Friday, April 26, 2024
HomeKeralaസുപ്രീംകോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ

സുപ്രീംകോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ. കണ്ണൂരില്‍ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് കോടതിക്കെതിരെ രൂക്ഷ വിമര്‍ശവുമായി അമിത് ഷാ രംഗത്തെത്തിയത്. ശരണം വിളിച്ചുകൊണ്ടാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. സുപ്രീംകോടതിയ്‌ക്കെതിരെ തുറന്ന വെല്ലുവിളി നടത്തിയ അമിത് ഷാ വിധി അപ്രായോഗികമാണെന്ന് വിമര്‍ശിച്ചു. കോടതികള്‍ അപ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ നിന്ന് പിന്‍മാറണമെന്നായിരുന്നു സുപ്രീംകോടതിയെ വെല്ലുവിളിച്ച് അമിത് ഷാ പറഞ്ഞത്.

കോടതികള്‍ നടപ്പാക്കാനാകുന്ന വിധി പറഞ്ഞാല്‍ മതിയെന്ന് അമിത് ഷാ ആഞ്ഞടിച്ചു. ഒരു മൗലികാവകാശം ഉറപ്പാക്കാന്‍ മറ്റൊരു മൗലികാവകാശം ഹനിയ്ക്കണമെന്ന് പറയാന്‍ കോടതിയ്ക്ക് എങ്ങനെ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. ഈ വിധി അംഗീകരിക്കാന്‍ കഴിയില്ല. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുകയാണ് ഈ കോടതി വിധി. സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പാക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.

കോടതി ഉത്തരവ് അനുസരിച്ച് എന്തൊക്കെയാണ് നടപ്പാക്കിയതെന്ന് ചോദിച്ച ബിജെപി ദേശീയ അധ്യക്ഷന്‍, ശബരിമലയുടെ പേരില്‍ വിശ്വാസികളെ ദ്രോഹിക്കുന്ന നടപടി അനുവദിക്കില്ലെന്നും ഭക്ത ജനങ്ങളെ അടിച്ചൊതുക്കുന്ന സര്‍ക്കാര്‍ നടപടി തീക്കളിയാണെന്നും കോടതിയോ സര്‍ക്കാരോ വിശ്വാസത്തില്‍ കയറി കളിക്കരുതെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി.

ശബരിമല ഭക്തരെ അടിച്ചൊതുക്കി ആചാരങ്ങളും അനുഷ്ടാനങ്ങളും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ കേരളത്തിലെ സര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ തയ്യാറാവേണ്ടിവരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments