Friday, December 13, 2024
HomeNationalജിയോയുടെ മേധാവിത്വം തകർക്കാൻ എയർടെൽ ഒരുങ്ങുന്നു

ജിയോയുടെ മേധാവിത്വം തകർക്കാൻ എയർടെൽ ഒരുങ്ങുന്നു

ഉപഭോക്താക്കൾക്ക് എല്ലാം തികഞ്ഞ 4ജി അനുഭവം സമ്മാനിക്കുന്നതിൽ ഒരു കാര്യത്തിൽ മാത്രമേ എയർടെൽ, റിലയൻസ് ജിയോയുടെ പിന്നിലായിട്ടുള്ളൂ. അത് VoLTE യുടെ കാര്യത്തിലാണ്. പക്ഷേ ആ കുറവ് നികത്താൻ എയർടെൽ ഒരുങ്ങിക്കഴിഞ്ഞു. VoLTE ടെക്നോളജി അടുത്ത വർഷം ആദ്യത്തിൽ തന്നെ നടപ്പിലാക്കുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്.

എയർടെൽ 4 ജി, VoLTE പിന്തുണയോടെ വിവിധ ബ്രാൻഡ് സ്മാർട്ഫോണുകളിൽ എത്തുമെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. നടപ്പിലാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ടെക്നോളജിയാണ് VoLTE. ഇത് പരീക്ഷണ ഘട്ടത്തിലാണ്. ആറു മുതൽ ഒൻപത് മാസങ്ങൾക്കുള്ളിൽ VoLTE എല്ലാ സര്‍ക്കിളുകളിലും നടപ്പിലാക്കുമെന്നും സിഇഒ ഗോപൽ വിറ്റൽ പറഞ്ഞു

VoLTE സേവനം നൽകുന്നതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും എയർടെൽ നെറ്റ്‌വർക്കിൽ സജ്ജമാക്കികഴിഞ്ഞു. പക്ഷേ, VoLTE സേവനത്തിന് യോജിച്ച ഡിവൈസുകളില്‍ൽ ചിലത് ‘അവസാന നിമിഷ’ പരീക്ഷണങ്ങളിലാണെന്നാണ് വിവരം.

വിവിധ ബ്രാൻഡുകളുടെ സ്മാർട്ഫോണുകളിൽ കമ്പനി ഇപ്പോൾ VoLTE പരീക്ഷിച്ചുവരികയാണ്. ജിയോണിയാണ് ഈ പരീക്ഷണങ്ങൾ വിജകരമായി പൂർത്തിയാക്കിയ സ്മാർട്ട് ഫോൺ ബ്രാൻഡുകളിലൊന്ന്. ജിയോണിയുടെ ആദ്യ VoLTE P7 ഉൾപ്പടെയുള്ള വിവിധ മോഡലുകൾ എയർടെൽ VoLTE യ്ക്ക് യോജിച്ചവയാണെന്ന് കണ്ടെത്തി.

നിലവിൽ റിലയൻസ് ജിയോ മാത്രമാണ് രാജ്യത്ത് VoLTE അഥവാ വോയ്‌സ് ഓവർ LTE സേവനം വാഗ്ദാനം ചെയ്യുന്നത്. ഡേറ്റ നെറ്റ്‌വർക്കിലൂടെയാണ് VoLTE ലഭ്യമാകുന്നത്. ഇതിൽ കോളുകൾ ചെയ്യുന്നതും ഇന്റർനെറ്റ് പ്രോട്ടോകോൾ (ഐ.പി) മുഖേനയാണ്. ഈ സേവനം നൽകുന്നതിന് ഓപ്പറേറ്റർമാർക്ക് വളരെ തുച്ഛമായ ചെലവേ വരുന്നുള്ളൂ. VoLTE നടപ്പിലായാൽ എയർടെൽ നിരക്കുകൾ ഇനിയും കുറച്ചേക്കുമെന്നാണ് കരുതുന്നത്.

ജിയോ തങ്ങളുടെ വരിക്കാർക്ക് പരിധിയില്ലാത്ത സൗജന്യ കോളുകൾ നൽകുന്നതിന്റെ രഹസ്യം VoLTE ടെക്നോളജിയായിരുന്നു. എയർടെലിനെ പോലെ ഇന്ത്യൻ വിപണിയിൽ മേധാവിത്വം പുലർത്തിയിരുന്ന നെറ്റ്‌വവർക്കുകളിൽ നിന്ന് ജിയോയിലേക്ക് വരിക്കാരുടെ ഒഴുക്കുണ്ടാകാനും ഇതിടയാക്കി.

നവംബറിൽ, രാജ്യമെമ്പാടും നെറ്റ്‌വർക്കിൽ VoLTE സൗകര്യം സജ്ജമാക്കുന്നതിന് എയർടെൽ നോക്കിയയുമായി 402 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചിരുന്നു. റിലയൻസ് ജിയോയുടെ വരവോടെയാണ് എയർടെൽ ഇക്കാര്യം സജീവമാക്കിയത്. എയർടെൽ തങ്ങളുടെ കരുത്തുറ്റ 4 ജി നെറ്റ്‌വർക്ക് ഉയർത്തിക്കാട്ടി കാര്യക്ഷമതയും വേഗതയും അവകാശപ്പെടുമ്പോൾ ചെലവ് കുറഞ്ഞ ഡേറ്റ സേവനവും സൗജന്യ വോയ്‌സ് കോളുകളുമാണ് റിലയൻസ് ജിയോ ഉയർത്തിക്കാട്ടുന്നത്.

VoLTE അവതരിപ്പിക്കുന്നതിലൂടെ തങ്ങളുടെ ഉപഭോക്താക്കൾക്കും സൗജന്യ വോയ്സ് കോളുകൾ നൽകാൻ കഴിയുന്ന സ്ഥിതിയിലേക്ക് എയർടെലിനെ എത്തിക്കും. ഇതിലൂടെ ഇന്ത്യൻ ടെലികോം രംഗത്തെ ആധിപത്യം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എയർടെൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments