Friday, April 26, 2024
HomeCrimeദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നു പോലീസ്

ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നു പോലീസ്

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരായ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ വെളിപ്പെടുത്തി. ദിലീപിന്‍റെ അഞ്ചാം ജാമ്യഹർജി കോടതി പരിഗണിക്കുന്പോഴാണ് നടനെതിരേയുള്ള തെളിവുകൾ പ്രോസിക്യൂഷൻ നിരത്തിയത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നും ജാമ്യം നൽകരുതെന്നും മുൻപത്തെ സ്ഥിതി മാറിയിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദമുഖം നിരത്തുകയായിരുന്നു. ജാമ്യഹർജി വിധി പറയാൻ കോടതി മാറ്റി.

ഒന്നരക്കോടി രൂപയാണ് നടിയെ ആക്രമിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്താൻ പ്രധാന പ്രതിയായ പൾസർ സുനിക്ക് ദിലീപ് വാഗ്ദാനം ചെയ്തിരുന്നത്. പോലീസ് പിടിച്ചാൽ ഇത് മൂന്ന് കോടി രൂപ നൽകാമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഇതുവഴി ദിലീപിന് 65 കോടി രൂപയുടെ നേട്ടമുണ്ടാകുമായിരുന്നു. എന്നാൽ നേട്ടം എങ്ങനെയുണ്ടാകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയില്ല. ദിലീപാണ് ഈ ക്വട്ടേഷൻ നൽകിയത് എന്ന് പത്താം പ്രതിയും സുനിയുടെ സഹതടവുകാരനുമായ വിപിന്‍റെ മൊഴിയിൽ നിന്നും വ്യക്തമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. മാത്രമല്ല, കേസിലെ പ്രധാന സാക്ഷിയെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചതിന്‍റെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. ദിലീപിനെതിരേ മൊഴി നൽകിയിരിക്കുന്നയാളെ ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവന്‍റെ ഡ്രൈവർ സുധീർ നിരവധി തവണ ഫോണിൽ വിളിച്ചതിന്‍റെ രേഖയാണ് പോലീസിന്‍റെ കൈവശമുള്ളത്. സുധീർ നാൽപ്പതിലേറെ തവണ ഇയാളെ വിളിച്ചുവെന്നും സ്വാധീനിക്കാൻ ശ്രമിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ വാദം. ദിലീപിനെതിരേ പ്രധാന സാക്ഷിയായി പോലീസ് കണ്ടെത്തിയയാൾ കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ മാനേജരാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

കേസിൽ 21 പേരുടെ രഹസ്യമൊഴി ഇതുവരെ രേഖപ്പെടുത്തി കഴിഞ്ഞു. ഇതിൽ സിനിമാ മേഖലയിൽ നിന്നുള്ളവരുമുണ്ട്. സിനിമാ മേഖലയിലെ നാല് പ്രമുഖരുടെ കൂടി മൊഴി രേഖപ്പെടുത്തുമെന്നും അന്വേഷണം തുടരുകയാണെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. എന്നാൽ പ്രോസിക്യൂഷൻ വാദത്തിനിടെ കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ എവിടെയെന്ന് കോടതി ആരാഞ്ഞു. ഇതാണ് അന്വേഷണ സംഘം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നാണ് പ്രോസിക്യൂഷൻ മറുപടി നൽകി. അന്വേഷണം ഏത് ഘട്ടത്തിലാണെന്ന കോടതിയുടെ ചോദ്യത്തിന് നിർണായക ഘട്ടത്തിലാണെന്നും ദിലീപിന് ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments