ചേക്കേറി. കഴിഞ്ഞ ദിവസം രാജിവെച്ച ശങ്കര്‍സിംഗ് വഗേലയുടെ ബന്ധുവാണ് ബല്‍വന്ദ് സിംഗ്. അടുത്ത് ദിവസം, രാജ്യസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശ പത്രിക ഇദ്ദേഹം സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്.
വ്യാഴാഴ്ച്ച വൈകുന്നേരമാണ് മൂന്ന് എംഎല്‍എമാരും സ്പീക്കര്‍ രമണ്‍ലാല്‍ വോറക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. പുതിയ അംഗങ്ങളെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയുണ്ടായി. രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് തിരുമാനിച്ചിരിക്കുന്ന സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിനെതിരെയായിരിക്കും ബല്‍വന്ദ് സിംഗ് മത്സരിക്കുക. മുന്‍ ബിജെപി നേതാവുകൂടിയായ ശങ്കര്‍ സിംഗ് വഗേല പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും വിലയിരുത്തലുകളുണ്ട്. പ്രധാന നേതാക്കള്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് വലിയ ക്ഷീണമാണ് വരും ദിവസങ്ങളില്‍ ഉണ്ടാക്കുക.